കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാകുന്നു

To advertise here,

കരുളായി : റോഡരികിൽ വളർന്നുനിൽക്കുന്ന കാടുകൾ അപകടഭീഷണിയുയർത്തുന്നു.

മലയോരപാതയ്ക്കരികിലും ഗ്രാമീണ റോഡുകളുടെ ഇരുവശത്തും വളർന്നുനിൽക്കുന്ന കാടാണ് കാൽനടക്കാർക്കും ബൈക്ക് യാത്രികർക്കും പ്രയാസം സൃഷ്ടിക്കുന്നത്. മലയോരപാതയിൽ പലയിടത്തും നടപ്പാതകളും കഴിഞ്ഞ് കാടുകൾ റോഡിലേക്ക് തള്ളിനിൽക്കുന്നുണ്ട്.

ഇക്കാരണത്താൽ പ്രഭാതസവാരിക്കാരും സ്കൂൾകുട്ടികളുമടക്കമുള്ള കാൽനടക്കാരും റോഡിലൂടെ കയറിനടക്കേണ്ട അവസ്ഥയിലാണ്. ഇത് വാഹനങ്ങളോടിക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വളവുള്ള സ്ഥലങ്ങളിൽ ഈ ചെറിയ കാടുകൾ റോഡിലെ കാഴ്ചകൾ മറയ്ക്കുന്നുണ്ട്. കൂടാതെ ചിലസ്ഥലങ്ങളിൽ ആനത്തൊട്ടാവാടി പോലെ മുള്ളുള്ള ചെടികൾ റോഡിലേക്ക് വളർന്നുനിൽക്കുന്നുണ്ട്.

വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇരുചക്രവാഹനങ്ങളിലുള്ളവരുടെ ദേഹത്ത് മുൾച്ചെടി തട്ടുകയും ചെയ്യുന്നതായി പരാതിയുണ്ട്. കരുളായി പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ അരികിലേക്ക് ഒതുങ്ങിനിൽക്കാൻ പറ്റാത്തത്ര കാടുവളർന്നിട്ടുണ്ട്.

ഇത് വലിയ പ്രയാസമുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു.

നേരത്തേ തൊഴിലുറപ്പുപദ്ധതിയിൽപ്പെടുത്തി ഇവ വെട്ടിത്തെളിച്ച് വൃത്തിയാക്കിയിരുന്നു. തൊഴിലുറപ്പിൽ ഈ പ്രവൃത്തിചെയ്യാൻ പറ്റാതായതോടെയാണ് റോഡരികുകളിൽ കാട് വളർന്നതെന്നു പറയുന്നു. ചിലയിടങ്ങളിൽ സൂചനാ ബോർഡുകളിലേക്കും ഈ കാടുകൾ പടർന്നുകയറിയിട്ടുണ്ട്.

പൂക്കോട്ടുംപാടം മുതൽ എടക്കര വരെയുള്ള മലയോര പാതയ്ക്കരികിൽ മിക്കയിടങ്ങളിലും റോഡരികിൽ കാടുകയറിയിട്ടുണ്ട്.

കാടുകൾ വെട്ടിമാറ്റി കാൽനടയാത്രയും വാഹനയാത്രയും സുരക്ഷിതമാക്കുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.