പുനലൂർ : നഗരസഭയുടെയും പിറവന്തൂർ പഞ്ചായത്തിന്റെയും അതിർത്തി പ്രദേശവും വനമേഖലയുമായ പത്തുപറയിൽ വീണ്ടും കാട്ടാനയുടെ വിളയാട്ടം. വ്യാഴാഴ്ച പുലർച്ചെ പത്തുപറ പാലം കടന്നെത്തിയ കാട്ടാന കൃഷിയിടങ്ങളിൽ നാശം വിതച്ചു. വാഴകളും കവുങ്ങുകളും റമ്പൂട്ടാൻ അടക്കമുള്ള വിളകളും കുത്തിമറിച്ചു.
പത്തുപറ മച്ചക്കാട്ട് വീട്ടിൽ ഓമനാജേക്കബിന്റെ കൃഷിയിടത്തിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ഇവരുടെ 30-ലധികം വാഴകൾ ആന നശിപ്പിച്ചു. കവുങ്ങുകളിൽ കിളിർത്തുവന്ന അടയ്ക്കാക്കുലകൾ വലിച്ചിട്ടു. ഒട്ടേറെ റമ്പൂട്ടാൻ മരങ്ങളും താറുമാറാക്കി. ശബ്ദംകേട്ട് ഉണർന്ന ഓമനാജേക്കബും പരിസരവാസികളും ചേർന്ന് ടോർച്ച് തെളിച്ചും ശബ്ദമുണ്ടാക്കിയും ആനയെ വനത്തിലേക്ക് കയറ്റിവിട്ടു.
പത്തുപറയിലും തൊട്ടുചേർന്ന വിളക്കുവെട്ടത്തും ചാലിയക്കരയിലും കാട്ടാനയുൾെപ്പടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം വർധിച്ചുവരികയാണ്. രാത്രിയിൽ കൃഷിയിടങ്ങളിലിറങ്ങുന്ന ആനകളും കാട്ടുപന്നികളും വിളകൾ കുത്തിമറിക്കുന്നു. കാട്ടാനകളെ തുരത്താൻ കഴിഞ്ഞ ഡിസംബറിൽ, എം.എൽ.എ.യായിരുന്ന പി.എസ്. സുപാലിന്റെ നിർദേശപ്രകാരം വിളക്കുവെട്ടം, പത്തുപറ പ്രദേശങ്ങളിൽ വനംവകുപ്പ് അധികൃതർ 'എലിഫന്റ് ഡ്രൈവ്' നടത്തിയിരുന്നു.
പത്തനാപുരം റേഞ്ച് ഓഫീസർ ടി.കെ. മനോജിന്റെ നേതൃത്വത്തിൽ 40-ഓളം വരുന്ന വനംവകുപ്പ് അധികൃതരും പ്രാഥമിക പ്രതികരണസംഘവും (പി.ആർ.ടി.), ദ്രുതപ്രതികരണ സംഘവും (ആർ.ആർ.ടി.) നാട്ടുകാരും ചേർന്ന് ആറുസംഘങ്ങളായി തിരിഞ്ഞാണ് ഡ്രൈവ് നടത്തിയത്. എന്നാൽ ഇതുകൊണ്ട് ഫലമുണ്ടായില്ല. പത്തുപറയിൽനിന്ന് ഏറെ അകലെയല്ലാത്ത കറവൂർ വനമേഖലയിൽനിന്നാണ് കാട്ടാനയെത്തുന്നതെന്നാണ് അധികൃതരുടെ നിഗമനം. വിളക്കുവെട്ടത്തിനു സമീപം തെന്മല പഞ്ചായത്തിൽപ്പെട്ട ഉപ്പുകുഴി, മാമ്പഴത്തറ ഭാഗങ്ങളിൽ മിക്കപ്പോഴും കാട്ടാനശല്യമുണ്ടാകാറുണ്ട്. ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന ഇവ കൃഷി നശിപ്പിക്കുന്നത് പതിവാണ്.
Published: 13 Nov 2026, 02:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented