മത്സ്യബന്ധനമേഖലയിലെ പദ്ധതികൾ
കൊല്ലം : വലിയ ട്രോളറുകൾ ഉപയോഗിച്ച് ആഴക്കടലിൽനിന്ന് മത്സ്യം പിടിക്കാനും അതിനെ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനും കേരളത്തിലെ സഹകരണമേഖലയ്ക്ക് കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ സഹായം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണവകുപ്പുമന്ത്രി അമിത് ഷാ. നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ദേശീയസമ്മേളനം കുണ്ടറ മുളവനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണപ്രസ്ഥാനം ശക്തമായ സംസ്ഥാനമാണ് കേരളം. മികച്ചരീതിയിൽ പ്രവർത്തിക്കുന്ന 23,000-ത്തിലധികം സഹകരണസ്ഥാപനങ്ങൾ ഇവിടെയുണ്ട്. അവയുടെ വളർച്ചയ്ക്ക് സഹായം നൽകാൻ കേന്ദ്രം തയ്യാറാകും. വിശാലമായ കടൽത്തീരവും ജലാശയങ്ങളുമുള്ള കേരളത്തിൽ ബ്ളൂ ഇക്കോണമി വികസനത്തിനും സാധ്യതയേറെയാണ്. ഇതേപ്പറ്റിയുള്ള ചർച്ചകൾക്ക്, വേദിയിലുണ്ടായിരുന്ന സഹകരണമന്ത്രി എം. ലിജുവിനെ, അമിത് ഷാ ഡൽഹിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
നരേന്ദ്രമോദി സർക്കാർ സഹകരണ മന്ത്രാലയം രൂപവത്കരിച്ചതോടെ സ്ത്രീശാക്തീകരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എൻ.സി.സി.എഫ്., നാഫെഡ് തുടങ്ങിയ ഏജൻസികൾവഴി ശാക്തീകരണപദ്ധതികൾ നടപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു.
വനിതം ഷീ മാർട്ട് ഷോപ്പുകളുടെ ഉദ്ഘാടനം, വനിതാ കർഷകർക്ക് ഉഴുന്ന്, കടല എന്നിവയുടെ വിത്തുവിതരണം, കർഷകരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു. കിലോ 35 രൂപ സബ്‌സിഡി നിരക്കിൽ സവാള വിൽക്കുന്നതിനുള്ള മൊബൈൽ വാനുകളുടെ ഫ്ളാഗ് ഓഫും അദ്ദേഹം നടത്തി.
കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, എൻ.കെ. പ്രേമചന്ദ്രൻ എം.പി., മന്ത്രിമാരായ എം. ലിജു, പി.സി. വിഷ്ണുനാഥ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ., എൻ.സി.സി.എഫ്. ചെയർമാൻ വിശാൽ സിങ്, മാനേജിങ് ഡയറക്ടർ അനീസ് ജോസഫ് ചന്ദ്ര എന്നിവർ പ്രസംഗിച്ചു.
കരുവന്നൂരിനെ പരാമർശിച്ച് സുരേഷ് ഗോപി
: കരുവന്നൂർ നിക്ഷേപത്തട്ടിപ്പിന് ഇരയായവർക്ക് നഷ്ടമായ തുക തിരികെ ലഭ്യമാക്കാൻ അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം പ്രകൃതിവാതകവകുപ്പ് മന്ത്രി സുരേഷ് ഗോപി. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവക കണ്ടുകെട്ടിയ വകയിലുള്ള 100 കോടിയിലധികം രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൈയിലുണ്ട്.
ഈ തുക ഹൈക്കോടതി പറഞ്ഞിട്ടും നിക്ഷേപകർക്ക് മടക്കിനൽകാൻ സർക്കാർ തയ്യാറായിട്ടില്ല. കഠിനവും ക്രൂരവുമായ നടപടിയാണിത്. ഈ വിഷയത്തിൽ കേന്ദ്ര സഹകരണവകുപ്പുമന്ത്രി കൂടിയായ അമിത് ഷാ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Published: 27 Sept 2026, 02:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented