ചടയമംഗലം : കെ.എസ്‌.ആർ.ടി.സി. ഡിപ്പോയിൽ ഡ്രൈവർമാരുടെ പ്രതിസന്ധി തുടരുന്നത് യാത്രാക്ലേശം വർധിപ്പിച്ചു. പ്രിയദർശിനി പദ്ധതി തുടങ്ങിയതോടെ വരുമാനത്തിൽ വലിയ കുതിപ്പ് നടത്തിയ ഡിപ്പോയ്ക്ക് നിശ്ചയിച്ചു നൽകിയ ടാർജറ്റിനും അപ്പുറമുള്ള നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നിരിക്കെയാണ് ഓണക്കാലത്തും തുടർന്നും അഞ്ച് സർവീസുകൾ ഡ്രൈവർമാരുടെ കുറവുമൂലം റദ്ദാക്കേണ്ടിവന്നത്.

To advertise here,

തുടർച്ചയായി സർവീസുകൾ റദ്ദാക്കുന്നത് ഗ്രാമീണമേഖലകളിൽ യാത്രാക്ലേശം രൂക്ഷമാക്കി. സ്ഥിരം ജീവനക്കാരായ ഡ്രൈവർമാരുടെ എണ്ണം 60-ൽ താഴെ മാത്രമാണ്. ഓപ്പറേറ്റ് ചെയ്യപ്പെടുന്ന ഷെഡ്യൂളുകൾക്ക് ആനുപാതികമായി ഡ്രൈവർമാർ ഇല്ലാത്തത് സർവീസ് നടത്തിപ്പിനെ ബാധിക്കുന്നുണ്ട്.

ശമ്പളവിതരണത്തിലെ അനിശ്ചിതത്വം ദിവസവേതനജീവനക്കാരായ ഡ്രൈവർമാരുടെ കൊഴിഞ്ഞുപോക്കിനും കാരണമാകുന്നു.വിദൂരങ്ങളിൽനിന്ന് സ്ഥലംമാറ്റം കിട്ടി വന്നവരുടെ തിരിച്ചുപോക്കിനനുസരിച്ച് ഡ്രൈവർ നിയമനം നടക്കാത്തതും പ്രതിസന്ധിക്കു കാരണമാകുന്നതായി ജീവനക്കാർ പറയുന്നു.ടിക്കറ്റിതര വരുമാനമാർഗമായ യാത്രാ ഫ്യുവൽസും ഡ്രൈവിങ് സ്കൂളും നല്ലനിലയിലാണ് മുന്നോട്ടുപോകുന്നത്. വരുമാനത്തിലും, കൂടുതൽ പേർക്ക് ലൈസൻസ് നേടിക്കൊടുക്കുന്നതിലും സംസ്ഥാനത്തുതന്നെ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ ഒന്നാണ് ചടയമംഗലം ഡ്രൈവിങ്‌ സ്കൂളിനുള്ളത്.

ഡിപ്പോയ്ക്ക് വികസനസാധ്യതകളേറെ

:എം.സി. റോഡിന്റെ ഓരത്ത് ജനകീയക്കൂട്ടായ്മയിൽ തുടങ്ങിയ ഡിപ്പോ വികസനം കാത്തിരിക്കുന്നു. ഡിപ്പോയുടെ മുൻഭാഗത്തായി വ്യാപാരസമുച്ചയം, കഫെറ്റീരിയ, ശൗചാലയസമുച്ചയം തുടങ്ങിയവ അടിയന്തരാവശ്യമാണ്. ഡിപ്പോ പ്രവർത്തിക്കുന്ന കെട്ടിടം ജീർണാവസ്ഥയിലാണ്‌. അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. തകർന്ന ജനാലകളും നന്നാക്കണം.