പുനലൂർ :പുനലൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംരക്ഷണസേന(ആർ.പി.എഫ്.)യുടെ ഔട്ട്പോസ്റ്റിന് പുതിയ കെട്ടിടമായി. നിലവിലെ ഔട്ട്പോസ്റ്റിനു പിന്നിൽ ആധുനികസൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. ഇതിൽ ഉടൻ പ്രവർത്തനം തുടങ്ങും.

To advertise here,

അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയ പാർക്കിങ് കേന്ദ്രത്തിനു സമീപത്താണ് ഔട്ട്പോസ്റ്റ് കെട്ടിടം പൂർത്തിയായിരിക്കുന്നത്. 1,900 ചതുരശ്രയടിയിൽ ഒരു നിലയിലാണ് കെട്ടിടം. ഇതിൽ സബ് ഇൻസ്പെക്ടർക്കും സേനാംഗങ്ങൾക്കുമുള്ള മുറികൾ, രണ്ട് സെല്ലുകൾ, വസ്ത്രം മാറുന്നതിനുള്ള മുറി, പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ശൗചാലയങ്ങൾ, വരാന്ത തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.

കെട്ടിടത്തിലേക്കുള്ള 80 മീറ്റർ നീളത്തിലുള്ള റോഡിനും ചുറ്റുമതിലിനും ഉൾപ്പെടെ മുഴുവൻ നിർമാണപ്രവൃത്തികൾക്കുമായി 92 ലക്ഷം രൂപയാണ് റെയിൽവേ അനുവദിച്ചിരുന്നത്. ഇതിൽ നിർമാണം കഴിഞ്ഞ് ബാക്കിയുള്ള തുകയ്ക്ക് കെട്ടിടത്തിനു മുകളിൽ പ്രത്യേക മേൽക്കൂരയുൾ​െപ്പടെ നിർമിക്കും.

മൂന്നുപതിറ്റാണ്ടിലധികം പഴക്കംചെന്ന കെട്ടിടത്തിലാണ് നിലവിൽ ആർ.പി.എഫ്. ഔട്ട്പോസ്റ്റ് പ്രവർത്തിക്കുന്നത്. 650 ചതുരശ്രയടി വിസ്തൃതിയുള്ള, മുൻപ് റെയിൽവേയുടെ സ്റ്റോർമുറിയായിരുന്ന കെട്ടിടം ചെങ്കോട്ടയിലെ ആർ.പി.എഫ്.സ്റ്റേഷനു കീഴിലുള്ള ഔട്ട്പോസ്റ്റായി ഉപയോഗിക്കുകയായിരുന്നു.

തകരഷീറ്റ് മേഞ്ഞ, നിന്നുതിരിയാൻ ഇടമില്ലാത്ത ഈ കെട്ടിടത്തിലാണ് കാലങ്ങളായി സ്ത്രീകളുൾ​െപ്പടെയുള്ള സേനാംഗങ്ങൾ ജോലിചെയ്യുന്നത്. സ്റ്റേഷനു പുതിയ കെട്ടിടം നിർമിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരുവർഷംമുൻപാണ് ഇതിനു നടപടിയായത്.

സ്ഥലം കണ്ടെത്താനും ഡ്രോയിങ് തയ്യാറാക്കാനും ഉൾ​െപ്പടെയുണ്ടായ കാലതാമസം പ്രവൃത്തി വീണ്ടും വൈകിച്ചു. കഴിഞ്ഞകൊല്ലം ഓഗസ്റ്റിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്.

നിശ്ചയിച്ച കാലാവധി പൂർത്തിയാകുംമുൻപാണ് നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ താക്കോൽ കരാറുകാർ ശനിയാഴ്ച അധികൃതർക്ക് കൈമാറും.