ഗജപൂജയും ആനയൂട്ടും കണ്ടുതൊഴാൻ ആയിരങ്ങളെത്തി

To advertise here,

കൊട്ടാരക്കര :മഹാഗണപതിക്ഷേത്രത്തിൽ വിനായകചതുർഥി ഭക്തമനസ്സുകൾക്ക് ആഘോഷമായി. പുലർച്ചെ ആരംഭിച്ച 1,008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമംമുതൽ പൂജകൾ കണ്ടുതൊഴാൻ വലിയ ഭക്തജനത്തിരക്കായിരുന്നു. ഗണപതിഹോമത്തിന് തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, മേൽശാന്തി വി.യു.ബിനു, കീഴ്ശാന്തി ബിനു നമ്പൂതിരി തുടങ്ങിയവർ കാർമികത്വം വഹിച്ചു. ഗജപൂജയ്ക്കുമുൻപായി രാവിലെ 9.30-ന് ദേവസ്വം അസി. കമ്മിഷണർ പി.എസ്.വിഷ്ണു ഗജമുത്തച്ഛൻ കൃഷ്ണൻകുട്ടിയുടെ പ്രതിമയ്ക്കു മുന്നിൽ നിലവിളക്ക് കൊളുത്തി.

ഗജവീരന്മാർ പ്രതിമയെ അഭിവാദ്യംചെയ്തു. തുടർന്നു നടന്ന ഗജപൂജയും ആനയൂട്ടും ചടങ്ങിന് വിനായക ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. വിനായക എസ്. അജിത്കുമാർ ദീപംതെളിച്ചു. വലിയ ഉരുളയാക്കിയ മധുരവും കരിമ്പും നേന്ത്രപ്പഴവും ശർക്കരയും പഴവർഗങ്ങളുമെല്ലാം ആനയൂട്ടിൽ ഭക്തർ നൽകിയ വിഭവങ്ങളായി.

വിനായകചതുർഥി നാളിൽമാത്രം ലഭിക്കുന്ന മോദകം നിവേദ്യവും ഗണപതിയുടെ ഇഷ്ടവഴിപാടായ ഉണ്ണിയപ്പവും വാങ്ങി മനംനിറഞ്ഞാണ് ഭക്തർ മടങ്ങിയത്. വൈകീട്ട് സാംസ്‌കാരികസമ്മേളനവും മഹാഗണപതിയുടെ പുറത്തെഴുന്നള്ളത്തും നടത്തി. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജി. മുരളീധരൻപിള്ള, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ വിനോദ്കുമാർ, ക്ഷേ​േത്രാപദേശകസമിതി പ്രസിഡന്റ് ജെ.കെ. ഗോപകുമാർ, സെക്രട്ടറി എസ്. സുരേഷ്‌കുമാർ, വൈസ് പ്രസിഡന്റ് വിനോദ്കുമാർ, സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ചടയമംഗലം :കുരിയോട് തിരുവായ്ക്കോട് മഹാവിഷ്ണുക്ഷേത്രത്തിൽ വിനായകചതുർഥിയോടനുബന്ധിച്ച്‌ മേൽശാന്തി സന്തോഷ് രാമവർമയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു. വയയ്ക്കൽ ദുർഗാക്ഷേത്രത്തിൽ നടന്ന അഷ്ടദ്രവ്യ മഹാഗണപതിഹോമത്തിന്‌ ക്ഷേത്രം മേൽശാന്തി കെ.നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

വെള്ളൂപ്പാറ ഗണപതിക്ഷേത്രത്തിൽ വിനായകചതുർഥി മഹാഗണപതിഹോമം, ഉരുൾനേർച്ച, ഉണ്ണിയപ്പം പൊങ്കാല, നവകപൂജ, നവകാഭിഷേകം, സർവൈശ്വര്യപൂജ, നൈവേദ്യപൂജ എന്നിവയോടെ നടത്തി.

ചടയമംഗലം കുഞ്ഞയ്യപ്പക്ഷേത്രം, മഹാദേവക്ഷേത്രം, മരങ്ങാട്ടുകോണം ഗോശാലകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളിലും വിനായകചതുർഥി ആഘോഷിച്ചു. കോട്ടുക്കൽ മഞ്ഞിപ്പുഴ നാഗരാജാക്കാവിൽ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും വിശേഷാൽ പൂജകളും നടത്തി.

വിനായകചതുർഥിയോടനുബന്ധിച്ച് ചെറിയവെളിനല്ലൂർ ആയിരവില്ലി ക്ഷേത്രത്തിൽ നടത്തിയ മഹാഗണപതിഹോമത്തിന്‌ ക്ഷേത്രം പ്രസിഡൻറ് ആർ. ജ്യോതികുമാർ ദീപം തെളിച്ചു. മേൽശാന്തി ശരത് ശിവശൈലം കാർമികത്വം വഹിച്ചു.