കൊല്ലം : കടൽ കാണാനും വിനോദത്തിനുമായി കൊല്ലം ബീച്ചിലെത്തുന്ന സന്ദർശകർക്ക് അപകടഭീഷണിയേറുന്നു. അപകടങ്ങളും സുരക്ഷാവീഴ്ചകളും ഒട്ടേറെ ജീവനുകൾ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കെത്തിച്ചിട്ടും നടപടികൾ കടലാസിൽ മാത്രമൊതുങ്ങി. ഞായറാഴ്ച ബീച്ചിൽ എത്തിയ മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. രക്ഷിക്കാനിറങ്ങിയ ഒരാളുടെ ജീവൻ നഷ്ടമാവുകയും ചെയ്തു. അവധിദിവസങ്ങളിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന സ്ഥലമാണ് കൊല്ലം ബീച്ച്.
മുന്നറിയിപ്പുകൾ വകവെയ്ക്കാതെ...
അപകടങ്ങൾ തുടർക്കഥയായിട്ടും ബീച്ചിലെത്തുന്ന സന്ദർശകർ മിക്കപ്പോഴും അപകടമുന്നറിയിപ്പുകൾ വകവെയ്ക്കാറില്ലെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു. ബീച്ചിലെത്തിയാൽ കടലിലിറങ്ങി കാൽ നനയ്ക്കാനാണ് ഏറെപ്പേർക്കും ആവേശം. കടലിലേക്കിറങ്ങുന്നതിന് കർശന നിയന്ത്രണമുണ്ട്. ലൈഫ് ഗാർഡുകൾ വിലക്കിയാലും മിക്കപ്പോഴും പലരും വകവെയ്ക്കാറില്ല.
അപകടമുന്നറിയിപ്പ് വകവെയ്ക്കാതെ ചെറിയ കുട്ടികളുമായിപോലും രക്ഷിതാക്കൾ കടലിലേക്കിറങ്ങുന്നത് പതിവാണ്. അപകടമേഖലയിലേക്ക് കടക്കുന്നത് ഒഴിവാക്കാനായി കെട്ടിയ റിബൺ ചാടിക്കടന്നാണ് പലരും കടലിലേക്കിറങ്ങുന്നത്. ഓണാവധിക്കാലത്ത് ദൂരസ്ഥലങ്ങളിൽനിന്നുപോലും ആയിരക്കണക്കിനാളുകളാണ് ബീച്ചിലെത്തിയത്. രാത്രിയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കടലേറ്റത്തിൽ ബീച്ചിന്റെ ഏറെക്കുറെ ഒലിച്ചുപോയി. കരയോട് ചേർന്നുള്ള ഭാഗത്ത് പലയിടത്തും ആഴക്കൂടുതലാണ്. ഇവിടെ സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് മിക്കവരും ഇറങ്ങുന്നത്. മുൻപും ഒട്ടേറെത്തവണ ഒഴുക്കിൽപ്പെട്ട് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
കൊല്ലം ബീച്ചിലെ ശക്തമായ കടലേറ്റവും തീരശോഷണവും തടയുന്നതിനായി ജിയോ ട്യൂബ് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നു. ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്‌നോളജിയുടെ ശാസ്ത്രീയമായ പഠനങ്ങളുടെയും ഐ.ഐ.ടി. ചെന്നൈ തയ്യാറാക്കിയ വിശദമായ പദ്ധതിരേഖയുടെയും അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. 10 കോടി രൂപയാണ് പദ്ധതിച്ചെലവ്.
തീരത്തുനിന്ന് ഏകദേശം 200 മീറ്റർമാറി കടലിനു സമാന്തരമായി, ആഴം കുറഞ്ഞ ഭാഗത്ത് മൂന്ന് ജിയോ ട്യൂബുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പ്രത്യേകം സിന്തറ്റിക് തുണികൊണ്ട് നിർമിച്ച ഈ ട്യൂബുകളിൽ കടലിൽനിന്നുതന്നെ ഖനനംചെയ്യുന്ന മണൽ നിറച്ച് ഉറപ്പിച്ചുനിർത്തും.
കൂറ്റൻ തിരമാലകളെത്തുമ്പോൾ ഇത് ജിയോ ട്യൂബുകളിൽ തട്ടി ശക്തി കുറയുന്നു. ഇത് തിരയോടൊപ്പം ഒഴുകിവരുന്ന മണൽത്തരികൾ തീരത്ത് അടിഞ്ഞുകൂടാൻ സഹായിക്കും. പദ്ധതി വർഷങ്ങൾക്കുമുൻപേ തുടങ്ങിയെങ്കിലും സാങ്കേതിക കുരുക്കിൽപ്പെട്ട് വൈകി.
സുരക്ഷാസംവിധാനങ്ങൾ പേരിന്
ബീച്ചിലെ സുരക്ഷാസംവിധാനങ്ങൾ പേരിനു മാത്രം. ലൈഫ് ഗാർഡുകളുടെയും മത്സ്യത്തൊഴിലാളികളുടെയും സമയോചിതമായ ഇടപെടലുകളാണ് പലപ്പോഴും ജീവൻ നഷ്ടമാകാതെ കാക്കുന്നത്. സന്ദർശകരുടെ എണ്ണത്തിനനുസരിച്ച് ലൈഫ് ഗാർഡുകളുമില്ല. മുന്നറിയിപ്പ് നൽകുന്നതിനായി മൈക്ക് പോലുള്ള ഉപകരണങ്ങളുമില്ല. ലൈഫ് ഗാർഡുകളുടെ സേവനം വൈകീട്ട് ഏഴുവരെ മാത്രമാണ് ലഭിക്കുന്നത്.
ഗാബിയൻ ഭിത്തിയും തകർന്നു
ശക്തമായ തിരയടിച്ച് ബീച്ചിൽ നിർമിച്ചിരുന്ന കൂറ്റൻ സംരക്ഷണഭിത്തി(ഗാബിയൻ ഭിത്തി)യും തകർന്നിരിക്കുകയാണ്. കനത്ത മഴയും കടലേറ്റവും രൂക്ഷമായതോടെയാണ് പ്രത്യേകം നിർമിച്ച ലോഹവലയിൽ അടുക്കിയിരുന്ന കരിങ്കല്ലുകൾ കൊണ്ടുള്ള ഭിത്തി തകർന്നത്.
Published: 16 Sept 2026, 01:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented