ആലപ്പാട് : ഗ്രാമപ്പഞ്ചായത്തിന് സുനാമി റെഡി അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. 14, 15, 16 വാർഡുകളിലാണ് മോക്ഡ്രിൽ നടന്നത്. യുനെസ്‌കോയുടെ കീഴിലുള്ള ഇന്റർ ഗവൺമെന്റൽ ഓഷ്യനോഗ്രഫിക് കമ്മിഷൻ (ഐ.ഒ.സി.), ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായാണ് സുനാമി റെഡി പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷയായ കളക്ടർ ആനി ജൂലാ തോമസിന്റെ മേൽനോട്ടത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി മുന്നറിയിപ്പ് കൈമാറൽ, ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കൽ, അടിയന്തര പ്രതികരണസംവിധാനം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവയുൾപ്പെടെ പരിശോധിച്ചു.
രാവിലെ 9.30-ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലേക്ക് സുനാമി ജാഗ്രതാ നിർദേശം ലഭിച്ചതോടെ മോക്ഡ്രില്ലിന് തുടക്കമായി. കിടപ്പുരോഗികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, വയോധികർ അടക്കമുള്ളവരെ അഗ്നിരക്ഷാസേനയുടെയും ആപ്ദമിത്ര സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ ആംബുലൻസുകളിലേക്ക് മാറ്റി. വൈദ്യസഹായം ലഭ്യമാക്കാനായി ആരോഗ്യപ്രവർത്തകരും എത്തിയിരുന്നു. ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകി, പഞ്ചായത്തും ഫിഷറീസ് വകുപ്പും വാഹനങ്ങളിൽ അനൗൺസ്‌മെന്റ് നടത്തി.
ആലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയശ്രീ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർകൂടിയായ എ.ഡി.എം. എസ്. സജീദ്, കരുനാഗപ്പള്ളി തഹസിൽദാർ ബോസ് ഫ്രാൻസിസ്, കരുനാഗപ്പള്ളി എ.സി.പി. വിനോദ്കുമാർ, സി.ഐ. ഗോപകുമാർ, നീണ്ടകര കോസ്റ്റൽ സി.ഐ. രാജൻ ബാബു, കരുനാഗപ്പള്ളി ഫയർ സ്റ്റേഷൻ ഓഫീസർ പി.ജി. ദിലീപ്കുമാർ എന്നിവർ നേതൃത്വം നൽകി. ജില്ലാപഞ്ചായത്ത് അംഗം വരുൺ ആലപ്പാട്, നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ഒ. ബിന്ദു, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് പ്രേം ജി. പ്രകാശ്, പദ്ധതിയുടെ അക്കാദമിക പങ്കാളികളായ അമൃത വിശ്വവിദ്യാപീഠം പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. മോക്ഡ്രില്ലിനുശേഷം അവലോകനയോഗവും ചേർന്നു.
Published: 16 Sept 2026, 01:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented