പുത്തൂർ : ഇരുകൈകളും ബന്ധിച്ച് 10 മണിക്കൂറും 11 മിനിറ്റും വെള്ളത്തിലൂടെ നീന്തി കിഷോർ മനോഹർ (28). ആഴമേറിയ പാങ്ങോട് ചിറയിലായിരുന്നു ഈ സാഹസികപ്രകടനം.

To advertise here,

ഞായറാഴ്ച 7.50-ന് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ കൈകൾ കെട്ടിയാണ് കിഷോർ വെള്ളത്തിലേക്കിറങ്ങിയത്. വൈകീട്ട് ചിറയ്ക്കു ചുറ്റും നിറഞ്ഞ കാഴ്ചക്കാരുടെ കരഘോഷങ്ങളോടെ 6.01-ന് കരയിലേക്കെത്തി. മലർന്നുകിടന്ന് കാലുകളുടെ പ്രത്യേകതരം ചലനങ്ങൾകൊണ്ടായിരുന്നു നീന്തൽ.

ദൗത്യം പൂർത്തിയാക്കി കരയിലെത്തിയ കിഷോറിന് സ്വീകരണവും അനുമോദനവും ഒരുക്കിയിരുന്നു. പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജെ.കെ. വിനോദിനി, വാർഡ് അംഗങ്ങളായ ലാവണ്യ, ബിന്ദു, ജയന്തിഭായി, പാങ്ങോട് കുഴിക്കലിടവക ക്ഷേത്രോദ്ധാരണസമിതി, പാങ്ങോട് പബ്ലിക് ലൈബ്രറി, പാങ്ങോട് യുവജനങ്ങൾ, കർമ ചാരിറ്റബിൾ ഫൗണ്ടേഷൻ എന്നിവയും സ്വീകരണത്തിൽ പങ്കുചേർന്നു.

മുൻപ് രണ്ടുമണിക്കൂർ നേരം ഇത്തരത്തിൽ നീന്തിയിരുന്നു. സിവിൽ എൻജിനിയറിങ്ങ് ബിരുദധാരിയായ കിഷോർ, നൂറനാട് പായനല്ലൂർ കാരുണ്യയിൽ ഇറിഗേഷൻ വകുപ്പിൽനിന്ന് വിരമിച്ച മനോഹരന്റെയും സുധാമണിയുടെയും മകനാണ്. അച്ഛന്റെ ജോലിസംബന്ധമായി താമസിക്കുന്ന കാലത്ത് മണിയാർ ഡാമിന്റെ പരിസരങ്ങളിലാണ് നാലാംവയസ്സുമുതൽ കിഷോർ നീന്തൽ ആരംഭിച്ചത്. കിഷോറിന് പിന്തുണയുമായി സഹോദരൻ വിഷ്ണു മനോഹരനും ഒപ്പമുണ്ട്.