ആലപ്പാട് : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പാട് തീരത്ത് തിരമാലകളുയർന്ന് കരയിലേക്കു കയറി. ശനിയാഴ്ച രാത്രിയിൽ ആരംഭിച്ച പ്രതിഭാസം ഞായറാഴ്ച ഉച്ചവരെ നീണ്ടു. തിരമാലകൾ ചെറിയഴീക്കലിൽ വടക്കേനട ഭഗവതിക്ഷേത്രത്തിലെ മതിലുകളിലും കടന്ന് ക്ഷേത്രപരിസരത്തു കയറി. സി.എഫ്.എ. ഗ്രൗണ്ടിലും തിരമാലകൾ ഇരച്ചുകയറി. കുഴിത്തുറ, ആലപ്പാട് സെന്റർ, സ്രായിക്കാട് തീരങ്ങളിലും തിരമാലകൾ റോഡിലേക്ക് ഇരച്ചുകയറി. കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന കേന്ദ്ര സമുദ്രപഠനവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ തീരദേശജനത ജാഗ്രതയിലായിരുന്നു.
മുതുകുളം : കള്ളക്കടൽ പ്രതിഭാസംമൂലമുണ്ടായ കടലേറ്റം ആറാട്ടുപുഴയിൽ ദുരിതം വിതച്ചു. വെള്ളിയാഴ്ച മുതൽ സാധ്യതാ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഞായറാഴ്ച പുലർച്ചെയോടെയാണ് കടൽകയറി ഒഴുകാൻ തുടങ്ങിയത്. വലിയഴീക്കൽ, അഴീക്കോടൻ നഗർ, തറയിൽക്കടവ്, പെരുമ്പള്ളി, വട്ടച്ചാൽ, കള്ളിക്കാട്, എ.സി. പള്ളി ജങ്ഷൻ, കാർത്തിക ജങ്ഷൻ, പത്തിശ്ശേരി ജങ്ഷൻ എന്നീ ഭാഗങ്ങളിലെല്ലാം കടലേറ്റദുരിതമുണ്ടായി. കള്ളക്കടൽ പ്രതിഭാസമായതിനാൽ ഇടവിട്ടടവിട്ടാണ് തിരയടിച്ചുകയറിയത്.
റോഡിനു പടിഞ്ഞാറുഭാഗത്തുള്ള വീടുകളിൽ കടൽവെള്ളം കെട്ടിനിൽക്കുന്നത് താമസക്കാരെയെല്ലാം ഏറെ കഷ്ടത്തിലാക്കി. തീരദേശറോഡ് കവിഞ്ഞ് കിഴക്കോട്ട് വെള്ളമൊഴുകിയത് കടൽത്തീരത്തുനിന്ന് അകലെ താമസിക്കുന്നവരെപ്പോലും ബുദ്ധിമുട്ടിച്ചു. റോഡിൽ മണൽമൂടിയത് വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശറോഡിലെ ഗതാഗതത്തെയും ബാധിച്ചു. കടൽഭിത്തി ദുർബലപ്രദേശങ്ങളിലാണ് ഏറെ പ്രയാസമുണ്ടായത്.
പെരുമ്പള്ളി ജങ്ഷന് വടക്കുഭാഗത്ത് ഞായറാഴ്ച രാവിലെ ഒൻപതോടെ ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഇവിടെ സാഹസപ്പെട്ട് കടന്നുപോകാൻ ശ്രമിച്ച വാഹനങ്ങൾ പലതും മണ്ണിൽ താഴ്ന്നു. പിന്നീട്, നാട്ടുകാരും യാത്രക്കാരും ചേർന്ന് ഏറെ ശ്രമകരമായാണ് വാഹനം തള്ളിക്കയറ്റിവിട്ടത്.
മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനായി വിവിധ സ്ഥലങ്ങളിൽനിന്ന് അമൃതപുരിയിലേക്ക് ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി വന്നത്. ഇവയെല്ലാം വഴിയിൽ കുടുങ്ങിയതോടെ റോഡിൽ നീണ്ടനിരതന്നെ രൂപപ്പെട്ടു. ഉടൻ പഞ്ചായത്തധികാരികൾ ഇടപെട്ട് യന്ത്രമുപയോഗിച്ച് മണ്ണ് നീക്കംചെയ്താണ് വാഹനങ്ങൾ കടത്തിവിട്ടത്.
കടൽഭിത്തി ദുർബലമായ പെരുമ്പള്ളിയിലെ സ്ഥിതി ആശങ്കാജനകമാണ്. ചെറിയ തിരയേറ്റത്തിൽപ്പോലും ഗതാഗതം മുടങ്ങുന്ന സാഹചര്യമാണ്. താത്കാലികാശ്വാസം എന്നനിലയിൽ രണ്ടുവർഷം മുൻപ് സ്ഥാപിച്ച ജിയോബാഗ് ഭിത്തി ഏകദേശം പൂർണമായും നശിച്ചു. ഇപ്പോൾ, കടൽ നേരേ തീരദേശ റോഡിലേക്കാണ് അടിച്ചുകയറുന്നത്. റോഡും ഇവിടെ തകരുകയാണ്.
ആറാട്ടുപുഴ എ.സി. പള്ളി ജങ്ഷൻ മുതൽ കാർത്തിക ജങ്ഷൻ വരെ പലയിടങ്ങളിലും റോഡ് മണ്ണിനടിയിലായി. കാർത്തിക ജങ്ഷനിൽ വലിയതോതിൽ മണലും വെള്ളവും നിറഞ്ഞതും ഗതാഗതത്തെ ബാധിച്ചു. ഈ ഭാഗത്ത് ശക്തമായാണ് വെള്ളം ഒഴുകിക്കയറിയത്. മഅദിൻ കാന്പസിന്റെ നേതൃത്വത്തിൽ ഞായറാഴ്ച തുടങ്ങുന്ന സ്വലാത്ത് മജ്‌ലിസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എ.സി. പള്ളി ഭാഗത്ത് നിർമിച്ച സ്റ്റേജ് കടലേറ്റംമൂലം പൊളിച്ചുനീക്കി മറ്റൊരിടത്ത് സ്ഥാപിക്കേണ്ടിവന്നു.
Published: 28 Sept 2026, 01:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented