ചാലക്കുടി : ചാലക്കുടിപ്പുഴയ്ക്കു കുറുകേയുള്ള റെയിൽവേ പാലത്തിന്റെ വടക്ക് സംരക്ഷണഭിത്തി കെട്ടുന്നു. പാലത്തിന്റെ വടക്ക് പാലം അവസാനിക്കുന്ന ഭാഗത്താണ് കരയോടുചേർന്ന സംരക്ഷണഭിത്തി ഒരുക്കുന്നത്. വടക്കുകിഴക്ക് സംരക്ഷണഭിത്തി പൂർത്തിയായി. ഇവിടെ മണ്ണിട്ടുനിറയ്ക്കലാണ് ബാക്കിയുള്ളത്. വടക്കുപടിഞ്ഞാറ് സംരക്ഷണഭിത്തിയാണ് ഇപ്പോൾ കെട്ടുന്നത്. പുഴയുടെ നിരപ്പിൽനിന്ന് കെട്ടിയുയർത്തി കൊണ്ടുവരുകയാണ്.

To advertise here,

2018-ലെ പ്രളയത്തിൽ പാലത്തിന്റെ ഇരുകരകളിലുമുള്ള സംരക്ഷണഭിത്തി ഒലിച്ചുപോയിരുന്നു. പ്രളയം കഴിഞ്ഞ ഉടൻ ഇരുഭാഗത്തും സംരക്ഷണഭിത്തി കെട്ടിയെങ്കിലും വീണ്ടും ഇടിഞ്ഞു. തെക്ക് പിന്നീടു കെട്ടിയ സംരക്ഷണഭിത്തി നിലനിന്നു. എന്നാൽ, വടക്ക് നിലനിന്നില്ല. തീവണ്ടി ഈ ഭാഗത്തെത്തുമ്പോൾ വേഗം കുറച്ചാണ് ഓടിക്കൊണ്ടിരുന്നത്. തുടർന്നാണ് പുഴഭാഗത്തുനിന്നു കെട്ടിസംരക്ഷിച്ച് മുകളിൽവരെ എത്തിക്കുന്നത്. കമ്പികെട്ടി സംരക്ഷണഭിത്തി ബലമായി ഒരുക്കാനാണ് ശ്രമം. അടിത്തറ കോൺക്രീറ്റിടൽ പൂർത്തിയായിട്ടുണ്ട്. ഒന്നരമാസംകൊണ്ട് പൂർണമായും പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.