ചടയമംഗലം : തിരക്കേറിയ എം.സി. റോഡിൽ എവിടെ തിരിഞ്ഞാലും അനധികൃത വാഹന പാർക്കിങ്. കണ്ടിട്ടും കാണാതെ മോട്ടോർ വാഹന വകുപ്പും പോലീസും. നാൾക്കുനാൾ വാഹനാപകടം വർധിക്കുന്ന സാഹചര്യത്തിലാണ് അനധികൃത പാർക്കിങ് പെരുകുന്നത്.
കഴിഞ്ഞ ദിവസം നിലമേൽ ശബരിഗിരി സ്കൂളിനു സമീപത്തെ പാർക്കിങ് വലിയ വിമർശത്തിനിടയാക്കി. ടോറസ് ലോറി ഉൾപ്പടെയുള്ളവയാണ് നിരനിരയായി എം.സി. റോഡിൽ പാർക്ക് ചെയ്യുന്നത്. ഇത് അപകടസാധ്യത ഇരട്ടിയാക്കി.
കാൽനടയാത്രക്കാരായ വിദ്യാർഥികളും വയോധികരും ഭയന്ന് പാതയിലെ യാത്ര ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ഒരാഴ്ചമുൻപ് ഈ ഭാഗത്ത് ഓട്ടോ നിയന്ത്രണംവിട്ട് ടിപ്പറിന്റെ പിന്നിലിടിച്ച് ഓട്ടോ ഡ്രൈവർ മരിക്കുകയും രണ്ട് സ്ത്രീത്തൊഴിലാളികൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മുരുക്കുമൺ സ്വദേശി നാസിമുദ്ദീനാണ് മരിച്ചത്. സ്ഥിരം അപകടമേഖലയായ പ്രദേശത്താണ് അനധികൃത പാർക്കിങ് വർധിക്കുന്നത്. മുരുക്കുമൺ, പുതുശ്ശേരി, കുരിയോട്, നെട്ടേത്തറ, വാഴോട് അപകടമേഖലകളിൽ അമിതവേഗമാണ് വില്ലനായി മാറുന്നത്.
ചടയമംഗലം വൈദ്യുതി ഓഫീസിനു സമീപവും ആയൂർ പാലത്തിനടുത്തെ പഴയ എം.സി. റോഡും അപകടങ്ങളുടെ സിരാകേന്ദ്രമാകുന്നുണ്ട്. പാലത്തിനു സമീപം വാഹനപരിശോധനയ്ക്കായി കിലോമീറ്ററുകളാണ് വാഹനം നിരയായി കിടക്കുന്നത്. ടിപ്പറുകളുടെയും ലോറികളുടെയും പാർക്കിങ്ങും യാത്രാതടസ്സം സൃഷ്ടിക്കുന്നു. ഇതും അപകടസാധ്യത ഏറെ വർധിപ്പിച്ചു. കഴിഞ്ഞ ദിവസം ചടയമംഗലത്ത് കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ചും കാറുകൾ കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു.
എം.സി. റോഡിലെ പല സ്ഥലവും അപകടകേന്ദ്രമാകുന്നതിനിടെയാണ് വാഹന പാർക്കിങ് തുടരുന്നത്. ഇത് തടയുന്നതിന് അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Published: 15 Oct 2026, 02:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented