ശാസ്താംകോട്ട : ശൂരനാട് വടക്ക് ഓണമ്പള്ളി പാടശേഖരത്തിലെ നിലംനികത്തൽ കൃഷിനടത്തിപ്പിന് പ്രതിസന്ധിയുണ്ടാക്കുന്നു. ഏലാ പാതയോട്‌ ചേർന്നുള്ള പാടം നികത്തുന്നതാണ് കൃഷിക്ക് തടസ്സമാകുന്നത്.

To advertise here,

ഏലാ നികത്തുന്നതിന് ഹൈക്കോടതിയുടെ നിരോധനം നിലനിൽക്കേ നടക്കുന്ന പ്രവൃത്തികൾ കൃഷിവകുപ്പും റവന്യൂവകുപ്പും കണ്ടില്ലെന്നു നടിക്കുകയാണ്. ഏറെക്കാലമായി ഒരുപ്പൂകൃഷിയാണ് നടക്കുന്നത്. അത് മുതലാക്കി തന്ത്രപരമായാണ് ഓണമ്പള്ളിയിൽ നികത്തൽ നടക്കുന്നത്. കൊയ്ത്ത് കഴിയുന്നതോടെ പാതയോട് ചേർന്നുള്ള പാടങ്ങളിൽ ഉടമകൾ പണകോരും. പിന്നാലെ കൊത്തിക്കിളച്ച് വാഴയും ഇടവിളയും കൃഷി ചെയ്യും.

പരാതിയും പ്രതിഷേധവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതോടെ ക്രമേണ കരമണ്ണും ഗ്രാവലും ഇറക്കും. മേൽമണ്ണ് ഉറയ്ക്കുന്നതിനാണെന്ന് ബോധ്യപ്പെടുത്തും. തുടർന്ന് തെങ്ങും കവുങ്ങും നടുകയും കരഭൂമിയാക്കുകയുമാണ് രീതി.

അഞ്ചുസെന്റ് നികത്തി വീട് വയ്ക്കുന്നിന് അനുവാദം നേടുകയാണ് അടുത്ത ഘട്ടം. അതോടെ പാടം ഡേറ്റാ ബാങ്കിന് പുറത്താകുകയും ഏലാ കരഭൂമിയായി പരിഗണിക്കപ്പെടുകയും ചെയ്യും.

പാടത്തേക്കുള്ള വഴി അടയുന്നു

പാറക്കടവ്-പാതിരിക്കൽ പാത ഓണമ്പള്ളി ഏലായിലൂടെയാണ് പോകുന്നത്. നിലവിൽ ഏലായുടെ തെക്കുഭാഗം വൻതോതിൽ നികത്തി. ശേഷിക്കുന്നത് വടക്കുഭാഗമാണ്. അവിടെ ഇത്തവണ ഭൂരിഭാഗം നിലങ്ങളിലും ഞാറുനട്ടു. പാതയോട് ചേർന്നുള്ള ഭാഗങ്ങൾ നികത്തുന്നതോടെ കൃഷിക്ക് ആവശ്യമായ സാധനങ്ങൾ ഏലായിൽ എത്തിക്കാൻ കഴിയാത്ത സ്ഥിതിയായി. പൂട്ട് യന്ത്രവും കൊയ്ത്തുമെതി യന്ത്രവും ഇറക്കണമെങ്കിൽ വ്യക്തികളുടെ നികത്തൽ ഭൂമിയിലൂടെ വേണം. അവർ തടഞ്ഞാൽ നടക്കില്ല.

വിത്തും വളവും എത്തിക്കുന്നതും പ്രയാസപ്പെട്ടാണ്. ശേഷിക്കുന്ന പാടങ്ങൾ നികത്തുന്നത് തടയാനും ഒരു നടപടിയുമുണ്ടാകുന്നില്ല. തുക്കത്തിലേ തടഞ്ഞില്ലെങ്കിൽ അവശേഷിച്ച പാടങ്ങൾകൂടി മൺമറയുമെന്നാണ് കർഷകർ പറയുന്നത്.

നികത്തുന്നത് നിരോധനം ലംഘിച്ച്

കുന്നത്തൂർ താലൂക്കിന്റെ നെല്ലറയായിരുന്ന ഓണമ്പള്ളി ഏലാ എല്ലാ നിയമങ്ങളും കാറ്റിൽപറത്തി കാലങ്ങളായി നികത്തുകയാണ്. ഏലാ നികത്തുന്നത് നിരോധിച്ചുകൊണ്ട് 1999-ൽ ഹൈക്കോടതി ഉത്തരവായി. എന്നിട്ടും രാഷ്ട്രീയ-ഉദ്യോഗസ്ഥ പിൻബലത്തിൽ നികത്തൽ തുടരുകയാണ്. 100 ഏക്കറിലധികം വിസ്തൃതിയുണ്ടായിരുന്ന ഓണമ്പള്ളി നികത്തി, മൂന്നിലൊന്നായി ചുരുങ്ങി.

ജില്ലയിൽ ആദ്യമായി കർഷകക്കൂട്ടായ്മയിൽ കൃഷി വിജയിപ്പിച്ചതിന് 1999-ൽ ഏറ്റവും നല്ല ഏലായ്ക്കുള്ള നെൽക്കതിർ അവാർഡും ലഭിച്ചിരുന്നു.