കൊട്ടാരക്കര : മൈലം പഞ്ചായത്ത് സ്റ്റേഡിയം (കാരൂർ സ്റ്റേഡിയം) നിർമാണം പുനരാരംഭിച്ചു. ആദ്യ കരാറുകാരനെ നീക്കംചെയ്യുകയും പുതിയ കരാർ നൽകുകയും ചെയ്തതോടെയാണ് നിർമാണങ്ങൾക്ക് വീണ്ടും തുടക്കമായത്.
എം.സി. റോഡരികിൽ മൈലം കാരൂർ ചിറയോടു ചേർന്നുള്ള പൊതുകളിസ്ഥലമാണ് രണ്ടുകോടി രൂപ ചെലവിൽ സ്റ്റേഡിയമാക്കി മാറ്റുന്നത്. ഗ്രൗണ്ടിനു ചുറ്റും ഭിത്തി കെട്ടുകയും വേലി സ്ഥാപിക്കുകയും ചെയ്തതിനു പിന്നാലെ നിർമാണം മുടങ്ങുകയായിരുന്നു. എം.സി. റോഡ് നിരപ്പിൽ തറ ഉയർത്താൻ വേണ്ട മണ്ണ് ലഭിക്കാത്തത് പ്രധാന കാരണമായി.
കൊട്ടാരക്കര ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയം നിർമാണത്തിന്റെ ഭാഗമായി അധികം വന്ന മണ്ണ് മൈലം സ്റ്റേഡിയം നിർമാണത്തിനായി ലഭ്യമാക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. പുതിയ കരാർ നൽകിയതോടെ സ്റ്റേഡിയത്തിനു സമീപത്തുള്ള സ്വകാര്യ പുരയിടത്തിൽനിന്ന് നീക്കംചെയ്ത മണ്ണ് ലഭ്യമാക്കി തറയൊരുക്കി.
അദ്യം തയ്യാറാക്കിയ രൂപകല്പനയിൽ പഞ്ചായത്ത് ചില മാറ്റങ്ങൾ നിർദേശിച്ചു. ലഘുഭക്ഷണശാല, ഇൻഡോർ സ്റ്റേഡിയം, എം.സി. റോഡ് ഭാഗത്ത് ഫെൻസിങ്, ഇടതുവശത്തെ റോഡിൽനിന്ന് വെള്ളം സ്റ്റേഡിയത്തിലേക്ക് ഒഴുകാതിരിക്കാനാവശ്യമായ നീർച്ചാൽ, ശൗചാലയസമുച്ചയം, കാരൂർച്ചിറ നവീകരണം തുടങ്ങി നിരവധി നിർമാണങ്ങൾ അവശേഷിക്കുന്നു. പഞ്ചായത്ത് നിർദേശിച്ച മാറ്റങ്ങൾകൂടി ഉൾപ്പെടുമ്പോൾ അടങ്കൽ തുക ഉയരാനും സാധ്യതയുണ്ട്. അന്തിമാനുമതി ലഭിച്ചാൽ ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്ന് കരാറുകാർ പറയുന്നു.
സ്പോർട്‌സ് കേരള ഫൗണ്ടേഷൻ മേൽനോട്ടത്തിലാണ് നിർമാണം. കുളം നവീകരണം ഉൾപ്പെടെ ഒന്നരക്കോടിയുടെ നിർമാണമാണ് നടത്തുന്നത്. 25 മീറ്റർ നീളത്തിലും 16 മീറ്റർ വീതിയിലുമുള്ള ഇൻഡോർ സ്റ്റേഡിയം ബാഡ്മിന്റൺ, കുട്ടികളുടെ പരിശീലനം എന്നിവയ്ക്ക് ഉപയോഗിക്കാൻ കഴിയുംവിധമാകും. എം.സി. റോഡിന്റെ വശത്ത് എട്ടുമീറ്റർ ഉയരത്തിൽ ഫെൻസിങ് നടത്തും.
സ്റ്റേഡിയത്തിന്റെ സ്ഥലം പൂർണമായി വിനിയോഗിക്കാൻ കഴിയുംവിധമുള്ള ചില മാറ്റങ്ങളാണ് പഞ്ചായത്ത് നിർദേശിച്ചതെന്നും പുതുക്കിയ രൂപരേഖയ്ക്കുള്ള അനുമതി വേഗത്തിൽ ലഭ്യമാക്കുമെന്നും മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ചന്ദ്രശേഖർ പറഞ്ഞു.
Published: 26 Nov 2026, 02:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented