റോഡ് കുറുകേ കടക്കാൻ സീബ്രാവരയില്ല

To advertise here,

അഞ്ചാലുംമൂട് :ജങ്‌ഷനിലെ ഗതാഗതനിയന്ത്രണസംവിധാനം പാളിയതോടെ അപകടം അരികെയെന്ന് പരാതി. കടവൂർ ബൈപ്പാസിലെ ഗതാഗതക്കുരുക്ക് തുടങ്ങിയതോടെയാണ് അഞ്ചാലുംമൂട്ടിലെ ഗതാഗതനിയന്ത്രണസംവിധാനം പാളിയത്. അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലും എൽ.പി.സ്‌കൂളിലുമായി മൂവായിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കൊല്ലം-തേനി ദേശീയപാത കടന്നുപോകുന്നത് സ്‌കൂളിനു മുന്നിലൂടെയാണ്.

കുട്ടികൾക്ക് റോഡ് കുറുകേ കടക്കാനുള്ള സീബ്രാവരയില്ലാത്തതാണ് മുഖ്യപ്രശ്‌നം. ഇവിടെ ഗതാഗതനിയന്ത്രണത്തിനും വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ സുരക്ഷിതമായി റോഡ് കുറുകേ കടത്തിവിടുന്നതിനുമായി സ്‌പെഷ്യൽ പോലീസിനെ നിയോഗിച്ചിരുന്നു. എന്നാൽ ബൈപ്പാസിലെ കടവൂർ ഭാഗത്തുള്ള രൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി അഞ്ചാലുംമൂട്ടിൽ നിയോഗിച്ചിരുന്ന സ്‌പെഷ്യൽ പോലീസിനെ അവിടേക്കു മാറ്റി. ഇതോടെ ഇവിടെ ഗതാഗതനിയന്ത്രണത്തിന്‌ ആരുമില്ലാത്ത സ്ഥിതിയാണ്.

സ്‌കൂൾസമയം ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും അഞ്ചാലുംമൂട് ജങ്‌ഷനിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇവിടെ വിദ്യാർഥിനികളെ സഹായിക്കാൻ വനിതാ പോലീസിനെ നിയോഗിക്കണമെന്ന ആവശ്യം പോലീസ് കേട്ടമട്ട് കാണിച്ചിട്ടില്ല. അഞ്ചാലുംമൂട് ബസ്‌ ബേയിൽ അന്യവാഹനങ്ങൾ പാർക്ക്‌ ചെയ്യരുതെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ഗൗനിക്കാറില്ല. ഗതാഗതനിയന്ത്രണത്തിന് അടിയന്തര നടപടി വേണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.