രണ്ടുവർഷംമുൻപ് മരംമുറിച്ചത് കുറ്റി നിലനിർത്തിക്കൊണ്ട്

To advertise here,

പുനലൂർ : കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട്ട് വാഹനങ്ങൾക്ക് കെണിയൊരുക്കിനിന്ന മരം മുറിച്ചുനീക്കിയെങ്കിലും രണ്ടുകൊല്ലത്തിനുശേഷവും അപകടമൊഴിയുന്നില്ല. നാലടിയിലേറെ പൊക്കമുള്ള കുറ്റി നിർത്തിക്കൊണ്ടാണ് മരം മുറിച്ചത്. ഈ കുറ്റി പൂർണമായും നീക്കംചെയ്യാത്തത് ഇവിടെ വീണ്ടും അപകടത്തിന് സാധ്യതയേറ്റുകയാണ്. മണ്ഡലകാലം ആരംഭിക്കുന്നതോടെ വാഹനസാന്ദ്രത വർധിക്കുന്ന സാഹചര്യത്തിൽ ഈ മരക്കുറ്റി വീണ്ടും അപകടഭീഷണിയാകുന്നു.

വാളക്കോട്ട് റെയിൽവേ മേൽപ്പാലത്തിനുസമീപം സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിക്കടുത്തുനിന്ന കൂറ്റൻ പാലമരത്തിന്റെ കുറ്റിയാണ് അരയാൾ പൊക്കത്തിൽ നിലനിർത്തിയിരിക്കുന്നത്. നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് രണ്ടുവർഷംമുൻപാണ് മരം മുറിച്ചത്.

2023 നവംബറിൽ ഈ മരത്തിൽ ബൈക്കിടിച്ചുകയറി ദേശീയ കായികതാരവും സ്പെഷ്യൽ ആംഡ് പോലീസിൽ ഹവിൽദാറുമായിരുന്ന പുനലൂർ സ്വദേശി ഓംകാർ നാഥ് (25) മരണപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതോടെ മരം മുറിച്ചുനീക്കണമെന്ന ആവശ്യം ശക്തമായി.

റോഡിലേക്ക് തള്ളിനിൽക്കുന്ന മരം മുറിച്ചുനീക്കണമെന്ന് ഈ അപകടത്തിനും നാളുകൾക്കുമുൻപുതന്നെ, വാളക്കോട് വില്ലേജ് ഓഫീസർ മരാമത്തുവകുപ്പിന്റെ ദേശീയപാതാ വിഭാഗം അധികൃതരോട് പലതവണ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. മരം വാഹനയാത്രക്കാർക്ക് അപകടമുണ്ടാക്കുന്നെന്ന് ജനകീയ വില്ലേജ് സമിതിയോഗം നിരന്തരം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞ്‌ മരത്തിന്റെ മുകളിലെ കൊമ്പുകൾ കോതിനിർത്തുക മാത്രം ചെയ്തു. ഇതിനുശേഷം ദിവസങ്ങൾക്കുള്ളിലാണ് അപകടം നടന്നതും യുവാവ് മരിച്ചതും. വീണ്ടും ഒരു വർഷമെടുത്തു മരം മുറിക്കാൻ.

എന്നാൽ ഇതിന്റെ കുറ്റി നീക്കംചെയ്യാൻ അധികൃതർ മിനക്കെട്ടില്ല. ഫലത്തിൽ മരംമുറിച്ചതുകൊണ്ടും പ്രയോജനമില്ല എന്നതാണ് സ്ഥിതി.

ദേശീയപാതയിൽ തന്നെ ഏറ്റവും വീതികുറഞ്ഞ ഈ ഭാഗത്ത് കുറ്റി നിലനിർത്തിയിരിക്കുന്നതിനാൽ അപകടസാധ്യത ഒഴിയുന്നില്ല. നിലവിൽ റോഡിന്റെ വശങ്ങളിൽ കാടുവളർന്നതിനാൽ രാത്രികാലങ്ങളിൽ ഈ മരക്കുറ്റി ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുകയില്ല.

മണ്ഡലകാലത്ത് രാപകൽ ഭേദ​െമന്യേ നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിൽ വീണ്ടും അപകടങ്ങൾക്ക് സാധ്യത ഉയർത്തുകയാണ് ഈ മരക്കുറ്റി.

ഇത്തരത്തിൽ അപകടനിലയിലുള്ള മരങ്ങൾ മുറിച്ചുനിൽക്കണമെന്ന് 2024 ഡിസംബറിൽ പാതയിൽ സുരക്ഷാ ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് കളക്ടർക്ക് റിപ്പോർട്ടും നൽകിയിരുന്നു.