ചെറുതന : ഹരിപ്പാട്-ചെക്കിടിക്കാട് എം.എൽ.എ. റോഡിന്റെ ഭാഗമായുള്ള ആയാപറമ്പ് കടവിൽ പാലത്തിനു നടപടിയാകുന്നു. ഈ വർഷംതന്നെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. 30 കോടി രൂപയാണ് പാലത്തിനായി ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. ഹരിപ്പാട്- ചെക്കിടിക്കാട് റോഡിൽ ആയാപറമ്പ് കടവ്, പാണ്ടി വെട്ടുകുളഞ്ഞി, ചെക്കിടിക്കാട് ജെട്ടി എന്നിവിടങ്ങളിലാണ് പാലങ്ങൾ വേണ്ടിയിരുന്നത്. വെട്ടുകുളഞ്ഞിയിൽ ഓട്ടോറിക്ഷകൾവരെ കയറുന്ന കാർട്ടബിൾ പാലമുണ്ട്. ഇവിടെ പുതിയ പാലത്തിന് 35 കോടി വകയിരുത്തിയിട്ടുണ്ട്.

To advertise here,

ഹരിപ്പാട്, കുട്ടനാട് മണ്ഡലങ്ങളെ ബന്ധിപ്പിച്ച് വേഗത്തിലുള്ള യാത്രാമാർഗം തുറക്കുന്നതിനായി നിർദേശിക്കപ്പെട്ടതാണ് ഹരിപ്പാട്-ചെക്കിടിക്കാട് റോഡ്. 1982-ലാണ് ഈ ആശയമുദിക്കുന്നത്. അന്ന് എം.എൽ.എ.യായിരുന്ന രമേശ് ചെന്നിത്തല ആയാപറമ്പ് കടവിൽ പാലവും ഹരിപ്പാട്-ചെക്കിടിക്കാട് റോഡും ബജറ്റിൽപ്പെടുത്തിയെങ്കിലും നടപടികളായില്ല. 1986-ൽ കേന്ദ്രഫണ്ടിൽ ഉൾപ്പെടുത്തി 13 കോടിയുടെ അടങ്കൽ തയ്യാറാക്കിയെങ്കിലും പദ്ധതി പൂർത്തിയായില്ല. പിന്നീട് വർഷങ്ങളോളം പദ്ധതികളൊന്നും ഇല്ലാതായതോടെ റോഡെന്ന സ്വപ്‌നം ജനങ്ങൾ ഉപേക്ഷിച്ചു. മന്ത്രി രമേശ് ചെന്നിത്തലയുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്ന് ഇപ്പോൾ പദ്ധതിക്ക് പുതുജീവൻ വെച്ചിരിക്കുകയാണ്.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രം, മണ്ണാറശാല, ആയാപറമ്പു കടവ്, പാണ്ടി, ചെക്കിടിക്കാട് വഴി അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലെ പച്ചയിലെത്തുന്നതാണ് റോഡ്. ഹരിപ്പാട് നഗരസഭ, ചെറുതന, തകഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഏറെ പ്രയോജനപ്പെടും. ആയാപറമ്പു കടവിൽനിന്ന്‌ കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസ് സർവീസുകളുണ്ട്. ആയാപറമ്പ് വടക്കേക്കരയിലും ബസുകൾ സർവീസ് നടത്തുന്നു. എന്നാൽ, ആയാപറമ്പു കടവിനെയും വടക്കേക്കരയെയും ബന്ധിപ്പിക്കുന്ന പാലം ഇല്ലാത്തതിനാൽ കടത്തുവള്ളങ്ങളെ ആശ്രയിച്ചും കിലോമീറ്റർ ചുറ്റിക്കറങ്ങിയുമാണ് ജനങ്ങളുടെ യാത്ര.

ഹരിപ്പാട് മുതൽ പാണ്ടി ഫാത്തിമ മാതാ പള്ളി വരെ നല്ല റോഡാണ്. ഫാത്തിമ മാതാ പള്ളി മുതൽ ചെറുതുരുത്തുകടവുവരെ തകർന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഇവിടെ റോഡുയർത്തി വീതികൂട്ടി നിർമിക്കണം. ഇതിന് എം.എൽ.എ. ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നു പറയുന്നു.

ചെറുതുരുത്തു കടവ് മുതൽ ചെക്കിടിക്കാട് മിൽമ ജങ്ഷൻ വരെയും വാഹനങ്ങൾ പോകുന്ന നല്ല റോഡുണ്ട്. മൂന്നു പാലങ്ങളും പൂർത്തീകരിച്ച് ഗതാഗതം തുറന്നുകൊടുക്കുന്നതോടെ ഹരിപ്പാട്-അമ്പലപ്പുഴ ദേശീയപാതയ്ക്കു സമാന്തരമായി ഉപയോഗിക്കാവുന്ന പ്രധാന വഴിയാകും. കുട്ടനാട്ടുകാർക്ക് വേഗത്തിൽ ഹരിപ്പാട് ദേശീയപാതയിലും ഹരിപ്പാട് ഭാഗത്തുള്ളവർക്ക് തകഴി, അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാനും കഴിയും.

ജലമേളകളുടെയും ചുണ്ടൻവള്ളങ്ങളുടെയും നാടായ കുട്ടനാടിനെയും അപ്പർ കുട്ടനാടിനെയും ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതു വഴി വിനോദസഞ്ചാരമേഖലയ്ക്ക്‌ പുത്തൻ ഉണർവുമുണ്ടാകും. ഹരിപ്പാട്-ചെക്കിടിക്കാട് റോഡിന്റെ പൂർണ പ്രയോജനം കിട്ടണമെങ്കിൽ ചെക്കിടിക്കാട് ജെട്ടിയിലും പാലം വേണം. ഇതിനായി കുട്ടനാട് എം.എൽ.എ. റെജി ചെറിയാന് നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.