മാവേലിക്കര : നഗരസഭയുടെ അധീനതയിലുള്ള ടി.കെ. മാധവൻ സ്മാരക കുട്ടികളുടെ പാർക്കിനോട് നഗരസഭാധികൃതർക്ക് അവഗണന. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളും രക്ഷിതാക്കളും സായാഹ്നം ചെലവഴിക്കാനെത്തുന്ന പാർക്കിലെ പ്രവേശന ഫീസിനത്തിൽ ചെറുതല്ലാത്ത വരുമാനവും നഗരസഭയ്ക്കു ലഭിക്കുന്നുണ്ട്. എന്നാൽ, പാർക്കിലെ കളിയുപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നതിന് അൻപതു മീറ്ററിനുള്ളിൽത്തന്നെ കാടുവളർന്ന് ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്.

To advertise here,

പണ്ട് നഗരസഭാ ഗസ്റ്റ് ഹൗസും ഇ.സി.എച്ച്.എസ്. പോളി ക്ലിനിക്കുമൊക്കെ പ്രവർത്തിച്ചിരുന്ന പാർക്ക് വളപ്പിലെ കെട്ടിടം കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായി. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാൽ കെട്ടിടം തകർച്ചയുടെ വക്കിലാണ്. കെട്ടിടത്തിനു ചുറ്റും ഒരാൾപ്പൊക്കത്തിൽ കുറ്റിക്കാട് വളർന്നിട്ടുണ്ട്. വൈകുന്നേരമാകുന്നതോടെ പാർക്കിനുള്ളിൽ കൊതുകുശല്യം രൂക്ഷമാണെന്ന് ആക്ഷേപമുണ്ട്.

മാലിന്യനീക്കത്തിന്‌ ഉപയോഗിച്ചിരുന്ന നഗരസഭയുടെ രണ്ടു ലോറികൾ കുട്ടികളുടെ കളിസ്ഥലത്തിനു സമീപം വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടപ്പുണ്ട്. ഈ വാഹനങ്ങൾക്കടിയിൽ പാമ്പുകളെ പലപ്പോഴും കണ്ടിട്ടുണ്ട്. നേരത്തേ, ഇവിടത്തെ കെട്ടിടത്തിലെ ഒരു മുറിയിൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്ന വേളയിൽ പലതവണ പോസ്റ്റ് ഓഫീസിനുള്ളിൽ പാമ്പുകയറിയ സംഭവമുണ്ടായിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, പൊതുസ്ഥലങ്ങളിൽനിന്നു നഗരസഭ നീക്കംചെയ്ത ഫ്ളെക്സ് ബോർഡുകൾ ഉപേക്ഷിക്കാനുള്ള ഇടമായും മുനിസിപ്പൽ പാർക്ക് വളപ്പിനെയാണ് ഉപയോഗിക്കുന്നത്.