ബഹിരാകാശ വാരം: ഒക്ടോബര് 4 മുതല് 10 വരെ

മനുഷ്യൻ ആകാശത്തിന്റെ അനന്തവിഹായസ്സിലേക്ക് സ്വന്തം കാൽപ്പാടുകൾ പതിപ്പിച്ചപ്പോൾ ലോകം അത് ഒരു ചരിത്രവിജയമായി ആഘോഷിച്ചു. ശാസ്ത്രത്തിന്റെ മഹത്വം വാഴ്ത്തപ്പെട്ടു; യൂറി ഗഗാറിനും നീൽ ആംസ്‌ട്രോങ്ങുമെല്ലാം ചരിത്രത്തിന്റെ സുവർണ്ണത്താളുകളിൽ അനശ്വരരായി. എന്നാൽ ആകാശത്തിന്റെ ആ ഇരുണ്ട കോണുകളിൽ, മനുഷ്യന്റെ അതിരുകളില്ലാത്ത ആകാംക്ഷയ്ക്കും അഭിമാനത്തിനും വേണ്ടി സ്വന്തം ജീവൻ പണയം വയ്‌ക്കേണ്ടി വന്ന ചില നിശ്ശബ്ദ നായകരുണ്ടായിരുന്നു. തിരിച്ചുവരവില്ലാത്ത ആ യാത്രകളിലേക്ക് മനുഷ്യൻ പറഞ്ഞുവിട്ട മിണ്ടാപ്രാണികൾ. അവരിൽ ഏറ്റവും ഹൃദയഭേദകമായ ഒരു കണ്ണീരോർമ്മയാണ് 'ലൈക്ക' എന്ന തെരുവുനായ.
റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ അതിശൈത്യം നിറഞ്ഞ തെരുവുകളിൽ, അല്പം ഭക്ഷണത്തിനും ചൂടിനുമായി അലഞ്ഞുതിരിഞ്ഞു നടന്ന ഒരു അനാഥ ജീവി. മനുഷ്യന്റെ ശാസ്ത്രമോഹങ്ങൾക്ക് ഇരയാകാൻ പോകുന്നതിനെക്കുറിച്ച് ഒട്ടും അറിവില്ലാതെ, ഒടുവിൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ആദ്യ ജീവിയായി മാറിയ ഒരു സാധു മൃഗം.
ശീതയുദ്ധത്തിന്റെ കലുഷിതമായ അന്തരീക്ഷത്തിലാണ് ലൈക്കയുടെ കഥ ആരംഭിക്കുന്നത്. അറുപതുകളിലെ ആഗോള രാഷ്ട്രീയത്തിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ആധിപത്യത്തിനായുള്ള മത്സരം മുറുകുകയായിരുന്നു. ബഹിരാകാശ ഗവേഷണത്തിൽ ആരാണ് മുന്നിലെത്തുക എന്നതായിരുന്നു അക്കാലത്തെ വലിയ പോരാട്ടം. 1957 ഒക്ടോബർ 4 ന് സോവിയറ്റ് യൂണിയൻ 'സ്പുട്‌നിക് 1' എന്ന കൃത്രിമോപഗ്രഹത്തെ വിജയകരമായി ബഹിരാകാശത്ത് എത്തിച്ചു. ലോകം വിസ്മയത്തോടെ സോവിയറ്റ് യൂണിയനെ നോക്കി. എന്നാൽ സോവിയറ്റ് ഭരണാധികാരി നികിത ക്രൂഷ്‌ചേവിന് അതുകൊണ്ടും മതിയായില്ല. ബോൾഷെവിക് വിപ്ലവത്തിന്റെ നാല്പതാം വാർഷികം ആഘോഷിക്കാൻ ഇതിലും വലിയൊരു പ്രകടനം ലോകത്തിന് മുന്നിൽ കാണിക്കണമെന്ന് അദ്ദേഹം ശാസ്ത്രജ്ഞർക്ക് കർശന നിർദേശം നൽകി.
മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ കഴിയുമോ എന്ന് പരീക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അന്നത്തെ സാങ്കേതികവിദ്യ ഒരു മനുഷ്യനെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ പര്യാപ്തമായിരുന്നില്ല. ആ സാഹസിക പരീക്ഷണത്തിന് അവർ കണ്ടെത്തിയ വഴി മറ്റൊന്നായിരുന്നു-മൃഗങ്ങളെ ഉപയോഗിക്കുക. അതിനായി അവർ മോസ്‌കോ നഗരത്തിലെ തെരുവുകളിലേക്ക് തിരിഞ്ഞു.
തെരുവുനായ്ക്കൾ അതിശൈത്യത്തെയും വിശപ്പിനെയും അതിജീവിക്കാൻ ശേഷിയുള്ളവരാണെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ അവയെ തിരഞ്ഞെടുത്തത്. മോസ്‌കോയുടെ കൊടുംതണുപ്പിൽ വലിപ്പമില്ലാത്ത, ശാന്തസ്വഭാവമുള്ള മൂന്ന് തെരുവുനായ്ക്കളെ അവർ പിടികൂടി. അതിലൊരാളായിരുന്നു ഏകദേശം മൂന്ന് വയസ്സുള്ള 'കുദ്ര്യാവ്ക' (ചെറിയ ചുരുളൻ മുടിക്കാരി). ശാന്തവും സ്‌നേഹനിർഭരവുമായ പെരുമാറ്റം കൊണ്ട് അവൾ ശാസ്ത്രജ്ഞരുടെ ശ്രദ്ധ പിടിച്ചുപറ്റി. പിൽക്കാലത്ത് 'ലൈക്ക' (മൊഴിയുന്നവൾ അല്ലെങ്കിൽ കുരയ്ക്കുന്നവൾ) എന്ന പേരിൽ ലോകം അവളെ അറിഞ്ഞു. ആൽബിന, മുഷിക എന്നിവരായിരുന്നു മറ്റ് രണ്ട് നായ്ക്കൾ. എന്നാൽ ഏറ്റവും ശാന്തയും സമ്മർദ്ദങ്ങളെ കൂടുതൽ സഹിക്കാൻ കഴിവുള്ളവളും ലൈക്കയാണെന്ന് മനസ്സിലാക്കിയ സോവിയറ്റ് സംഘം, ചരിത്രപരമായ ആ യാത്രയ്ക്കായി അവളെത്തന്നെ തിരഞ്ഞെടുത്തു.
പിന്നീട് ലൈക്ക അനുഭവിച്ചത് കൊടിയ പരീക്ഷണങ്ങളുടെ ദിവസങ്ങളായിരുന്നു. ഇടുങ്ങിയ ക്യാപ്‌സ്യൂളുകളിൽ അനങ്ങാൻ പോലും കഴിയാതെ മണിക്കൂറുകളോളം കഴിയാൻ അവളെ പരിശീലിപ്പിച്ചു. റോക്കറ്റ് കുതിച്ചുയരുമ്പോഴുണ്ടാകുന്ന ഭീകരമായ ഇരമ്പലും വിറയലും അതിജീവിക്കാൻ അതിവേഗ സെൻട്രിഫ്യൂജ് യന്ത്രങ്ങളിൽ അവളെ കിടത്തി കറക്കി. ഓരോ പരീക്ഷണത്തിലും അവൾ വല്ലാതെ ഭയപ്പെട്ടു, അവളുടെ ഹൃദയമിടിപ്പ് ഇരട്ടിയായി കുതിച്ചുയർന്നു. എങ്കിലും തന്നെ സ്‌നേഹത്തോടെ ഒന്ന് തലോടുന്ന മനുഷ്യരുടെ മുഖത്തേക്ക് നോക്കി അവൾ വാലാട്ടി. മനുഷ്യർ തനിക്ക് ഒരുക്കിവെച്ചിരിക്കുന്നത് തിരിച്ചുവരാനാവാത്ത ഒരു മരണക്കൂട്ടിലേക്കുള്ള യാത്രയാണെന്ന് ആ പാവം ജീവി അറിഞ്ഞിരുന്നില്ല.
സ്പുട്‌നിക്-2 നിർമ്മിക്കാൻ ശാസ്ത്രജ്ഞർക്ക് ലഭിച്ചത് വെറും നാലാഴ്ചത്തെ സമയം മാത്രമായിരുന്നു. ആ ചെറിയ സമയത്തിനുള്ളിൽ റോക്കറ്റിന് ഒരു തിരിച്ചുവരവ് സാങ്കേതികവിദ്യ (Re-entry mechanism) വികസിപ്പിച്ചെടുക്കുക ശാസ്ത്രജ്ഞർക്ക് അസാധ്യമായിരുന്നു. അതായത്, ആ യാത്ര പുറപ്പെടുമ്പോൾ തന്നെ ലൈക്ക ജീവനോടെ തിരികെ എത്തില്ല എന്ന് അതിന് പിന്നിൽ പ്രവർത്തിച്ച ഓരോ മനുഷ്യർക്കും വ്യക്തമായി അറിയാമായിരുന്നു. ശാസ്ത്രത്തിന്റെ വിജയം ലോകത്തിന് മുന്നിൽ കാട്ടാൻ ഒരു ജീവനെ മനഃപൂർവ്വം കുരുതികൊടുക്കുകയായിരുന്നു അവർ.
യാത്രയ്ക്ക് മുൻപുള്ള ദിവസം, ആ പരീക്ഷണസംഘത്തിലെ ഡോ.വ്‌ലാഡിമിർ യാസ്‌ദോവ്‌സ്‌കി എന്ന ശാസ്ത്രജ്ഞൻ ലൈക്കയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ കുട്ടികളോടൊപ്പം അവൾ അന്ന് സന്തോഷത്തോടെ കളിച്ചുല്ലസിച്ചു. ആ ശാസ്ത്രജ്ഞൻ പിന്നീട് തന്റെ കുറിപ്പുകളിൽ വിതുമ്പലോടെ എഴുതി: 'അവൾക്ക് വേണ്ടി നല്ലതെന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു; കാരണം അവൾക്ക് ജീവിക്കാൻ ഇനി വളരെ കുറച്ചു സമയം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ...'
1957 നവംബർ 3-ന് കസാക്കിസ്ഥാനിലെ ബൈക്കോനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും 'സ്പുട്‌നിക് 2' ആകാശത്തേക്ക് കുതിച്ചുയർന്നു. പേടകത്തിനുള്ളിലെ ഇടുങ്ങിയ അറയിൽ, ചങ്ങലകളാൽ ബന്ധിക്കപ്പെട്ട്, ശരീരത്തിൽ ഒട്ടനവധി സെൻസറുകളുമായി ലൈക്ക ഉണ്ടായിരുന്നു. റോക്കറ്റ് വായുവിനെ കീറിമുറിച്ച് കുതിച്ചുയർന്നപ്പോൾ ഉണ്ടായ ഭീകര ശബ്ദത്തിലും ഭാരക്കുറവിലും ലൈക്ക പരിഭ്രാന്തയായി. അവളുടെ ശ്വാസോച്ഛ്വാസം മൂന്നിരട്ടിയായി വർദ്ധിച്ചു; ഹൃദയമിടിപ്പ് മിനിറ്റിൽ 240 തവണയായി ഉയർന്നു.
ഭ്രമണപഥത്തിലെത്തിയ ശേഷം അവൾ സാവധാനം ശാന്തയായിത്തുടങ്ങി. അവൾ ജീവനോടെയുണ്ടെന്നും ഭക്ഷണം കഴിച്ചുവെന്നും ടെലിമെട്രി വിവരങ്ങൾ ഭൂമിയിലെത്തിച്ചു. എന്നാൽ വിധി മറ്റൊന്നായിരുന്നു. വിക്ഷേപണത്തിനിടയിൽ റോക്കറ്റിന്റെ തെർമൽ കൺട്രോൾ സംവിധാനത്തിന് തകരാർ പറ്റി. ക്യാപ്‌സ്യൂളിനുള്ളിലെ താപനില ക്രമാതീതമായി ഉയരാൻ തുടങ്ങി. ശാസ്ത്രജ്ഞർ കരുതിയതുപോലെ ഒരാഴ്ചയൊന്നും അവൾക്ക് ജീവൻ നിലനിർത്താനായില്ല. പുറപ്പെട്ട് അഞ്ചോ ഏഴോ മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും ആ ചെറിയ അറയിലെ ചൂട് 40 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് കുതിച്ചു. കൊടുംചൂടിലും ഭയത്തിലും ശ്വാസം മുട്ടി, ഏകദേശം നാല് ഭ്രമണങ്ങൾ പൂർത്തിയായപ്പോഴേക്കും ആ സാധു ജീവന്റെ ഹൃദയമിടിപ്പ് എന്നെന്നേക്കുമായി നിലച്ചു.
പക്ഷേ, സോവിയറ്റ് ഭരണകൂടം ഈ സത്യം പുറത്തുവിട്ടില്ല. ലൈക്ക കുറച്ചുദിവസങ്ങൾ കൂടി ബഹിരാകാശത്ത് ജീവനോടെയുണ്ടായിരുന്നുവെന്നും, വേദനയില്ലാതെ മരിക്കാനായി അവൾക്ക് ഭക്ഷണത്തിൽ വിഷം നൽകിയെന്നുമാണ് അവർ ലോകത്തെ വിശ്വസിപ്പിച്ചത്. ഏകദേശം നാലര പതിറ്റാണ്ടുകൾക്ക് ശേഷം, 2002-ൽ മാത്രമാണ് മരണവെപ്രാളത്തിലും കൊടുംചൂടിലുമാണ് ലൈക്ക ജീവൻ വെടിഞ്ഞതെന്ന ഭീകര സത്യം റഷ്യൻ ശാസ്ത്രജ്ഞർ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്.
ജീവനറ്റ ലൈക്കയുടെ ശരീരവുമായി സ്പുട്‌നിക്-2 പേടകം മാസങ്ങളോളം ശൂന്യാകാശത്ത് ഭൂമിയെ വലംവെച്ചുകൊണ്ടിരുന്നു. 2,570 ഭ്രമണങ്ങൾ പൂർത്തിയാക്കി, ഒടുവിൽ 1958 ഏപ്രിൽ 14-ന് ആ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുകയും ഘർഷണം മൂലം കത്തിയമരുകയും ചെയ്തു. ആ തെരുവുനായ് ഭൂമിയുടെ അന്തരീക്ഷത്തിൽ ഒരു കൊള്ളിമീൻ പോലെ തിളങ്ങി ഭസ്മമായിത്തീർന്നു.
വർഷങ്ങൾ കഴിഞ്ഞപ്പോൾ, ആ ദൗത്യത്തിൽ പങ്കാളിയായ പ്രമുഖ ശാസ്ത്രജ്ഞൻ ഒലെഗ് ഗസെങ്കോ തന്റെ പശ്ചാത്താപം ലോകത്തോട് തുറന്നുപറഞ്ഞു: 'മൃഗങ്ങളുമായി പ്രവർത്തിക്കുന്നത് എപ്പോഴും വേദനാജനകമാണ്. ഞങ്ങൾ അവയോട് പെരുമാറിയത് സംസാരിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളോടെന്ന പോലെയാണ്. കാലം കഴിയുന്തോറും എനിക്ക് തോന്നുന്ന കുറ്റബോധം വർധിക്കുക മാത്രമാണ് ചെയ്യുന്നത്. ആ ദൗത്യത്തിൽ നിന്ന് ഒരു നായയുടെ ജീവന് പകരമായി വെക്കാവുന്ന അത്ര വലിയ അറിവുകളൊന്നും ഞങ്ങൾക്ക് ലഭിച്ചില്ല.'
ലൈക്കയുടെ ത്യാഗം വെറുതെയായില്ല. ജീവനുള്ള ഒരു ശരീരത്തിന് ബഹിരാകാശത്തെ ഭാരമില്ലായ്മയെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ കഴിയുമെന്ന് ലൈക്ക തെളിയിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നതിലേക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയങ്ങൾ നിർമ്മിക്കുന്നതിലേക്കും വളർന്ന മനുഷ്യപുരോഗതിയുടെ അടിത്തറ പണിതത് ലൈക്കയെപ്പോലുള്ള മിണ്ടാപ്രാണികളുടെ ജീവനാണ്.
ഇന്ന് മോസ്‌കോയിലെ സൈനിക മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ ലൈക്കയുടെ ഒരു വെങ്കല പ്രതിമയുണ്ട്. ഒരു റോക്കറ്റിന് മുകളിൽ ആകാശത്തേക്ക് ഉറ്റുനോക്കി നിൽക്കുന്ന ലൈക്കയുടെ രൂപം. ആ പ്രതിമ മനുഷ്യന്റെ ശാസ്ത്ര നേട്ടത്തിന്റെ പ്രതീകം മാത്രമല്ല; മനുഷ്യന്റെ അതിരുകളില്ലാത്ത ലക്ഷ്യങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ ഹോമിക്കേണ്ടി വന്ന ഒരു സാധു ജീവിയുടെ മൂകമായ രക്തസാക്ഷിത്വം കൂടിയാണ്. ആകാശത്തിലെ ഏതോ ഒരു വിദൂര നക്ഷത്രത്തിലേക്ക് നോക്കുമ്പോൾ, ആ തെരുവോരങ്ങളിൽ നിന്നെത്തി നക്ഷത്രലോകത്ത് ലയിച്ചുപോയ കുഞ്ഞു ലൈക്കയുടെ കണ്ണീരണിഞ്ഞ മുഖം ഇന്നും ചരിത്രത്തിൽ മായാതെ നിൽക്കുന്നു.
Content Highlights: Laika was a stray dog from Moscow chosen for the Soviet Union's Sputnik 2 mission in 1957
Published: 05 Oct 2026, 04:57 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented