നീലഗ്രഹത്തിന്റെ മാറിലേക്ക് കണ്ണുംനട്ട് ഒരു മനുഷ്യൻ ആകാശത്തിന്റെ അനന്തവിസ്തൃതിയിലേക്ക് ആദ്യമായി പറന്നുയർന്നത് മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും മാന്ത്രികമായ ഒരു വിപ്ലവമായിരുന്നു. വിജ്ഞാനവും ധീരതയും ഭാവനയും ഒത്തുചേർന്ന ആ അവിസ്മരണീയമായ നിമിഷത്തിന്റെ പേരാണ് യൂറി അലക്‌സേവിച്ച് ഗഗാറിൻ. നക്ഷത്രങ്ങൾക്കിടയിലേക്ക് മാനവജാതിയുടെ കാൽവെപ്പുകൾ എത്തിച്ച ആ ചരിത്രയാത്രയ്ക്കു പിന്നിൽ സാങ്കേതികവിദ്യയുടെ കരുത്ത് മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയച്ചൂടും മനുഷ്യന്റെ അദമ്യമായ ഇച്ഛാശക്തിയും ഉണ്ടായിരുന്നു.

To advertise here,

ശീതസമരത്തിന്റെ കനൽവഴികളും ബഹിരാകാശപ്പോരാട്ടവും രണ്ടാം ലോകമഹായുദ്ധത്തിന്റെ ചാരക്കൂമ്പാരങ്ങൾക്ക് മുകളിലാണ് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള നിശ്ശബ്ദവും എന്നാൽ ഭയാനകവുമായ 'ശീതസമരം' (Cold War) രൂപപ്പെടുന്നത്. തോക്കുകളും പീരങ്കികളും നേരിട്ട് ഏറ്റുമുട്ടാത്ത, എന്നാൽ ശാസ്ത്രത്തിലും ആയുധങ്ങളിലും ആശയങ്ങളിലും പരസ്പരം വിറപ്പിച്ചുനിർത്തിയ ഒരു കാലഘട്ടം. ഇരുശക്തികളും തമ്മിലുള്ള ഈ അദൃശ്യയുദ്ധത്തിന്റെ ഏറ്റവും ആകർഷകവും പ്രൗഢവുമായ യുദ്ധക്കളമായി മാറിയത് മറ്റൊന്നുമായിരുന്നില്ല. ഭൂമിയുടെ വിരിമാറ് കടന്നുള്ള ബഹിരാകാശം തന്നെയായിരുന്നു.

ആരാണ് ആകാശത്തെ ആദ്യം കീഴടക്കുക? ആരുടെ കൊടിയാണ് അനന്തതയിൽ ആദ്യം പാറിപ്പറക്കുക? ഈ മത്സരമാണ് 'സ്‌പേസ് റേസ്' (Space Race) അഥവാ ബഹിരാകാശപ്പന്തയം എന്ന ചരിത്രപോരാട്ടത്തിന് തുടക്കമിട്ടത്. 1957 ഒക്ടോബർ 4 ന് സോവിയറ്റ് യൂണിയൻ ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹമായ 'സ്പുട്‌നിക്-1' വിക്ഷേപിച്ചുകൊണ്ട് ലോകത്തെ അമ്പരപ്പിച്ചു. അമേരിക്കയ്ക്ക് അത് വലിയൊരു പ്രഹരമായിരുന്നു. തുടർന്ന് ജീവന്റെ തുടിപ്പുമായി 'ലൈക്ക' എന്ന നായയെ അവർ ബഹിരാകാശത്തേക്ക് അയച്ചു. എന്നാൽ മനുഷ്യനെ അവിടെ എത്തിക്കുക എന്നത് അതുവരെയുള്ള സങ്കൽപങ്ങൾക്കും അപ്പുറമായിരുന്നു. ശീതസമരത്തിന്റെ തന്ത്രപരമായ കരുനീക്കങ്ങൾക്കിടയിലാണ്, പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്ക് മനുഷ്യൻ ആദ്യമായി കടന്നുചെല്ലാൻ തയ്യാറെടുപ്പുകൾ പൂർത്തിയായത്.

കൊട്ടാരസദൃശ്യമായ ഇന്നത്തെ പേടകങ്ങളും ഗഗാറിന്റെ 'ആട്ടിൻകൂടും'
ഇന്ന് നാം കാണുന്ന ബഹിരാകാശ നിലയങ്ങളും അത്യാധുനിക പേടകങ്ങളും ശാസ്ത്രത്തിന്റെ അത്ഭുത കൊട്ടാരങ്ങളാണ്. ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) ഒരു ഫുട്‌ബോൾ മൈതാനത്തോളം വിസ്തൃതമാണ്. ശാസ്ത്രജ്ഞർക്ക് നടക്കാനും വിശ്രമിക്കാനും വ്യായാമം ചെയ്യാനും അത്യാധുനിക പരീക്ഷണങ്ങൾ നടത്താനുമുള്ള ലാബുകളും സുഖസൗകര്യങ്ങളും അവിടെയുണ്ട്. ഭൂമിയിൽ നിന്നുള്ള അതിവേഗ ഇന്റർനെറ്റും അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും അവിടെ ലഭ്യമാണ്.

എന്നാൽ, ആറ് പതിറ്റാണ്ടുകൾക്ക് മുൻപ് ഗഗാറിൻ കയറിയിരുന്ന 'വോസ്തോക്-1' (Vostok-1) എന്ന പേടകത്തെ ഇന്നത്തെ കാഴ്ചപ്പാടിൽ നോക്കിക്കണ്ടാൽ ശരിക്കും അത്ഭുതം തോന്നും. ഒരു കട്ടിലിന്റെയോ വെറുമൊരു 'ആട്ടിൻകൂടിന്റെയോ' അത്രമാത്രം വലിപ്പമുള്ള, 2.3 മീറ്റർ മാത്രം വ്യാസമുള്ള ഒരു ചെറിയ ഉരുണ്ട ഗോളമായിരുന്നു അത്! കൈകാലുകൾ പോലും ശരിയായി നിവർത്താൻ ഇടമില്ലാത്ത, അനങ്ങാൻ പോലും പ്രയാസമുള്ള ആ ഇടുങ്ങിയ ഇരുമ്പുകൂടിനുള്ളിലാണ് ഗഗാറിൻ ഇരുന്നത്.

ഇന്നത്തെപ്പോലെയുള്ള കംപ്യൂട്ടർ സ്‌ക്രീനുകളോ, മുൻകൂട്ടി കണ്ട് നിയന്ത്രിക്കാവുന്ന ഓട്ടോമാറ്റിക് ക്രമീകരണങ്ങളോ അന്നില്ലായിരുന്നു. ഏതാനും മീറ്ററുകളും ഡയലുകളും മാത്രമുള്ള ഒരു ലളിതമായ നിയന്ത്രണ സംവിധാനം. ബഹിരാകാശത്തെ ഭാരമില്ലായ്മ മനുഷ്യന്റെ മനസ്സിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുമെന്ന് ആർക്കും തിട്ടമില്ലാത്തതിനാൽ, പേടകത്തിന്റെ നിയന്ത്രണം പോലും ഭൂമിയിൽ നിന്നാണ് പ്രധാനമായും നിയന്ത്രിച്ചിരുന്നത്. അഥവാ എന്തെങ്കിലും തകരാറുണ്ടായാൽ സ്വയം നിയന്ത്രിക്കാനുള്ള ഒരു പ്രത്യേക കോഡ് സീൽ ചെയ്ത കവറിലാണ് ഗഗാറിന് നൽകിയിരുന്നത്. ജീവൻ തിരിച്ചുകിട്ടുമോ എന്ന് 50 ശതമാനം പോലും ഉറപ്പില്ലാത്ത, തികച്ചും അജ്ഞാതമായ ഒരു അന്ധകാരത്തിലേക്ക്, ആ ചെറിയ കൂട്ടിലിരുന്ന് ഒരു മനുഷ്യൻ സ്വയം സമർപ്പിക്കുകയായിരുന്നു.

1961 ഏപ്രിൽ 12, പ്രഭാതം. ബൈക്കനൂർ കോസ്‌മോഡ്രോമിലെ വിക്ഷേപണത്തറയിൽ ഒരു ഇരുമ്പുരാക്ഷസനെപ്പോലെ വോസ്തോക് റോക്കറ്റ് പുകച്ചുരുളുകൾ ഉയർത്തി നിന്നു. അതിനുള്ളിലെ ഇടുങ്ങിയ വോസ്തോക്-1 പേടകത്തിൽ 27 വയസ്സുകാരനായ ഒരു സാധാരണ കർഷക കുടുംബത്തിലെ യുവാവ് ശാന്തനായി ഇരുന്നു-യൂറി ഗഗാറിൻ.

റോക്കറ്റിന്റെ എഞ്ചിനുകൾ തീ തുപ്പാൻ തുടങ്ങിയപ്പോൾ നിയന്ത്രണ മുറിയിലേക്ക് ഗഗാറിന്റെ ആവേശഭരിതമായ ആ ശബ്ദം അലയടിച്ചു: 'പോയോഖാലി!' റഷ്യൻ ഭാഷയിൽ അതിന്റെ അർത്ഥം 'നമുക്ക് പോകാം!' എന്നായിരുന്നു. ഭയത്തിന്റെയോ സന്ദേഹത്തിന്റെയോ ഒരു കണിക പോലും ആ ശബ്ദത്തിൽ ഉണ്ടായിരുന്നില്ല. മനുഷ്യരാശിയുടെ മുഴുവൻ ആഗ്രഹങ്ങളെയും നെഞ്ചിലേറ്റിക്കൊണ്ട് ആ പേടകം അന്തരീക്ഷത്തിന്റെ അതിരുകൾ ഭേദിച്ച് ഉയർന്നുപൊങ്ങി.

മനുഷ്യന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കണ്ണുകൾ ഭൂമിയെ പുറത്തുനിന്ന് കണ്ടു. കറുത്തിരുണ്ട ശൂന്യതയുടെ വിരിമാറിൽ, നേർത്തൊരു നീലപ്പട്ടണിഞ്ഞ്, പളുങ്കുപാത്രം പോലെ തിളങ്ങിനിൽക്കുന്ന നമ്മുടെ ഭൂമി. ഗഗാറിൻ റേഡിയോയിലൂടെ അത്ഭുതത്തോടെ വിളിച്ചുപറഞ്ഞു:

'ഭൂമി എത്ര മനോഹരമാണ്! നീലനിറത്തിലുള്ള ഒരു അത്ഭുതഗോളം പോലെ അത് കാണപ്പെടുന്നു. മനുഷ്യരേ, നാം ഈ സൗന്ദര്യത്തെ കാത്തുസൂക്ഷിക്കണം, നശിപ്പിക്കരുത്!'

വോസ്തോക്-1 ഭൂമിയെ കൃത്യമായി ഒരു തവണ പൂർണ്ണമായി വലംവെച്ചു (Single Orbit). മണിക്കൂറിൽ ഏകദേശം 27,400 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ആ പേടകം, ആകെ 108 മിനിറ്റുകൾ കൊണ്ടാണ് മനുഷ്യചരിത്രത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ആ യാത്ര പൂർത്തിയാക്കിയത്.

യാത്രയുടെ അവസാനം ഭൂമിയിലേക്കുള്ള തിരിച്ചിറക്കവും ഒട്ടും സുരക്ഷിതമായിരുന്നില്ല. അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ പേടകത്തിന്റെ ഭ്രമണ മൊഡ്യൂളും സർവീസ് മൊഡ്യൂളും തമ്മിൽ വേർപെടാൻ ചെറിയ സാങ്കേതിക തടസ്സമുണ്ടായി. അന്തരീക്ഷവുമായുള്ള ഘർഷണം കാരണം പേടകത്തിന് ചുറ്റും അഗ്‌നിഗോളങ്ങൾ ഉയർന്നു. ഒടുവിൽ ഭൂമിയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ ഉയരത്തിൽ വെച്ച് ഗഗാറിൻ പേടകത്തിൽ നിന്ന് സ്വയം പുറത്തേക്ക് തെറിച്ച് (Eject ചെയ്ത്), പാരഷൂട്ടിലൂടെ സോവിയറ്റ് യൂണിയനിലെ വോൾഗ നദീതീരത്തെ ഒരു കൃഷിയിടത്തിലേക്ക് സുരക്ഷിതമായി പറന്നിറങ്ങി. ആകാശത്തുനിന്ന് പറന്നിറങ്ങിയ ആ ബഹിരാകാശ യാത്രികനെ കണ്ട് ഭയന്നുവിറച്ച ഒരു അമ്മയോടും കുട്ടിയോടും പുഞ്ചിരിച്ചുകൊണ്ട് ഗഗാറിൻ പറഞ്ഞു: 'പേടിക്കരുത്, എന്നെപ്പോലെ നിങ്ങളും ഒരു സോവിയറ്റ് പൗരനാണ്. ഞാൻ ബഹിരാകാശത്തുനിന്ന് വരുന്ന വഴിയാണ്!'

നക്ഷത്രങ്ങൾക്കപ്പുറം ജീവിക്കുന്ന പ്രചോദനം
യൂറി ഗഗാറിന്റെ ആ 108 മിനിറ്റുകൾ കേവലമൊരു ശാസ്ത്ര പരീക്ഷണമോ രണ്ട് വൻശക്തികളുടെ രാഷ്ട്രീയ വിജയമോ മാത്രമായിരുന്നില്ല. ആകാശമെന്നത് മനുഷ്യന് വെറുതെ നോക്കിനിൽക്കാനുള്ള ഒരു മേലാപ്പ് മാത്രമല്ല, മറിച്ച് കീഴടക്കാനും മനസ്സിലാക്കാനുമുള്ള ഒരു അനന്തമേഖലയാണെന്ന് അത് ലോകത്തിന് കാണിച്ചുകൊടുത്തു.

ചന്ദ്രനിൽ കാലുകുത്താൻ നീൽ ആംസ്‌ട്രോങ്ങിനും, ചൊവ്വയിലേക്ക് പേടകങ്ങൾ അയക്കാൻ ലോകരാഷ്ട്രങ്ങൾക്കും, സ്വന്തം ബഹിരാകാശ നിലയവും ഗഗൻയാനും സ്വപ്നം കാണാൻ നമ്മുടെ ഭാരതത്തിനുമെല്ലാം ഊർജ്ജം പകർന്നത് അന്ന് ആ ചെറിയ ആട്ടിൻകൂട്ടിലിരുന്ന് ഗഗാറിൻ കാണിച്ച ആ അസാമാന്യ ധൈര്യമാണ്. അതിരുകളില്ലാത്ത പ്രപഞ്ചത്തിന് മുന്നിൽ മനുഷ്യൻ ഒന്നാണെന്ന വലിയ സത്യമാണ് അന്ന് അദ്ദേഹം വിളിച്ചുപറഞ്ഞത്. ലോക ബഹിരാകാശ വാരം നാം ആഘോഷിക്കുമ്പോൾ, ആ നീലാകാശത്തിലേക്ക് നോക്കുന്ന ഏതൊരു കുട്ടിക്കും ഗഗാറിന്റെ ജീവിതം നൽകുന്ന സന്ദേശം ഒന്നേയുള്ളൂ. ഭയത്തെ അതിജീവിക്കുന്ന ഇച്ഛാശക്തിയുണ്ടെങ്കിൽ, മനുഷ്യന് കീഴടക്കാൻ കഴിയാത്തതായി ഈ പ്രപഞ്ചത്തിൽ ഒന്നുമില്ല.