സെപ്റ്റംബർ അഞ്ച് ദേശീയ അധ്യാപക ദിനമാണല്ലോ. നമുക്ക് നല്ലവഴി പറഞ്ഞുതന്നവരും നമ്മെ സ്വാധീനിച്ചവരും മാതൃകകളായവരുമെല്ലാം ഗുരുനാഥന്മാരാണ്. ഇത്തരത്തിൽ

To advertise here,

നമ്മുടെ രാഷ്ട്രപിതാവ് ഗുരുനാഥന്മാരായി കണ്ടിരുന്ന രണ്ട് മഹാന്മാരെ അറിയാം.

ആത്മീയഗുരുനാഥൻ: നാടകകൃത്ത്, ചെറുകഥാകൃത്ത്, ചിന്തകൻ, നോവലിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് റഷ്യൻ എഴുത്തുകാരനായിരുന്ന ലിയോ ടോൾസ്റ്റോയ്. നമ്മുടെ രാഷ്ട്രപിതാവ് ഒരിക്കൽപ്പോലും ടോൾസ്റ്റോയിയെ നേരിൽ കണ്ടിട്ടില്ല. പക്ഷേ, ഇരുവരും തമ്മിൽ ഒട്ടേറെ കത്തിടപാടുകളുണ്ടായിരുന്നു. മാത്രമല്ല, തന്റെ ആത്മീയഗുരുനാഥനായി ടോൾസ്റ്റോയിയെ ഗാന്ധിജി അംഗീകരിക്കുകയും ചെയ്തു.

1910-ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് ഗാന്ധിജി ആത്മീയഗുരുവിനയച്ച കത്തിലെ അഭിസംബോധന 'പ്രിയ സാർ' എന്നായിരുന്നു. കത്ത് അവസാനിപ്പിച്ചത് 'അനുസരണയുള്ള ദാസൻ' എന്ന വിശേഷണത്തോടെയുമാണ്. സുഹൃത്ത്, സഹോദരൻ എന്നിങ്ങനെയെല്ലാം ഗാന്ധിജി പലപ്പോഴും ടോൾസ്റ്റോയിയെ വിശേഷിപ്പിച്ചു. കല്ലൻബാക്ക് എന്ന ജർമൻകാരൻ ഗാന്ധിജിക്ക് ദക്ഷിണാഫ്രിക്കയിൽ സൗജന്യമായി നൽകിയ സ്ഥലത്ത് ഗാന്ധിജി നിർമിച്ച ടോൾസ്റ്റോയ് ഫാം ഏറെ വിഖ്യാതമാണ്.

സദാചാരം, ധാർമികത എന്നിവയിലൂന്നിയുള്ള ടോൾസ്റ്റോയിയുടെ ജീവിതമാണ് ഗാന്ധിജിയെ അദ്ദേഹത്തോടടുപ്പിച്ചത്. സമ്പത്തും ടോൾസ്റ്റോയ് ആഗ്രഹിച്ചില്ല. അഹിംസയിലധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾ. ഗാന്ധിജിയുടെ കാഴ്ചപ്പാടുകളും ഇതെല്ലാമായി ഏറെ ചേർന്നുപോവുന്നതായിരുന്നു.

രാഷ്ട്രീയഗുരുനാഥൻ: ഗാന്ധിജിയെ ഇന്ത്യയിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഗോപാലകൃഷ്ണ ഗോഖലെ. 1866-ൽ മഹാരാഷ്ട്രയിൽ ജനിച്ച ഗോഖലെ കേവലം 49 വയസ്സ് വരെയേ ജീവിച്ചുള്ളൂ. 1896 ഒക്ടോബർ 12-ന് പുണെയിൽവെച്ചാണ് ഗാന്ധിജി ഗോഖലെയെ ആദ്യമായി കാണുന്നത്. പിന്നീട് കൊൽക്കത്തയിൽ ഗോഖലെയ്ക്കൊപ്പം ഗാന്ധിജി താമസിക്കുകയുമുണ്ടായി. ഇദ്ദേഹത്തിന്റെ വ്യക്തിശുചിത്വം, സ്വയംസഹായസന്നദ്ധത, സമയനിഷ്ഠ എന്നിവ ഗാന്ധിജിയെ ഏറെ ആകർഷിച്ചു.

സമയം വെറുതേ കളയാതെ എപ്പോഴും എന്തെങ്കിലും നല്ല പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നതായിരുന്നു ഗോഖലെയുടെ ശീലം. മറകൂടാതെയുള്ള പെരുമാറ്റം, ലാളിത്യം, രാഷ്ട്രനന്മ ലക്ഷ്യംവെച്ചുള്ള കർമപദ്ധതികൾ എന്നിവയെല്ലാം ഗാന്ധിജിക്ക് ഗോഖലെയോടുള്ള ബഹുമാനം വർധിക്കാനുള്ള കാരണങ്ങളായി. ഇതെല്ലാം ഗോഖലെയെ തന്റെ രാഷ്ട്രീയഗുരുവായി കണക്കാക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചു.

ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യക്കാർ അനുഭവിക്കുന്ന വിവേചനം നേരിട്ട് മനസ്സിലാക്കാൻ ഗാന്ധിജി അവിടേക്ക് ഗോഖലെയെ ക്ഷണിച്ചു. 1912-ൽ ഗോഖലെ അവിടെ എത്തി. ദക്ഷിണാഫ്രിക്കയിൽ ഗോഖലെയ്ക്കൊപ്പം ഗാന്ധിജി സഞ്ചരിച്ചു. തന്റെ രാഷ്ട്രീയഗുരുവിന്റെ മറാഠിഭാഷയിലുള്ള പ്രസംഗം അദ്ദേഹം തർജ്ജമചെയ്തുകൊടുക്കുമായിരുന്നു. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങാനും ദേശീയപ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിക്കാനും ഗാന്ധിജിയെ ഗോഖലെ പ്രേരിപ്പിക്കുകയും ചെയ്തു.