രക്തത്തിലെ ഘടകങ്ങൾ
രക്തത്തിന്റെ പ്രധാന ഭാഗമാണ് പ്ലാസ്മ. ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ എന്നീ പ്രോട്ടീനുകൾ അടങ്ങിയ ദ്രാവകമാണ് പ്ലാസ്മ. ശ്വേതരക്താണുക്കളും അരുണരക്താണുക്കളും മറ്റു ഘടകങ്ങളാണ്. പ്ലേറ്റ്‌ലെറ്റുകൾ, ഹീമോഗ്ലോബിനുകൾ എന്നിവയും രക്തത്തിൽ അടങ്ങിയിരിക്കുന്നു.

To advertise here,

ധർമങ്ങൾ
പ്രാണവായുവും പ്രോട്ടീനുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത് രക്തമാണ്. ഹോർമോണുകളും ശരീരത്തിൽ വിതരണംചെയ്യപ്പെടുന്നത് രക്തം വഴിയാണ്. വിവിധഭാഗങ്ങളിലുള്ള വിസർജനവസ്തുക്കളെ നീക്കുന്നതും രക്തംതന്നെ. താപനില നിയന്ത്രിക്കുന്നതും രക്തത്തിന്റെ പ്രധാന ചുമതലകളിലൊന്നാണ്.

ഹീമോഗ്ലോബിൻ
രക്തത്തിന് ചുവന്നനിറം നൽകുന്നത് ഹീമോഗ്ലോബിനാണ്. ചുവന്ന രക്താണുക്കളിലാണ് ഇവയെ കാണുന്നത്. ശ്വാസകോശങ്ങളിൽനിന്ന് ഓക്‌സിജനെ മറ്റു കോശങ്ങളിലേക്കും കോശങ്ങളിൽനിന്ന് കാർബൺഡൈ ഓക്‌സൈഡിനെ ശ്വാസകോശത്തിലേക്കും എത്തിക്കുന്നത് ഹീമോഗ്ലോബിനാണ്. 1862-ൽ ഫെലിക്‌സ് ഹോപ്പി സെയ്‌ലർ ആണ് ഹീമോഗ്ലോബിൻ രക്തത്തിൽനിന്ന് ആദ്യമായി വേർതിരിച്ചത്.

പ്ലേറ്റ്‌ലെറ്റുകൾ
മുറിവുണ്ടായാൽ ആ ഭാഗത്തെ രക്തത്തെ കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്‌ലെറ്റുകളുടെ ജോലി. അമിതമായ രക്തസ്രാവം നിയന്ത്രിക്കുന്നതിനാണ് രക്തം കട്ടിയാകുന്നത്. രണ്ടരലക്ഷംമുതൽ മൂന്നരലക്ഷംവരെ പ്ലേറ്റ്‌ലെറ്റുകൾ രക്തത്തിൽ അടങ്ങിയിട്ടുണ്ട്. മെഗാ കാരിയോ സൈറ്റുകൾ എന്നയിനം കോശങ്ങളാണ് പ്ലേറ്റ്‌ലെറ്റുകൾ ഉത്പാദിപ്പിക്കുന്നത്. ത്രോംബോസൈറ്റുകൾ എന്നും പ്ലേറ്റ്‌ലെറ്റുകൾ അറിയപ്പെടുന്നുണ്ട്.

രക്തഗ്രൂപ്പുകൾ
മനുഷ്യരുടെ രക്തത്തിൽ അടങ്ങിയ ഘടകങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ വരാം. രക്തത്തിലടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ രക്തത്തെ നാലു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. അ, ആ, അആ, ഛ എന്നിവയാണ് നാല് രക്തഗ്രൂപ്പുകൾ. ഇവയെ നെഗറ്റീവ്, പോസിറ്റീവ് എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

അരുണരക്താണുവും ശ്വേതരക്താണുവും
അരുണരക്താണുക്കളാണ് ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങളും പ്രാണവായുവും വിതരണംചെയ്യുന്നത്. ശരീരത്തിൽ കടന്നുകൂടുന്ന രോഗാണുക്കളോട് പൊരുതേണ്ട ചുമതല ശ്വേതരക്താണുക്കൾക്കാണ്. ഒരു മില്ലി ലിറ്റർ രക്തത്തിൽ 50 ലക്ഷം അരുണരക്താണുക്കൾ ഉണ്ടാകും. എന്നാൽ 4000 മുതൽ 11000 വരെ ശ്വേതരക്താണുക്കളേ ഒരു മില്ലി ലിറ്റർ രക്തത്തിൽ ഉണ്ടാവുകയുള്ളൂ.

രക്തത്തെ ബാധിക്കുന്ന രോഗങ്ങൾ
ഹീമോഫീലിയ, അനീമിയ, ലുക്കീമിയ എന്നിവ രക്തവുമായി ബന്ധപ്പെട്ട ഗുരുതരമായ രോഗാവസ്ഥകളാണ്. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റുകളുടെ കുറവുകൊണ്ടാണ് ഹീമോഫീലിയ ഉണ്ടാകുന്നത്. രക്തം കട്ടപടിക്കാത്ത അവസ്ഥയാണിത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ. രക്തത്തെയും മജ്ജയെയും ബാധിക്കുന്ന അർബുദമാണ് ലുക്കീമിയ.

രക്തദാനം
രക്തദാനത്തെ വലിയൊരു ജീവകാരുണ്യപ്രവർത്തനമായാണ് ഇന്ന് കാണുന്നത്. അപകടങ്ങളിൽ പെട്ടോ രോഗം ബാധിച്ചോ രക്തം ആവശ്യമായിവരുന്നവർക്ക് യോജിക്കുന്ന രക്തം മറ്റൊരാളിൽനിന്ന് നൽകുക എന്നതാണ് രക്തദാനംകൊണ്ടുദ്ദേശിക്കുന്നത്. ഒരുതവണ ഒരാൾക്ക് 350 മില്ലി ലിറ്റർ. മുതൽ 450 മില്ലി ലിറ്റർ വരെ രക്തം ദാനംചെയ്യാം. മൂന്നുമാസം കൂടുമ്പോൾ ഓരോ വ്യക്തിക്കും നിശ്ചിത പരിശോധനകൾക്കുശേഷം രക്തം ദാനംചെയ്യാവുന്നതാണ്. രാജ്യത്താകമാനം രക്തം സൂക്ഷിക്കാൻ 'ബ്ളഡ് ബാങ്കു'കളും പ്രവർത്തിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടന ജൂൺ 14 ലോക രക്തദാനദിനമായി ആചരിക്കുന്നു.