
1953-ൽ പുറത്തിറങ്ങിയ കെ.ടി. മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തിലാണ് ‘താമരപ്പൂങ്കാവനത്തില്’ എന്ന ഗാനം ആദ്യമായി ഉൾപ്പെടുത്തിയത്. എസ്.എം. സെയ്ദാണ് പാടിയത്. പിന്നീട് 2012-ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിൽ യേശുദാസിന്റെ ശബ്ദത്തിൽ ഈ ഗാനം ഉൾപ്പെടുത്തി.
സിനിമാഗാനരചനയ്ക്ക് സാഹിത്യത്തിൽ രണ്ടാംസ്ഥാനമാണ് പൊതുവേ കല്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, മികച്ച ഗാനരചനയ്ക്ക് ഒരു കവിത എഴുതുന്ന അതേ ഊർജം വേണ്ടതുണ്ട് എന്നതാണ് സത്യം. കഥാപാത്രങ്ങളുടെ രൂപത്തിനും ഭാവത്തിനും കഥാസന്ദർഭങ്ങൾക്കും ചേരുന്നതരത്തിലുള്ള ഗാനങ്ങൾ സിനിമയുടെ കഥയോട് പ്രേക്ഷകരെ ചേർത്തുനിർത്തുന്നു. വയലാർ, ഒ.എൻ.വി., പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി തുടങ്ങിയവർ മലയാള ചലച്ചിത്രഗാനശാഖയ്ക്ക് മികച്ച സംഭാവനകൾ നൽകിയവരാണ്. ഇവരുടെ സ്വാധീനം മലയാളസിനിമാഗാനങ്ങളെ കാവ്യാത്മകമാക്കി.
പാട്ടിന്റെ കഥ
പഴയകാല സിനിമാകൊട്ടകയിൽ സിനിമ തുടങ്ങുന്നതിനുമുൻപായി ആ സിനിമയിലെ ഗാനങ്ങൾ ഉച്ചഭാഷിണിയിൽ കേൾപ്പിക്കുന്ന പതിവുണ്ട്. പാട്ടുകേൾക്കാൻ ഇന്നത്തെപ്പോലുള്ള സാങ്കേതികസൗകര്യങ്ങളൊന്നുമില്ലാതിരുന്ന ആ കാലത്ത് ഗാനപ്രേമികൾ പാട്ടുകേൾക്കാനായി ടാക്കീസിനുമുന്നിൽ വരാറുണ്ട്. നല്ലഗാനങ്ങൾ സിനിമ കാണാൻ അവരെ പ്രേരിപ്പിക്കുന്നു.
സിനിമയുടെ വിജയത്തിന് ഗാനങ്ങൾ പ്രധാന ഘടകമായിരുന്നു അക്കാലത്ത്. അതുകൊണ്ടുതന്നെ നിർമാതാക്കൾക്കും സംവിധായകർക്കും ഗാനങ്ങൾ മികച്ചതാവണമെന്ന് നിർബന്ധവുമുണ്ടായിരുന്നു. സിനിമ വിനോദോപാധി ആയതുകൊണ്ടുതന്നെ അതിലെ ഗാനങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. കഥയെ ഭാവതീവ്രമാക്കാൻ തിരക്കഥയോട് ചേർന്നുനിൽക്കുന്ന ഗാനങ്ങൾ അനിവാര്യമാണ്.
‘കല്പകത്തോപ്പന്യനൊരുവനു പതിച്ചുനൽകി
നിന്റെ ഖൽബിലാറാടി മണ്ണിലെന്റെ ഖബറടക്കി
എന്റെ ഖബറടക്കി...’ -ഉമ്മാച്ചു എന്ന സിനിമയ്ക്കുവേണ്ടി പി. ഭാസ്‌കരൻ രചിച്ച ഈ ഗാനത്തിൽ ആ സിനിമയുടെ കഥ മുഴുവൻ ഒതുക്കിവയ്ക്കുന്ന മാസ്മരികഭംഗി കാണാം.
‘കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു...’ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ ഈ വരിയിൽ കാത്തിരിപ്പിന്റെ ദൈർഘ്യവും നൊമ്പരവും റഫീഖ് അഹമ്മദ് നമ്മെ അനുഭവപ്പെടുത്തുന്നു.
‘കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ’ (സിനിമ: ദേശാടനം, രചന: കൈതപ്രം)- മകന്റെ വേർപാടിൽ ഒരച്ഛൻ അനുഭവിക്കുന്ന ദുഃഖം മുഴുവൻ ഈ വരികളിൽ പ്രതിഫലിക്കുന്നു.
Content Highlights: Explore the rich history and impact of Malayalam cinema songs, from classic melodies to modern hits.
Published: 28 Jul 2025, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented