കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെട്ട ഭൂവിഭാഗമാണ് മലബാർ എന്നറിയപ്പെട്ടിരുന്നത്. 1766-നുമുൻപ് ഈ പ്രദേശത്തെ രാജാവ് സാമൂതിരിയായിരുന്നു. 1766-ൽ ഹൈദരലി, മലബാർ പ്രദേശം ആക്രമിച്ചതുമുതൽ 1792-ൽ ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരോട് പരാജയപ്പെടുന്നതുവരെ മലബാറിൽ രാജാക്കന്മാരും നാടുവാഴികളും പാരമ്പര്യരീതിയിൽ നീതിനിർവഹണം നടത്തിപ്പോരുകയായിരുന്നു.

To advertise here,

മലബാറിൽ ബ്രിട്ടീഷ് ആധിപത്യം തുടങ്ങിയതോടെ 1793-ൽ ഏഴ് ദറോഗകൾ സ്ഥാപിച്ചുകൊണ്ടാണ് ആധുനിക നീതിന്യായവ്യവസ്ഥയ്ക്ക് തുടക്കമായത്. കോളനിവത്കരണം ഫലപ്രദമായി നടപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് നിയമവ്യവസ്ഥയ്ക്ക് രൂപംനൽകിയത്. കണ്ണൂർ, കൊയിലാണ്ടി, താനൂർ, തിരൂരങ്ങാടി, പൊന്നാനി, ചേറ്റുവ, പാലക്കാട് എന്നിവിടങ്ങളിലാണ് ദറോഗകൾ പ്രവർത്തിച്ചത്. 1802-ലെ റെഗുലേഷൻ VII പ്രകാരം മലബാറിൽ ജില്ലാകോടതി സ്ഥാപിക്കപ്പെട്ടു. കോഴിക്കോട്ടും തലശ്ശേരിയിലും ജില്ലാകോടതി ആസ്ഥാനങ്ങൾ സ്ഥാപിക്കുകയും ചെയ്തു. തുടർന്ന്, 1843-നുശേഷം സെഷൻസ് കോടതിയും സബ്‌കോടതി, മുൻസിഫ് കോടതി തുടങ്ങിയവയും രൂപപ്പെട്ടു. 1875-ൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കോടതി നിലവിൽവന്നു.

കേസുകൾ
അക്കാലത്ത് ഒരുവർഷം ശരാശരി ആയിരത്തഞ്ഞൂറോളം സിവിൽ അപ്പീലുകൾ കോഴിക്കോട് ജില്ലാകോടതിയിൽ ഫയൽ ചെയ്യാറുണ്ടായിരുന്നു. മലബാറിലെ കൊലക്കേസുകൾ കോഴിക്കോട് ജില്ലാകോടതിയിലാണ് വിചാരണ ചെയ്യാറുണ്ടായിരുന്നത്. ഇന്ത്യൻ സിവിൽ സർവീസിലെ (I.C.S.) ബ്രിട്ടീഷുകാരായിരുന്നു ജില്ലാ ജഡ്ജിമാരായി നിയമിക്കപ്പെട്ടിരുന്നത്. രാവിലെ കൃത്യം പതിനൊന്നുമണിക്ക് കോടതി പ്രവർത്തനം ആരംഭിക്കുകയും ഉച്ചഭക്ഷണത്തിന് ഒരുമണിക്കൂർ ഇടവേളയ്ക്കുശേഷം അഞ്ചുമണിവരെ പ്രവർത്തിക്കുകയും ചെയ്തിരുന്നു.

1792 മുതൽ 1957 വരെ മലബാർ ജില്ല നിലനിന്നു. വില്യം ലോഗൻ, എച്ച്.വി. കനോലി തുടങ്ങിയവർ, ചരിത്രത്തിൽ ഇടംപിടിച്ച മലബാർ ജില്ലാകളക്ടർമാരായിരുന്നു. തന്റെ ഔദ്യോഗികകാലയളവിൽ മലബാറിന്റെ ചരിത്രവും സംസ്‌കാരവും ഭൂമിശാസ്ത്രവുമെല്ലാം പഠിച്ച് വില്യം ലോഗൻ തയ്യാറാക്കിയ മലബാർ മാന്വൽ, മലബാറിനെ തിരിച്ചറിയാൻ സഹായകമാണ്. കോഴിക്കോട്ടുകാർക്ക് സുപരിചിതമായ കനോലികനാൽ, കളക്ടർ എച്ച്.വി. കനോലിയുടെ സംഭാവനയാണ്.

ശിക്ഷകൾ പലതരം
അക്കാലത്ത് നിലവിലുണ്ടായിരുന്ന നീതിനിർവഹണം അതിവിചിത്രമായി ഇപ്പോൾ തോന്നാം. തിളയ്ക്കുന്ന ദ്രാവകത്തിൽ ശരീരഭാഗങ്ങൾ മുക്കി ശിക്ഷ നടപ്പാക്കിയിരുന്നു. പൊള്ളലേൽക്കാതിരിക്കാനുള്ള മരുന്നുകൾ പുരട്ടി പ്രതികൾ നിയമവ്യവസ്ഥയെ കബളിപ്പിച്ചിരുന്നതായും പറയപ്പെടുന്നു. കുറ്റംചെയ്തതായി സംശയിക്കുന്നവരെ മുതലകളുള്ള പുഴയിൽ നീന്തിക്കുകയും അപകടം പറ്റാതിരുന്നാൽ നിരപരാധിയായി കരുതുകയും ചെയ്തിരുന്നുവത്രേ. ഇതാണ് ജലപരീക്ഷ.