ന്യൂഡൽഹി: കൊളീജിയം സംവിധാനത്തിൽ കൂടുതൽ സുതാര്യത വേണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും തീരുമാനങ്ങളുടെ കാരണങ്ങൾ വ്യക്തമാക്കാതിരിക്കുന്നത് അർഹരായ ജഡ്ജിമാർക്ക് അർഹമായ അംഗീകാരം നിഷേധിക്കുന്നതിന് കാരണമാകുന്നുണ്ട്. അതോടൊപ്പം ഭരണഘടനാ വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്ന വ്യക്തികൾ നീതിന്യായവ്യവസ്ഥയിലേക്ക് കടന്നുവരാൻ ഇത് വഴിവെച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിധി സെന്റർ ഫോർ ലീഗൽ പോളിസി തയ്യാറാക്കിയ 'ജുഡീഷ്യൽ ട്രാൻസ്പരൻസി ഇൻഡക്സ്' പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊളീജിയം തങ്ങളുടെ ശുപാർശകൾക്ക് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യായാധിപരെ നിയമിക്കുന്നതിന്റെ മാനദണ്ഡം ജനങ്ങളോട് വെളിപ്പെടുത്താതിരിക്കുന്നാൽ, ഭാവിയിൽ ജനങ്ങളെ 'ഉറുമ്പുകൾ' എന്നൊക്ക വിളിച്ചുകൊണ്ട് അധിക്ഷേപിക്കുകയും, ഭരണഘടനാ വിരുദ്ധവും വിദ്വേഷപൂർണവുമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്ന ജഡ്ജിമാർ നീതിന്യായവ്യവസ്ഥയിലേക്ക് കടന്നുവരാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരുടെ നിയമനം പൊതുചർച്ചകളിൽനിന്ന് മാറ്റിനിർത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മുൻകാലങ്ങളിൽ ചിലർ ഭരണഘടനാവിരുദ്ധമായ പരാമർശങ്ങൾ നടത്തിയത് ചൂണ്ടിക്കാണിച്ച അദ്ദേഹം, അത്തരം വ്യക്തികൾ ജുഡീഷ്യറിയിലേക്കെത്തുന്നത് തടയാൻ കൃത്യമായ ചർച്ചകളും വിവരങ്ങൾ വെളിപ്പെടുത്തലും ആവശ്യമാണെന്ന് വ്യക്തമാക്കി. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജഡ്ജിമാരുടെ വിവരങ്ങൾ പുറത്തുവരാതിരിക്കുന്നത് അവരോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ സുപ്രീംകോടതി കൊളീജിയം പുറത്തിറക്കിയ ചില പ്രസ്താവനകളുടെ ശൈലിയിൽ മാറ്റം വന്നതായും ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ചൂണ്ടിക്കാട്ടി. മുൻപ് നൽകിയിരുന്ന പ്രസ്താവനകളിൽ നിയമനത്തിന് വ്യക്തമായ കാരണങ്ങൾ നൽകിയിരുന്നെങ്കിൽ, അടുത്തകാലത്തെ ചില ഉത്തരവുകളിൽ അത്തരം കാരണങ്ങൾ ഒന്നുംതന്നെ നൽകിയിട്ടില്ല. കേസ് വിചാരണകളിലും വിധിപ്രസ്താവങ്ങളിലും സുതാര്യത പുലർത്തുന്ന ജുഡീഷ്യറി, സ്വന്തം ഭരണപരമായ കാര്യങ്ങളിൽ ഇപ്പോഴും രഹസ്യസ്വഭാവം സൂക്ഷിക്കുന്നത് വൈരുധ്യമാണ്. 'ആരാണ് നിരീക്ഷകരെ നിരീക്ഷിക്കുന്നത്?' എന്ന ചോദ്യവും ജുഡീഷ്യറിയിലെ ഉത്തരവാദിത്വത്തെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം ഉന്നയിച്ചു.
Published: 01 Aug 2026, 06:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented