ഏറെ നാളുകൾക്ക് ശേഷം മുത്തശ്ശന്റെ തറവാട്ടിലെത്തിയ കുഞ്ഞുങ്ങൾ അടുക്കളയുടെ സമീപത്തുള്ള തോട്ടത്തിൽ കളിക്കുകയായിരുന്നു.
ആരവും മാളുവും അഖിലും അനന്തുവും തോട്ടം ചുറ്റി നടന്ന സൂക്ഷ്മ നിരീക്ഷണം നടത്തുന്ന നേരത്ത് മുത്തശ്ശി കൊണ്ടുവന്ന പുളിച്ച കഞ്ഞിയുടെ മണം വന്നപ്പോൾ മാളു ചോദിച്ചു.
''എന്തുകൊണ്ടാണ് ഇതൊക്കെ മുത്തശ്ശി നമ്മളോട് കുടിക്കാൻ പറയുന്നത്?''
''പുളിച്ചാ മോശമല്ലേ? വയറിന് കേടല്ലേ ' ആരവും ചോദിച്ചു
അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു, ''ഇതിൽ നമ്മൾ കാണാത്ത നല്ല സുഹൃത്തുക്കളുണ്ട്.''
കാണാത്ത സുഹൃത്തുകൾ എന്ന വാക്ക് കേട്ട് കുട്ടികൾക്ക് വലിയ കൗതുകം തോന്നി.
അമ്മ അവരെ അടുത്തുള്ള സ്‌കൂളിലെ സയൻസ് ടീച്ചറുടെ അടുത്തേക്ക് കൊണ്ടുപോയി. ടീച്ചർ ഒരു ചെറിയ യന്ത്രത്തിനടിയിൽ ഒരു തുള്ളി കഞ്ഞി വെള്ളം വച്ചിട്ട് പറഞ്ഞു
പറഞ്ഞു, ''മക്കളെ മൈക്രോസ്‌കോപ്പ് കണ്ടിട്ടില്ലേ ഇതിലൂടെ നോക്കൂ.''
കുട്ടികൾ കണ്ടത് കണ്ണിന് കാണാനാകാത്ത, എന്നാൽ ചലിച്ചുകൊണ്ടിരിക്കുന്ന ചെറിയ ജീവികളെയാണ്.
''ഇവരാണ് സൂക്ഷ്മജീവികൾ പ്രോബയോട്ടിക്കുകൾ എന്നു പറയും,'' ടീച്ചർ പറഞ്ഞു.
''നമ്മുടെ നാട്ടിൽ എല്ലാവരും ധാരാളമായി ഉപയോഗിക്കുന്ന കഞ്ഞി, മോര്, കപ്പ, പുളി, തുടങ്ങിയ ഭക്ഷണങ്ങളിലൊക്കെ ഇവ ജീവിക്കുന്നു. ഇവ നമ്മുടെ വയറിന് ആരോഗ്യം നൽകുന്നു, രോഗങ്ങളിൽ നിന്ന് നമ്മളെ കാക്കുന്നു.''
ആരവ് ചോദിച്ചു, ''ഇവ മനുഷ്യർക്കു മാത്രമേ ഗുണം ചെയ്യുകയുള്ളൂ?''
'ഏയ് അല്ല. ഇവ മണ്ണിനെ ഫലപുഷ്ടിയുള്ളതാക്കുന്നു, ചെടികളെ വളരാൻ സഹായിക്കുന്നു, മൃഗങ്ങൾക്ക് ആരോഗ്യം നൽകുന്നു വെള്ളത്തിലും മണ്ണിലും ഇവ ധാരാളമുണ്ട്. ഏവരെയും ഇത് ആരോഗ്യവാനാക്കുന്നു. ജീവൻ ഉള്ളവയ്‌ക്കെല്ലാം ഈ കുഞ്ഞണു ഉപകാരിയാണ്.''
''അപ്പൊ നമ്മൾ മണ്ണിലും വെള്ളത്തിലും അധികം രാസവസ്തുക്കൾ ഒഴിച്ചാൽ ഈ ചെറിയ ജീവികൾ മരിക്കുമല്ലോ?''
അഖിൽ ആശങ്കയോടെ ചോദിച്ചു.
''അതെ മക്കളെ ശരിയാണ് ടീച്ചർ പറഞ്ഞു. അവ നശിച്ചാൽ നമ്മളുടെയും ഭൂമിയുടെയും ആരോഗ്യം നഷ്ടമാകും.''
ടീച്ചർ തുടർന്നു, ''കേരളം നമ്മുടെ സംസ്ഥാനത്തിന്റെ തനതായ ഒരു സൂക്ഷ്മജീവിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ ചെറിയ ജീവികൾ എത്ര വിലപ്പെട്ടവയാണെന്ന് അത് നമ്മളെ ഓർമ്മിപ്പിക്കുന്നു '
' ഓഹോ കേരളത്തിൽ മാത്രമോ?'' മാളു ചോദിച്ചു.
''അല്ല,'' ടീച്ചർ ചിരിച്ചു. ''സൂക്ഷ്മജീവികൾക്ക് അതിർത്തികൾ അറിയില്ല. കേരളത്തിൽ നിന്നു തുടങ്ങുന്ന ഈ ചിന്ത മറ്റിടങ്ങളിലേക്കും പടരും.''
വീട്ടിലേക്ക് മടങ്ങുമ്പോൾ കുട്ടികളുടെ മനസ്സിൽ വലിയ മാറ്റമുണ്ടായി.
''ഇനി ഞാൻ പുളിച്ച ഭക്ഷണം ഇഷ്ടപ്പെടും,'' ആരവ് പറഞ്ഞു.
''ഞാൻ മണ്ണിനെയും വെള്ളത്തെയും വേദനിപ്പിക്കില്ല,
ദോശയ്ക്ക് പുളിയാണെന്ന് പറഞ്ഞ് അമ്മയോട് വഴക്ക് കൂടില്ല' അനന്തു പറഞ്ഞു.
ഇതെല്ലാം കേട്ട് ആവേശത്തോടെ മാളു പറഞ്ഞു, ''ഞാൻ ഈ ചെറിയ ജീവികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞയാവും.''
അന്ന് മുതൽ അവർക്കു മനസ്സിലായി, കണ്ണിന് കാണാനാകാത്ത ഈ ചെറിയ സൂക്ഷ്മജീവികളാണ് മനുഷ്യന്റെയും ഭൂമിയുടെയും വലിയ സംരക്ഷകർ. കുഞ്ഞുങ്ങൾ വന്ന് വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ മുത്തശ്ശൻ പറഞ്ഞു 'തീരെച്ചെറിയ അണുവിന് പോലും പ്രപഞ്ചത്തിൽ അതിന്റേതായ സ്ഥാനമുണ്ട്.'
Content Highlights: Fermented foods like kanji and buttermilk contain beneficial probiotics that improve gut health.
Published: 20 Aug 2026, 02:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented