ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ, ഡയറി ഓഫ് എ വിംപി കിഡ് തുടങ്ങി ഡയറിക്കുറിപ്പുകളിലൂടെ ഹിറ്റായ ധാരാളം പുസ്തകങ്ങൾ ഉണ്ട്. അതേപ്പറ്റി കേൾക്കാത്തവർ കാണില്ല.
കൂട്ടുകാർ ഡയറി എഴുതാറുണ്ടോ? ഓരോ ദിവസത്തെയും പ്രധാനപ്പെട്ട കാര്യങ്ങളും രസകരമായ അനുഭവങ്ങളും പുതുമയുള്ള സംഭവങ്ങളും എല്ലാം ചേർത്ത് ഡയറി എഴുതുന്നത് എന്ത് രസമാണല്ലേ? മാത്രവുമല്ല, ഇത് വളരെ നല്ല ഒരു ശീലം കൂടിയാണ്. സ്‌കൂൾ പരീക്ഷകളിൽ, ഡയറി എഴുതാൻ ആവശ്യപ്പെടുന്ന ചോദ്യങ്ങളും ഉണ്ടാകാറുണ്ട്.

To advertise here,

ഡയറി എഴുതുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ...
നോട്ട് ബുക്കിലാണ് എഴുത്തെങ്കിൽ അന്ന് ഏതു ദിവസമാണെന്നും, തീയതി ഏതാണെന്നും എഴുതണം.
എഴുന്നേറ്റു, പല്ലു തേച്ചു, കുളിച്ചു എന്നിങ്ങനെ നിത്യേനയുള്ള പ്രഭാതകൃത്യങ്ങൾ വെറുതെ എഴുതുന്നതിനുപകരം, ആ ദിവസത്തെ എന്തെങ്കിലും പ്രത്യേകതയിൽനിന്ന് തുടങ്ങാം ഡയറി എഴുത്ത്. ഉദാഹരണമായി, ഞാൻ എഴുന്നേൽക്കുമ്പോൾ പുറത്ത് നല്ല മഴയായിരുന്നു എന്നോ, ചിക്കു പട്ടിയുടെ നിർത്താതെയുള്ള കുരകേട്ടാണ് ഉണർന്നതെന്നോ തുടങ്ങിയ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ, എഴുതി തുടങ്ങിയാൽ നന്നാവും.
ഓരോ ദിവസത്തിലും സംഭവിച്ച പുതുമയുള്ള, രസകരമായ, ഓർത്തിരിക്കേണ്ട കാര്യങ്ങൾ എഴുതാൻ ശ്രദ്ധിക്കണം. പുതുതായി കണ്ട സ്ഥലമോ, പരിചയപ്പെട്ട വ്യക്തിയോ, വായിച്ച പുസ്തകമോ എല്ലാം ഡയറി എഴുത്തിൽ വന്നോട്ടെ. ഒരു ചങ്ങാതിയോട് എന്നപോലെ നിങ്ങളുടെ പിണക്കങ്ങളും സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ഡയറിയിൽ എഴുതുക.
 ഡയറി എഴുത്ത് അവസാനിപ്പിക്കുമ്പോൾ, ആ ദിനം നിങ്ങൾക്കെങ്ങനെയുണ്ടായിരുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് നിർത്തുന്നത് നന്നായിരിക്കും.

നിത്യവും ഡയറി എഴുതുന്നത്, ഓർമശക്തി കൂട്ടാനും കൈയക്ഷരം നന്നാവാനും ഭാവനകൾ വളരാനും സഹായിക്കുമെന്ന് ശാസ്ത്രപഠനങ്ങൾ പറയുന്നു.