പാമ്പു പിണഞ്ഞ ചിഹ്നം!
ഡോക്ടർമാർ ഉപയോഗിക്കുന്ന ചിഹ്നം നിങ്ങൾ കണ്ടിട്ടില്ലേ? എപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ടോ എന്താണ് ഇതെന്ന്? ഹെംസിന്റെ ദണ്ഡ് (Rod of Hermes) എന്നാണ് ഇതിന്റെ പേര്. രണ്ട് പാമ്പുകൾ ചിറകോടുകൂടിയ ഒരു ദണ്ഡിൽ ചുറ്റിപ്പിണഞ്ഞുകിടക്കുന്നതാണ് ഇതിന്റെ രൂപം. കഡൂസിയസ് എന്നും ഇത് അറിയപ്പെടുന്നു.

To advertise here,

അസ്‌ക്ലിപ്പിയസിന്റെ ദണ്ഡ് (Rod of Asclepius) ആണ് പഴയ ചിഹ്നം. ഒരു ദണ്ഡിൽ ഒറ്റ സർപ്പമുള്ള രൂപമാണ് ഇത്. ഗ്രീക്ക് ഐതിഹ്യം അനുസരിച്ച് അപ്പോളോ ദേവന്റെ പുത്രനാണ് അസ്‌ക്ലിപ്പിയസ്. അസുഖങ്ങൾ മാറ്റുന്നതിന്റെ ദേവനായി ഇദ്ദേഹത്തെ കരുതുന്നു. മരിച്ചവരെപ്പോലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള കഴിവ് ഉണ്ടായിരുന്നു. അസ്‌ക്ലിപ്പിയസിന്റെ ദണ്ഡിന് മാന്ത്രികശക്തിയുണ്ടെന്നാണ് വിശ്വാസം.

എന്തുകൊണ്ട് പാമ്പ്?
ഗ്രീക്ക് പുരാണങ്ങളിൽ പാമ്പുകളെ പവിത്രമായി കണക്കാക്കിയിരുന്നു. പാമ്പിന്റെ പടംപൊഴിക്കാനുള്ള കഴിവ് അതിന്റെ പുനർജ്ജന്മത്തിന്റെയും പ്രത്യുത്പാദനശേഷിയുടെയും പ്രതീകമായാണ് അവർ കണ്ടിരുന്നത്.

സ്റ്റെതസ്‌കോപ്പിന്റെ പിറവി!
രോഗിയുടെ നെഞ്ചിനോട് ചെവി ചേർത്തുപിടിച്ചുകൊണ്ടാണ് ആദ്യകാലങ്ങളിൽ രോഗനിർണയം നടത്തിയിരുന്നത്. ഇങ്ങനെ നെഞ്ചോടുചേർത്ത് ചെവി വെച്ചുകൊണ്ട് രോഗനിർണയം നടത്തുന്നത് വളരെ അലോസരമായി തോന്നിയ ഫ്രഞ്ച് ഡോക്ടർ റെനെ ലെനക് ആണ് ആദ്യമായി സ്റ്റെതസ്‌കോപ്പിന്റെ ആദിമരൂപം കണ്ടെത്തിയത്. ഒരു പേപ്പർ കുഴലുപോലെ ചുരുട്ടിയതായിരുന്നു ഇത്. സംഗീതജ്ഞൻ കൂടിയായ ലെനക് തന്റെ ഓടക്കുഴലിൽ പേപ്പർ ചുറ്റി അതിനെ ഒരു സ്റ്റെതസ്‌കോപ്പാക്കി മാറ്റി.

വർഷങ്ങൾക്കു ശേഷം ഡയഫ്രം ഉൾപ്പെടുത്തിയ സ്റ്റെതസ്‌കോപ്പ് വന്നു. പിന്നീട് ഇരുചെവിയിലും ഉപയോഗിക്കാൻ പറ്റുന്ന സ്റ്റെതസ്‌കോപ്പ് കണ്ടെത്തി. വിവിധതരം മോഡൽ സ്റ്റെതസ്‌കോപ്പുകൾ പിന്നീട് പ്രചാരത്തിലെത്തി. 1961-ൽ ഡോ.ഡേവിഡ് ലിറ്റ്മാൻ അവതരിപ്പിച്ച മോഡലാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

സ്റ്റെതസ്‌കോപ്പ് എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ 'സ്റ്റെതേഴ്‌സ്' എന്നും 'സ്‌കോപിയൻ' എന്നുമുള്ള രണ്ട് വാക്കുകളിൽനിന്ന് വന്നതാണ്. സ്റ്റെതേഴ്‌സിന് നെഞ്ച് അഥവാ ചെസ്റ്റ് എന്നാണർഥം. സ്‌കോപ്പിയൻ എന്നതിന് വ്യൂ അഥവാ കാണുക എന്നും.

അസ്‌ക്ലിപ്പിയസ് എന്ന പേരിൽ നിന്നാണ് 'ആശുപത്രി' എന്ന വാക്കുണ്ടായത് എന്നു പറയുന്നു. അസ്‌ക്ലിപ്പിയസിന്റെ പെൺമക്കളായ ഹൈജിയയുടെ പേരിൽ നിന്ന് ഹൈജീൻ അഥവാ ശുചിത്വം എന്ന വാക്കും പനേഷ്യയുടെ പേരിൽ നിന്ന് പനേഷ്യ അഥവാ ഒറ്റമൂലി എന്ന വാക്കും ഉണ്ടായെന്ന് പറയുന്നു.

MBBSന്റെ പൂർണരൂപം Bachelor of Medicine and Bachelor of Surgery എന്നാണ്.

ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുക്കൾ
ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ലൂയിസ് ബ്രൗൺ 1978 ജൂലായ് 25-ന് ബ്രിട്ടനിൽ ജനിച്ചു. ഇൻവിട്രോ ഫെർട്ടിലൈസേഷൻ (IVF) പ്രക്രിയയിലൂടെയാണ് ഇവരുടെ ജനനം. ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ വൈദ്യമുന്നേറ്റമായി ഇവരുടെ ജനനം അംഗീകരിക്കപ്പെട്ടു.

ലൂയിസ് ബ്രൗൺ പിറന്ന് 67 ദിവസം കഴിഞ്ഞ് 1978 ഒക്ടോബർ 3-ന് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ 'ദുർഗ' എന്ന് പേരുവിളിച്ച കനുപ്രിയ അഗർവാൾ പിറന്നു. കൊൽക്കത്തയിൽ ജനിച്ച ഈ കുട്ടിയാണ് ലോകത്തെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു.

എന്നാൽ ദുർഗയാണ് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവെന്ന് അധികൃതർ അംഗീകരിച്ചില്ല. 1986 ഓഗസ്റ്റ് 6-ന് മുംബൈയിൽ ജനിച്ച ഹർഷാ ചൗധയ്ക്കാണ് ഈ പദവി.