‘‘വരൂ, ചായ കുടിക്കാം.’’ ചായയും പലഹാരവും എടുത്തുവെച്ച് അമ്മ അങ്കിളിനെ ഡൈനിങ് ടേബിളിനടുത്തേക്ക് ക്ഷണിച്ചു.
എന്നാൽ, ആദി അങ്കിളിനെ വിടാൻ തയ്യാറായിരുന്നില്ല.
‘‘എന്താണ് അങ്കിൾ കാണിച്ച മാജിക്കിന്റെ രഹസ്യം? എനിക്ക് പറഞ്ഞുതാ, പ്ലീസ്.’’
‘‘ഇത് മാജിക്കൊന്നുമല്ല. ചെറിയൊരു മെന്റലിസം ട്രിക്കാണ്. സംഭവിക്കാൻപോവുന്ന കാര്യം മെന്റലിസ്റ്റുകൾക്ക് മുൻകൂട്ടി പ്രവചിക്കാൻപറ്റും. എന്നാൽ, അതിന്റെ രഹസ്യം അവർ ആർക്കും പറഞ്ഞു കൊടുക്കാറില്ല.’’ രോഹിത് അങ്കിൾ ഗൗരവത്തോടെ പറഞ്ഞു.
‘‘അങ്കിൾ പ്ലീസ്, എനിക്കും മെന്റലിസം പഠിക്കണം.’’
‘‘പഠിച്ചിട്ടെന്തിനാ?’’
‘‘ക്ലാസിൽ എനിക്ക് ഒരു വിലയുമില്ല. കുറച്ച് ട്രിക്കുകൾ അവതരിപ്പിച്ച് എല്ലാവരുടെയും മുന്നിൽ ഒന്ന് ഷൈൻചെയ്യണം.’’ ആദി സത്യം പറഞ്ഞു.
ചായകുടിക്കുന്നതിനിടയിൽ അങ്കിൾ പറഞ്ഞു:‘‘ശരി, നിനക്ക് അത്രയ്ക്ക് താത്‌പര്യമുണ്ടെങ്കിൽ ഞാൻ നിന്നെ കുറച്ച്‌ ട്രിക്കുകൾ പഠിപ്പിക്കാം. പക്ഷേ, നന്നായി പ്രാക്ടീസ്ചെയ്തശേഷമേ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാവൂ. സീക്രട്ട് ആർക്കും പറഞ്ഞുകൊടുക്കുകയും ചെയ്യരുത്. പത്ത്‌ ട്രിക്കുകളെങ്കിലും പഠിച്ചുവെച്ചതിനുശേഷംമാത്രമേ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിച്ചുതുടങ്ങാവൂ. ഒരുതവണ അവതരിപ്പിച്ച ട്രിക്ക് ഒരിക്കലും അതേ ആളുകളുടെ മുന്നിൽ വീണ്ടും അവതരിപ്പിക്കരുത്.’’
ആദിക്ക് സന്തോഷമായി. ‘‘എല്ലാം സമ്മതിച്ചു, അങ്കിൾ. ഒന്ന് വേഗം പഠിപ്പിക്ക്.’’ ആദി തിരക്കുകൂട്ടി.
‘‘ആദ്യം, ഇപ്പോൾ ഞാൻ കാണിച്ച ട്രിക്കിന്റെ രഹസ്യം പറയാം. നീ ഫുട്‌ബോളായിരുന്നു ആഗ്രഹിച്ചിരുന്നത്, അല്ലേ?’’
‘‘അതെ, ആദി പറഞ്ഞു”.
‘‘നിനക്ക് ബ്രെയ്‌സ്‌ലെറ്റ് തന്നെ തരണമെന്ന് ഞാൻ നേരത്തേ തീരുമാനിച്ചിരുന്നു. നീ ഏത്‌ സംഖ്യ പറഞ്ഞാലും സമ്മാനം അതുതന്നെ കിട്ടിയേനേ.'' അങ്കിൾ തന്റെ രഹസ്യം വെളിപ്പെടുത്തി.
‘‘അതെങ്ങനെ?’’ ആദിക്ക് അദ്‌ഭുതമായി.
‘‘നീ FIVE എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ ഇടതുഭാഗത്തുനിന്ന് എണ്ണാൻതുടങ്ങിയത്. FOUR പറഞ്ഞിരുന്നെങ്കിലും അങ്ങനെതന്നെ ചെയ്യും. അപ്പോഴും ബ്രെയ്‌സ്‌ലെറ്റിൽ എത്തും. ഇനി ONE, TWO, SIX ഇതിലേതെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഞാൻ വലതുഭാഗത്തുനിന്നായിരിക്കും എണ്ണാൻ തുടങ്ങുക.’’
‘‘അങ്കിളിന്റെ സൂത്രം കൊള്ളാം, അപ്പോൾ മൂന്ന്‌ പറഞ്ഞിരുന്നെങ്കിലോ?’’
‘‘മൂന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വലതുഭാഗത്തു നിന്ന് one, two, three എന്നാവും എണ്ണുക. മൂന്നാമത്തെത് ബ്രെയ്‌സ്‌ലെറ്റ് ആണല്ലോ.’’
‘‘സൂപ്പർ ട്രിക്കാണ് അങ്കിൾ, ഇത് ആരുടെയെങ്കിലും മുന്നിൽ അവതരിപ്പിച്ചാലേ എനിക്കിനി സമാധാനം കിട്ടുകയുള്ളൂ.’’
‘‘നിനക്ക് ട്രിക്ക്‌ പൂർണമായി മനസ്സിലായോ? എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാം.’’
‘‘ഒരു സംശയവുമില്ല. വലത്തുനിന്ന് മൂന്നാമത്, അല്ലെങ്കിൽ ഇടത്തുനിന്ന് നാലാമത് വെച്ചിരിക്കുന്ന വസ്തുവാണ് മജീഷ്യൻസ് ചോയ്‌സ്.’’
‘‘അതുതന്നെ. നീ തകർക്ക്, മെന്റലിസ്റ്റ് ആദീ. ഞാൻ വിചാരിച്ചതിലും വേഗത്തിൽ നീ കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട്.’’ അങ്കിൾ അവനെ പ്രോത്സാഹിപ്പിച്ചു.
‘‘അങ്കിൾ, ഒരു കാര്യംകൂടിയുണ്ട്. ഇന്ന് പാർട്ടിക്കെത്തുന്ന കൂട്ടുകാരുടെ മുന്നിൽ ഒരു വെറൈറ്റി ട്രിക്ക് പെർഫോംചെയ്യണേ.’’
‘‘നമുക്ക് നോക്കാം.’’ അങ്കിൾ തലയാട്ടി. ആദി പുഞ്ചിരിച്ചു.
അടുത്ത ലക്കത്തിൽ പുതിയ ട്രിക്ക് പഠിക്കാം.
 

To advertise here,