വേട്ടക്കാരുടെ കൈയിലകപ്പെട്ട കൂട്ടുകാരെ രക്ഷിക്കാൻ മാന്ത്രികവാലും നീട്ടി കപീഷ് വീണ്ടും വരുന്നു. രണ്ടുപതിറ്റാണ്ട് പിന്നിടുന്ന അജ്ഞാതവാസം അവസാനിപ്പിച്ചാണ് കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രമായ കപീഷ് എന്ന മാന്ത്രിക വാനരന്റെ മടങ്ങിവരവ്. മാതൃഭൂമിയുടെ കുട്ടികൾക്കുള്ള പ്രസിദ്ധീകരണമായ ബാലഭൂമിയാണ് കപീഷിന്റെ കേളികൾക്ക് ഇനി അരങ്ങാവുന്നത്.

To advertise here,

കഡുവനത്തിലെ കപീഷിന്റെ ചങ്ങാതിമാരായ മോട്ടുമുയലും പിന്റുമാനും ബന്ദിലആനയും പഞ്ച എന്ന പരുന്തും അവർക്കുവേണ്ടി വലവിരിക്കുന്ന പീലുക്കടുവയും സിംഗാൾ എന്ന സൂത്രക്കാരൻ കുറുക്കനും ദൊപ്പയ്യ എന്ന വേട്ടക്കാരനുമെല്ലാം ചേർന്നുള്ള ജംഗിൾ യൂണിവേഴ്സ് ഇന്ത്യൻ കോമിക് ചരിത്രത്തിൽ അപൂർവ്വമാണ്.

മൂന്നുപതിറ്റാണ്ടോളം ഇന്ത്യയിലെ ലക്ഷക്കണക്കിന് കുട്ടികളുടെ വായനയ്ക്ക് ചിറക് മുളപ്പിച്ച കപീഷിന് പുനർജന്മമേകാൻ ചിത്രകാരൻ മോഹൻദാസ് തയ്യാറെടുക്കുമ്പോൾ കഥ രചിക്കുന്നത് ബാലഭൂമി അസിസ്റ്റന്റ് എഡിറ്റർ സന്തോഷ് വള്ളിക്കോടാണ്.

1970-ൽ മുംബൈയിൽ അനന്തപൈയുടെ രംഗരേഖയിൽ ചേർന്ന മോഹൻദാസിന്റെ വരകളിലൂടെയായിരുന്നു കപീഷിന്റെ ജനനം. മോഹൻദാസിന്റെ വരകൾക്ക് കഥ ചമച്ചത് അനന്തപൈയാണ്. ചിൽഡ്രൻസ് വേൾഡ്, ബാലഭാരതി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെ ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലും കപീഷ് ഹീറോയായി. വിദേശ കാർട്ടൂൺ കഥാപാത്രങ്ങളുടെ ആരാധകരായ ഇന്ത്യയിലെ കുട്ടികൾക്ക് ഇടയിൽ ആദ്യ തദ്ദേശീയ സൂപ്പർനായകനായി കപീഷ് മാറി. അതോടെ കുട്ടികളുടെ ഇടയിൽ ഹീറോയായ ആദ്യ ഇന്ത്യൻ കോമിക് ക്യാരക്ടറെന്നായിരുന്നു കപീഷിന്റെ പെരുമ. പൈക്കോ പ്രസിദ്ധീകരണമായ പൂമ്പാറ്റയിലൂടെ 1978 മുതലാണ് കപീഷ് മലയാളത്തിലെത്തുന്നത്.

വേട്ടക്കാരൻ ദൊപ്പയ്യയുടെ ക്രൂരതകൾ കപീഷിന്റെ മാന്ത്രിക വാലിന്റെ കരുത്തിൽ അവസാനിച്ചപ്പോൾ കേരളത്തിലെ കുട്ടികളും തുള്ളിച്ചാടി. യഥേഷ്ടം നീട്ടാവുന്ന വാൽ ആയിരുന്നു കപീഷിന്റെ രഹസ്യായുധം. തിന്മയ്ക്കെതിരെ നൻമ നേടുന്ന വിജയമായിരുന്നു ഈ കഥകളുടെ സാരാംശം. കുഞ്ഞുങ്ങളുടെ മനസ്സിൽ നന്മപാകി വിലസിയ കപീഷ് കേരളത്തിലും വായനക്കാർ കാത്തിരിക്കുന്ന ചിത്രകഥയായി മാറി. ബന്ദിലയും മോട്ടുവും സിഗാളും പീലുവും വായനക്കാരുടെ ഇഷ്ടക്കാരായി. വയസ്സനായ കേശു സിംഹവും ക്രൂരനായ ദൊപ്പയ്യയും അയാളുടെ നൻമ നിറഞ്ഞ മരുമകൾ ഇളയും കൂടി അന്നത്തെ ബാല്യത്തെ കൈയിലെടുത്തു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് കപീഷിന്റെ പകർപ്പവകാശം കൈവശമുണ്ടായിരുന്ന അനന്തപൈ അത് ഹൈദരാബാദിലെ കളർചിപ്‌സ് എന്ന അനിമേഷൻ കമ്പനിക്ക് കൈമാറുന്നത്. അതോടെ കപീഷിന്റെ അച്ചടിമാധ്യമത്തിലെ കഥ തീർന്നു.അനിമേഷനായി പുനർജനിക്കുമെന്നായിരുന്നു കരാർ. പക്ഷേ, കളമൊഴിഞ്ഞ് വർഷങ്ങളായിട്ടും കപീഷിന്റെ അനിമേഷൻ പുറത്തിറങ്ങിയില്ല. അതിന് തന്റെ മാന്ത്രികവാലും ആ കഥാപാത്രത്തെ തുണച്ചില്ല. വിവിധ സാങ്കേതിക തടസ്സങ്ങളായിരുന്നു കാരണം.

കളർചിപ്സ് ഏറ്റെടുത്ത കപീഷ് ഇനി മടങ്ങിവരില്ല എന്നറയിച്ചുകൊണ്ട് 2002 ജനുവരി 6ന് മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന ലേഖനം കപീഷിന്റെ ആരാധകരെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. എന്നാലിപ്പോൾ കപീഷിന്റെ രണ്ടാംവരവിന് അതേ മാതൃഭൂമിതന്നെ മുൻകൈയെടുത്തത് ചരിത്രത്തിന്റെ നിയോഗമായിരിക്കും.

'കപീഷിന്റെ പഴയ വായനക്കാരൊക്കെ ഇന്ന് മുതിർന്നവരായി. ഇപ്പോഴത്തെ കുഞ്ഞുങ്ങൾക്ക് കപീഷ് ആരാണെന്ന് മനസ്സിലാക്കിക്കൊടുക്കലാണ് വെല്ലുവിളി. എന്തായാലും പുതിയ കാലത്തിന് അനുസരിച്ച് കപീഷും മാറും. ഇനി വാലിനൊപ്പം കൈയിലൊരു മൊബൈൽ ഫോണും കണ്ടാൽ അത്ഭുതപ്പെടാനില്ല' ചിത്രകാരൻ മോഹൻദാസ് പറയുന്നു.

പുതുവർഷത്തിന്റെ ആദ്യവാരം പുറത്തിറക്കുന്ന ബാലഭൂമിയിൽ കപീഷിന്റെ വാലുണ്ടാക്കുന്ന അത്ഭുതങ്ങൾ കാണാം. വായനയും ആസ്വാദനശീലവും മാറിമാറി വന്നാലും കപീഷ് തന്റെ മാന്ത്രിക വാലുകൊണ്ട് പുതിയ വായനക്കാരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുമെന്ന് ഉറപ്പ്.

കപീഷിനെപറ്റി ബേപ്പൂർസുൽത്താൻ
വൈക്കം മുഹമ്മദ് ബഷീർ എഴുതിയത്

സഖാവ് കപീഷ് ഇവിടെനിന്ന് പാർലമെന്റിലേക്ക് ഇലക്ഷന് നിന്നിരുന്നേൽ നൂറുശതമാനവും ജയിക്കുന്നതാരാണെന്നോ? സഖാവ് കപീഷ് തന്നെ! സഖാവ് കപീഷിനേയും ബന്ദിലായേയും ബേപ്പൂർക്കയയ്ക്കാൻ അപേക്ഷ. നല്ല മധുരമുള്ള ഓലമടലും പഴങ്ങളും ചോറും കറിയും പായസവും കൊടുക്കാം. എന്റെ മകൻ അനീസ് ബഷീറിനും കൂട്ടുകാർക്കും സഖാവ് കപീഷുമായി കളിക്കാൻ ആഗ്രഹമുണ്ട്. പിന്നെ ബന്ദിലായുടെ പുറത്തുകയറി സവാരി ചെയ്യാനും. കള്ളൻ സിഗാളിനെ ബേപ്പൂർക്കയയ്ക്കണ്ട. ഇവിടങ്ങളിൽ കോഴികൾ ധാരാളമുണ്ട്.- മലയാളസാഹിത്യത്തിലെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ കപീഷിനെപറ്റി എഴുതിയതാണീ വരികൾ.