പണ്ട് ജമദഗ്‌നി എന്നൊരു മഹർഷി ഉണ്ടായിരുന്നു. മൂക്കിന്റെ തുമ്പത്താണ് കോപം. ഒരിക്കൽ അദ്ദേഹം ആശ്രമത്തിന് വെളിയിൽ ഇറങ്ങിയപ്പോൾ സഹിക്കാനാവാത്ത വെയിൽ! കോപം വന്ന മഹർഷി സൂര്യനു നേരെ തുരുതുരാ അമ്പുകൾ അയച്ചു. പേടിച്ചു പോയ സൂര്യൻ ഒരു ബ്രാഹ്‌മണ വേഷത്തിൽ ജമദഗ്നിക്കു സമീപമെത്തി ചൂടിൽ നിന്നും രക്ഷപ്പെടാൻ കുടയും ചെരുപ്പും നൽകി. കുട ഉണ്ടായതിനെ പറ്റി മഹാഭാരതത്തിലുള്ള ഒരു കഥയാണിത്. എന്നാൽ ശരിക്കും എന്നു മുതലാണ് മനുഷ്യർ കുടകൾ ഉപയോഗിച്ചു തുടങ്ങിയതെന്നറിയാമോ?
ഇത് അങ്ങനൊന്നും അല്ലടേ!
ഏതാണ്ട് 3000 കൊല്ലങ്ങൾക്കു മുൻപു തന്നെ കുടകൾ ഉള്ളതായി സൂചനകളുണ്ട്. ഈജിപ്തിലെ ഫറവോമാർ പനയുടെ ഇലകളും പക്ഷിത്തൂവലുകളും ഉപയോഗിച്ചുള്ള കുടകൾ ചൂടി നിൽക്കുന്ന ചിത്രങ്ങളുണ്ട്. പ്രൗഢിയും രാജകീയതയും കാണിക്കാനായിരുന്നു അന്ന് ഇത്തരം കുടകൾ ഉപയോഗിച്ചിരുന്നത്.
രഥങ്ങൾ, സിംഹാസനങ്ങൾ എന്നിവയ്ക്കു മുകളിൽ പല തരത്തിലുള്ള കുടകൾ പിടിപ്പിക്കുമായിരുന്നു. ബാബിലോണിയൻ രാജാക്കൻമാർ ഇത്തരത്തിൽ രഥങ്ങളിൽ കുടകൾ പിടിപ്പിച്ചിട്ടുണ്ടായിരുന്നുവത്രേ.
ജസ്റ്റ് ഫോർ ബ്യൂട്ടി!
പുരാതന ഗ്രീസിലെ സമ്പന്ന കുടുബത്തിലെ സ്ത്രീകൾ പരിചാരകരെ കൊണ്ട് തങ്ങൾക്ക് കുട പിടിപ്പിച്ചിരുന്നു. ഇത് അക്കാലത്തെ ഒരു ഫാഷൻ ട്രൻഡായി മാറി. യൂറോപ്പിലും ഈ രീതി നിലനിന്നിരുന്നു.
കുട വന്ന വഴി!
Umbrella എന്ന ഇംഗ്‌ളീഷ് വാക്കിന്റെ ഉത്ഭവം ombrella എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ്. തണൽ എന്നാണ് ഈ വാക്കിനർഥം. വളരെ കനം കുറഞ്ഞ വസ്തുക്കൾ കൊണ്ടുണ്ടാക്കുന്ന കുടകൾക്ക് parasol എന്നും പറയാറുണ്ട്. ഫ്രഞ്ച് ഭാഷയിൽ നിന്നും വന്ന ഈ വാക്കിന്റെ അർഥം സൂര്യനിൽ നിന്നുമുള്ള മറ എന്നാണ്.
മഴക്കുട വന്നേ!
1751-ൽ ജോഹാൻസ് ഹാൻവെ എന്ന ബ്രിട്ടീഷുകാരനാണ് മഴ പെയ്തപ്പോൾ കൈയിലുണ്ടായിരുന്ന കുട ചൂടിയതത്രേ. ജോഹാൻസ് സ്വന്തമായി ഉണ്ടാക്കിയ കുട തന്നെയായിരുന്നു അത്. പിന്നീട് 1852 മുതലാണ് ഉരുക്കു കമ്പികൾ ഉപയോഗിച്ചുള്ള കുടകൾ ഉണ്ടാക്കി തുടങ്ങിയത്. സാമുവൽ ഫോക്‌സാണ് ആദ്യമായി ഇത്തരമൊരു കുട നിർമിച്ചത്. പിന്നീട് 1928-ൽ ഹാൻസ് ഹാപ്പറ്റ് ടെലിസ്‌കോപ്പിക് പോക്കറ്റ് കുടകൾ അവതരിപ്പിച്ചു. യുദ്ധത്തിൽ പരിക്ക് പറ്റിയ ഹാപ്പറ്റിന് ഊന്നുവടിയും നീളൻ കുടയും ഒരേ സമയം കൈപ്പിടിയിൽ ഒതുക്കാൻ പറ്റാതെ വന്നു. അങ്ങനെയാണ് അദ്ദേഹം പോക്കറ്റിലൊതുങ്ങുന്ന കുട എന്ന ആശയത്തിലേക്ക് വന്നത്.
കുട പോയൊരു പോക്കേ!
പിന്നീടങ്ങോട്ട് കുടകളിൽ വമ്പൻ മാറ്റങ്ങൾ വന്നു. കുട നിർമിക്കാൻ ഉപയോഗിക്കുന്ന കമ്പികളിലും ശീലകളിലും വ്യത്യാസങ്ങൾ വന്നു. അലുമിനിയവും ഫൈബറും ടെഫ്‌ളോൺ കോട്ടിംഗുമുള്ള കുടകൾ ഇറങ്ങി. ഫാനും ബ്‌ളൂടൂത്തും വരെയുള്ള കുടകളുണ്ടിപ്പോൾ. പല രൂപത്തിലും നിറങ്ങളിലും ടെക്‌നോളജിയിലും തീർത്ത കുടകൾ ഓരോ വർഷവും പുറത്തിറങ്ങുന്നു. ആഡംബരത്തിനും പത്രാസിനുമല്ലാതെ എല്ലാതരം ആളുകളും കുട ഉപയോഗിക്കാനും തുടങ്ങി.
മറക്കുടയ്ക്കുള്ളിലെ മഹാനരകം!
പണ്ട് കാലത്തെ ബ്രാഹ്‌മണ സ്ത്രീകൾ നിർബന്ധമായും കൊണ്ടു നടക്കേണ്ട ഓല കൊണ്ടുള്ള കുടയാണ് മറക്കുട. അന്യപുരുഷൻമാരെയും താഴ്ന്ന ജാതിയിൽ പെട്ടവരെയും കാണുമ്പോൾ ഈ മറക്കുട കൊണ്ട് മുഖം മറക്കേണ്ടതുണ്ടായിരുന്നു. പിന്നീട് നിരന്തര സമരങ്ങളിലുടെ ബ്രാഹ്‌മണ സ്ത്രീകൾ ഈ അനാചാരത്തിൽ നിന്നും പുറത്തു കടന്നു.
Content Highlights: Origin of umbrellas dating back 3,000 years in ancient Egypt and Babylonia
Published: 23 Jul 2026, 12:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented