ഊർജത്തിന്റെയും മാംസ്യത്തിന്റെയും ജീവകങ്ങളുടെയും ധാതുലവണങ്ങളുടെയും പ്രധാന ഉറവിടങ്ങളാണ് ചെറുധാന്യങ്ങൾ (Millets). റാഗി, തിന, ബജ്‌റ, ചോളം, ചാമ, വരഗ് തുടങ്ങിയവയാണ് മില്ലെറ്റ് ധാന്യങ്ങളിൽ പ്രധാനപ്പെട്ടവ. ഉയർന്ന പോഷകമൂല്യമുള്ളതിനാൽ കേന്ദ്രസർക്കാർ 2018-ൽ മില്ലെറ്റുകളെ പോഷകധാന്യങ്ങളായി പ്രഖ്യാപിച്ചു. ഈ വർഷത്തെ ബജറ്റിൽ 'ശ്രീ അന്ന'' എന്നാണ് മില്ലെറ്റുകളെ വിശേഷിപ്പിച്ചത്.

To advertise here,

പാവങ്ങളുടെ വിള
പോഷകാഹാരക്കുറവും പട്ടിണിയും അനുഭവിക്കുന്ന ജനങ്ങൾക്കുള്ള ഉത്തമ ആഹാരമാണ് മില്ലെറ്റുകൾ. ആഫ്രിക്കയിലെ വരണ്ടപ്രദേശങ്ങളിലെയും ഏഷ്യയിലെയും വളരെ പ്രധാനപ്പെട്ട കാർഷികവിളയാണിവ. മില്ലെറ്റുകൾക്ക് അതിവേഗം വളരാൻകഴിയും. വരണ്ടപ്രദേശങ്ങളിൽ, വളമിടാതെപോലും മില്ലെറ്റ് കൃഷിചെയ്യാം. അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗം കൂടുതലായി കാണുന്നത് അവശരായ, കഷ്ടപ്പാടനുഭവിക്കുന്ന ആളുകൾക്കിടയിലാണ്. അങ്ങനെയാണിവയ്ക്ക് പാവങ്ങളുടെ ധാന്യമെന്ന പേര് വന്നത്. വിശപ്പ് നേരിടാൻ മില്ലെറ്റ് ധാരാളമാണ്. നമ്മൾ കഴിക്കുന്ന അരിയെക്കാളും ഗോതമ്പിനെക്കാളും പ്രോട്ടീൻ കൂടുതലാണ് മില്ലെറ്റുകളിൽ.

അമ്പമ്പോ മില്ലെറ്റ് ഗുണങ്ങൾ
മില്ലെറ്റുകൾ കഴിച്ചാൽ കിട്ടുന്ന ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ! എന്തുകൊണ്ടാണ് മില്ലെറ്റുകൾ നമ്മൾ കഴിക്കേണ്ടതെന്ന് നോക്കാം-

  • മില്ലെറ്റുകളിൽ കാത്സ്യം, സിങ്ക്, അയഡിൻ, ഇരുമ്പ് തുടങ്ങി നമ്മുടെ നല്ല ആരോഗ്യത്തിനുവേണ്ട ഘടകങ്ങൾ കൂടുതലായുണ്ട്.
  • നാരുകൾ കൂടുതൽ അടങ്ങിയതിനാൽ നമ്മുടെ ദഹനം സുഗമമാക്കുന്നു.
  • രോഗങ്ങളുണ്ടാക്കുന്ന ഗ്ലൂട്ടൻ എന്ന പദാർഥം മില്ലെറ്റുകളിലില്ല. അതുകൊണ്ട് ഗോതമ്പുപോലുള്ള ഗ്ലൂട്ടൻ അടങ്ങിയ ധാന്യങ്ങൾക്ക് പകരം മില്ലെറ്റുകൾ ശീലമാക്കാം.
  • പലതരം രോഗങ്ങൾ ചെറുക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.
  • മാനസികാരോഗ്യം കൂട്ടാനും രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാനും നല്ലതാണ്.

ഇപ്പോൾ മനസ്സിലായില്ലേ നല്ല മിടുക്കന്മാരും മിടുക്കികളുമാവാൻ മില്ലെറ്റുകൾക്ക് സഹായിക്കാൻ കഴിയുമെന്ന്.

സ്വാദേറും മില്ലെറ്റ്
നമ്മൾ കഴിക്കുന്ന പല ഭക്ഷണപദാർഥങ്ങളും മില്ലെറ്റുകളുപയോഗിച്ച് ഉണ്ടാക്കിയാൽ ആരോഗ്യപ്രദവും രുചിയേറിയതുമാകും. ചപ്പാത്തിപോലുള്ള പരന്ന റൊട്ടികൾ, മധുരപദാർഥങ്ങൾ, പാസ്ത, ബിസ്‌കറ്റ്, കേക്ക്, കഞ്ഞി, പഫ്‌സ്, പാനീയങ്ങൾ തുടങ്ങി പലതിന്റെയും നിർമാണത്തിന് മില്ലെറ്റുകൾ ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യയുടെ സ്വന്തം മില്ലെറ്റ്
ഇന്ത്യയുടെ മില്ലെറ്റ്കൃഷി എടുത്തു പറയേണ്ടതാണ്. ഇന്ത്യ മാത്രമല്ല കേട്ടോ. ചൈനയും നൈജീരിയയും മില്ലെറ്റിന്റെ പ്രധാന ഉത്പാദകരാണ്. ഇന്ത്യയിൽ രാജസ്ഥാനിലും ഗുജറാത്തിലും ബജ്‌റയും ചോളവുമാണ് പ്രധാന വിളകൾ. നമ്മുടെ കേരളത്തിലും മഹാരാഷ്ട്രയിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമൊക്കെയുള്ള പ്രധാന മില്ലെറ്റ് ചോളമാണ്. തമിഴ്‌നാട്ടിലും ഗുജറാത്തിലും റാഗി ഒരു പ്രധാന വിളയാണ്.