
ഇത് മാമ്പഴമധുരത്തിന്റെ രുചിക്കാലം. നാട്ടുമാങ്ങ, ഒളോർ, നീലൻ, ചക്കരക്കുട്ടി...അങ്ങനെ എന്തെല്ലാം വകഭേദങ്ങളാണ് മാങ്ങകൾക്ക്. ഈ വേനലിൽ കഴിച്ചു രസിക്കാൻ സ്വാദൂറുന്ന രണ്ട് മാമ്പഴ റെസിപ്പികൾ ഇതാ...
പഴമാങ്ങാക്കറി
ആവശ്യമായ സാധനങ്ങൾ:
പഴുത്ത നാട്ടുമാങ്ങ- 6
ശർക്കര- ഒരു ചെറിയ കട്ട
നാളികേരം ചിരകിയത്- അര കപ്പ്
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
വറ്റൽ മുളക- 2
കടുക-അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
താളിക്കാൻ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കടുക്- അര ടീസ്പൂൺ
വറ്റൽ മുളക് - 2 എണ്ണം
കറി വേപ്പില- 1 കതിർപ്പ്
പാചകം ചെയ്യുന്ന വിധം:
നന്നായി പഴുത്ത മാങ്ങ തൊലി കളഞ്ഞ ശേഷം മാങ്ങാഅണ്ടിയോടൊപ്പം പാത്രത്തിൽ ഇട്ട് ഉപ്പും ശർക്കരയും മഞ്ഞൾപ്പൊടിയും ചേർത്ത് ചെറു തീയിൽ വേവിക്കുക(ഏകദേശം 20 മിനിറ്റ്).വറ്റൽ മുളക് വെളിച്ചെണ്ണയിൽ വറുത്തു കോരി മാറ്റി വെക്കുക. നാളികേരം ,വറ്റൽ മുളക്,കടുക് എന്നിവ നന്നായി മയത്തിൽ അരച്ചു എടുക്കുക.ഈ അരപ്പ് വെന്ത മാങ്ങാകൂട്ടിൽ ചേർത്ത് ഇളക്കുക.നന്നായി തിളപ്പിക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കറി വേപ്പിലയും താളിച്ച് മാങ്ങാകറി യിൽ ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കാം.
മാമ്പഴ പുളിശ്ശേരി
ആവശ്യമായ സാധനങ്ങൾ:
പഴുത്ത മാങ്ങ - 6 എണ്ണം
തേങ്ങ ചിരകിയത് - 1 കപ്പ്
പച്ചമുളക് - 4 എണ്ണം
തൈര് - 1 കപ്പ്
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
മുളകുപൊടി - കാൽ ടീസ്പൂൺ
ജീരകം - കാൽ ടീസ്പൂൺ
കുരുമുളക് - കാൽ ടീസ്പൂൺ
വെള്ളം - 1 കപ്പ്
കടുക് - 1 ടീസ്പൂൺ
ഉലുവ - കാൽ ടീസ്പൂൺ
വറ്റൽ മുളക് - 4 എണ്ണം
ശർക്കര - ആവശ്യത്തിന്
കറിവേപ്പില - 1 കതിർപ്പ്
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:
തൊലികളഞ്ഞ മാങ്ങ ഫ്രൈയിങ് പാനിൽ ഇടുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, രണ്ട് പച്ചമുളക്, ഉപ്പ്, കറിവേപ്പില, ഒരു കപ്പു വെള്ളം എന്നിവ ചേർത്തു വേവിക്കാം. ശേഷം മിക്‌സിയുടെ ജാറിലേക്കു ചിരകിയ തേങ്ങ, തൈര്, രണ്ട് പച്ചമുളക്, ജീരകം,കുരുമുളക് എന്നിവ ചേർത്തു നന്നായി അരച്ചെടുക്കുക. വെന്തു വന്ന മാങ്ങയിലേക്ക് ശർക്കര ചേർത്ത് യോജിപ്പിക്കുക. ഇനി അരച്ചെടുത്ത തേങ്ങാക്കൂട്ടു വേവിച്ച മാങ്ങയിലേക്കു ചേർത്ത് ഇളക്കാം. ഒന്നു തിളച്ചു തുടങ്ങിയാൽ സ്റ്റൗവിൽ നിന്നും മാറ്റിവെക്കാം. ഇതിലേക്ക് കറിവേപ്പില, ഉലുവ, വറ്റൽമുളക്, കടുക് എന്നിവ വറുത്തിടുക.
Content Highlights: easy mango recipes
Published: 17 Apr 2025, 03:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented