ജോൺസൺ ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞു. ജീപ്പിനു ബ്രേക്കില്ല. അത് ഭ്രാന്തമായ വേഗം പൂണ്ട് മുന്നോട്ടു കുതിച്ചു. ജീപ്പിന്റെ ഡോർ തുറന്ന് പുറത്തേക്ക് ചാടാൻ ജോൺസൺ ഒരു ശ്രമം നടത്തി നോക്കി. പക്ഷേ അത് തുറക്കാൻ സാധിച്ചില്ല.

To advertise here,

ജീപ്പിന്റെ ഗ്ലാസിലിരുന്ന വികൃത ജന്തു വാപൊളിച്ചപ്പോൾ ചോര പറ്റിയിരിക്കുന്ന കോമ്പല്ലുകൾ അയാൾ കണ്ടു.

' ജീസസ്... എന്നെ രക്ഷിക്കണേ..!'

ജോൺസൺ ഉറക്ക നിലവിളിച്ചു. ജീപ്പ് മറ്റാരോ നിയന്ത്രിക്കുന്നതു പോലെ ചുരമിറങ്ങികൊണ്ടിരുന്നു. വളവുകൾ എല്ലാം വണ്ടി ആരോ എടുത്തു വച്ചു തിരിക്കുന്നതു പോലെയാണ് ജോൺസന് തോന്നിയത്.

എതിരെ ഒരു ടാങ്കർ ലോറി കയറിവന്നു. ജീപ്പ് അതിലിടിച്ചു തകരുമെന്ന് ജോൺസന് തോന്നി. അയാൾ നിലവിളിച്ചുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു.

ടാങ്കറിൽ ഇടിക്കാതെ വെട്ടിത്തിരിഞ്ഞ ജീപ്പ് റോഡ് സൈഡിലെ ഭിത്തി തകർത്തു കൊണ്ട് താഴേക്കു പറന്നു വീണു! ജോൺസന്റെ നിലവിളി ആഞ്ഞടിച്ച കാറ്റിൽ ആരും കേട്ടില്ല.

രവിശങ്കറിന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു. 'അതെയോ...! എപ്പോൾ...? ശരി.. ഞാൻ ഉടൻ വരാം...'

രവി ഹരിയുടെ മുറിയിലേക്ക് ചെന്നു.

'ഹരി... ജോൺസന്റെ ജീപ്പ് ചുരത്തിൽ നിന്ന് കൊക്കയിൽ വീണു. സീരിയസ് ആണെന്നാണ് കേട്ടത്. നമുക്ക് എത്രയും പെട്ടന്ന് ഹോസ്പിറ്റലിലേക്ക് പോകാം...'

രവിയും ഹരിയും ഉടൻതന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കാറിലായിരുന്നു യാത്ര. വഴിമധ്യേ ആരും ഒന്നും സംസാരിച്ചില്ല. മണിക്കൂറുകൾക്കുശേഷം അവർ നഗരത്തിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഏരിയായിൽ കാർ നിർത്തി ഇറങ്ങി.

ജോൺസനെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു. അയാൾ അപകടനില തരണം ചെയ്തു കഴിഞ്ഞിരുന്നു. ഒരു കൈയ്ക്കും ഒരു കാലിനും പൊട്ടൽ സംഭവിച്ചിരുന്നു. കൈയും കാലും പ്ലാസ്റ്ററിട്ടിരുന്നു.

ഡോക്ടറുടെ അനുമതിയോടെ അവർ മുറിയിലേക്ക് ചെന്നു. ജോൺസന്റെ ഭാര്യ മേഴ്‌സി അവരെ കണ്ടു പുഞ്ചിരിച്ചു.

'ജോൺസാ.... ' രവി വിളിച്ചതും അയാൾ കണ്ണ് തുറന്നു. പിന്നെ വരണ്ട പുഞ്ചിരി ആ മുഖത്ത് വിടർന്നു.

'ഞാൻ ചത്തില്ല സാറേ... അവന് എന്നെ കൊല്ലാൻ കഴിഞ്ഞില്ല.... '

ജോൺസൺ ഉണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചു.

അത് കേട്ട് അവർ അമ്പരന്നുപോയി. ജോൺസന്റെ കഥ കേട്ട് മേഴ്‌സി പോലും ഞെട്ടിപ്പോയി. അവൾ സത്യാവസ്ഥ അപ്പോഴാണ് അറിയുന്നത്.

തങ്ങൾ സംശയിച്ചതു ശരിയാണെന്ന് രവിക്കും ഹരിക്കും തോന്നി. 'എനിക്ക് തോന്നുന്നത് ഫാദർ ഡൊമിനിക്കിനെ അവൻ ഭയപ്പെടുന്നുണ്ടെന്നാണ്....' ജോൺസൺ പറഞ്ഞു.

'ജോൺസന് അങ്ങനെ തോന്നാൻ കാരണമെന്താണ്?'

ഉദ്വേഗത്തോടെ രവി തിരക്കി.

' സാറെ.... ഫാദർ ഡൊമിനിക്കിന്റെ കാര്യം നമ്മൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കിരൺ എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നതു ഞാൻ കണ്ടതാ.. അപ്പോൾ അവന്റെ മുഖത്ത് വല്ലാത്തൊരു ഭാവമായിരുന്നു... '

ജോൺസൺ പറഞ്ഞതിനെക്കുറിച്ച് ആലോചിച്ചപ്പോൾ അത് സത്യമായിരിക്കുമെന്ന് രവിക്ക് തോന്നി.

'എറോക്ക് എന്ന ദുരാത്മാവ് കുടികൊള്ളുന്നത് കിരണിന്റെ ശരീരത്തിൽ ആണല്ലോ. അപ്പോൾ നമ്മൾ എടുക്കുന്ന തീരുമാനങ്ങളും നമ്മുടെ സംസാരങ്ങളും എല്ലാം കിരണിലൂടെ അവൻ മനസ്സിലാക്കുന്നുണ്ട്... '

ഹരി ഇരുവരെയും മാറിമാറി നോക്കി. അതിന് ആർക്കും മറുപടി ഉണ്ടായില്ല.

'ഫാദറിനെ അവൻ ഭയപ്പെടുന്നുണ്ടെങ്കിൽ ഫാദർ എത്തുമ്പോഴേക്കും അവന്റെ താവളം മാറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ എന്റെ നേരെ ഉണ്ടായ പോലെ ഒരു വധശ്രമം ഫാദറിനു നേരെയും ഉണ്ടാകാം...'

ജോൺസൺ പറഞ്ഞപ്പോഴാണ് അങ്ങനെ ഒരു സാധ്യതയെക്കുറിച്ച് അവരും ചിന്തിച്ചത്.

'അവന്റെ ശക്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം നമ്മൾ മറന്നുകൂടാ.. ഫാദർ ഡൊമിനിക്കിന്റെ കാര്യം ഓർത്ത് നമ്മളാരും ഭയപ്പെടേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. അയാളുടെ സ്വയരക്ഷ അയാൾ നോക്കിക്കോളും. പക്ഷേ, എറോക്ക് കിരണിന്റെ ശരീരത്തിൽ നിന്നും മറ്റൊരാളിലേക്ക് മാറിയാൽ, അത് എവിടെ എപ്പോൾ എന്ന് നമുക്കറിയില്ല. അങ്ങനെ വന്നാൽ ഫാദർ ഡൊമിനിക്കൽ നിന്ന് അവൻ രക്ഷപ്പെടില്ലേ...' ഹരി ചോദിച്ചു.

'അവൻ രക്ഷപ്പെടുകയോ പെടാതിരിക്കുകയോ ചെയ്യട്ടെ... നമ്മുടെ മോനും നമ്മുടെ കുടുംബവും രക്ഷപ്പെട്ടാൽ മതി... '

രവി മാനസിക സംഘർഷത്തോടെയാണ് അത്രയും പറഞ്ഞത്.

'സാറേ... ഇന്ന് സാറിന്റെ കുടുംബം ആണെങ്കിൽ നാളെ എന്റെ കുടുംബം ആയിരിക്കും. മറ്റന്നാൾ മറ്റൊരു കുടുംബം. അവനെ രക്ഷപ്പെടാൻ സമ്മതിക്കരുത്.. നശിപ്പിക്കണം. അതിനു മുൻകൈയെടുക്കേണ്ടത് നമ്മൾ തന്നെയാണ്.. ഫാദർ വരുന്നവരെ എങ്ങനെയെങ്കിലും അവനെ തടയണം...'

'പക്ഷേ എങ്ങനെ...?'

അതിന് ആർക്കും മറുപടിയില്ലായിരുന്നു.

ആലോചിച്ചു നോക്കിയപ്പോൾ ജോൺസൺ പറഞ്ഞത് ശരിയാണെന്ന് രവിക്ക് തോന്നി. ഇനി മറ്റൊരു കുടുംബത്തിനും തന്റെ ഗതി വരരുത്. ആ ദുഷ്ടാത്മാവിനെ ഈ ലോകത്തുനിന്നും തുടച്ചുനീക്കണം. അതിനെന്ത് ത്യാഗവും സഹിക്കാം.

രവി മനസ്സിൽ ഒരു ദൃഢനിശ്ചയം എടുത്തു.

'ജോൺസൺ പറഞ്ഞതാണ് ശരി... അവനെ രക്ഷപ്പെടാൻ സമ്മതിക്കരുത്.. നശിപ്പിക്കണം... '

രവി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

ഏതാനും മണിക്കൂറുകൾക്കുശേഷം ജോൺസനോടും മേഴ്‌സിയോടും യാത്ര പറഞ്ഞ് രവിയും ഹരിയും മടങ്ങിപ്പോയി.

പ്രത്യേകതകളൊന്നുമില്ലാതെ രണ്ടു ദിവസം കൂടി കടന്നു പോയി.

മൊബൈൽ ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് രവിശങ്കർ ഉച്ചമയക്കത്തിൽ നിന്നും ഉണർന്നത്. ഫോണെടുത്തപ്പോഴേക്കും കോൾ കട്ടായിപ്പോയി. രവിശങ്കർ ഡിസ്‌പ്ലേ നോക്കി. ജോൺസനാണ്.

രവിശങ്കർ തിരിച്ചു വിളിച്ചു.

'എന്താ ജോൺസാ....?'

രവി ചോദിച്ചു.

''സാറേ... ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ഡോക്ടർ സണ്ണി മാത്യു വിളിച്ചിരുന്നു. ഫാദർ ഡൊമിനിക്ക് ഇന്ന് രാത്രി എത്തും. നാളെ സാറിന്റെ വീട്ടിലേക്ക് വരും... '

' ജോൺസാ.... ആശ്വാസമായി.. ഡൊമിനിക്ക് വരുന്നതുവരെ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടാകാതെ ഇരുന്നാൽ മതിയായിരുന്നു... '

'സാർ വിഷമിക്കേണ്ട... ഒന്നും സംഭവിക്കില്ല...

ഈ വിവരം മറ്റാരും അറിയണ്ട. പ്രത്യേകിച്ച് കിരൺ...' ജോൺസൺ പറഞ്ഞു.

അടുത്ത ദിവസം വൈകുന്നേരം ഒരു കാർ വന്ന് രവിശങ്കറിന്റെ വീട്ടുമുറ്റത്തു നിന്നു.

കാറിൽ നിന്നും ആദ്യം ഡോക്ടർ സണ്ണി മാത്യു ഇറങ്ങി. പിന്നാലെ ഫാദർ ഡൊമിനിക്കും...

ഫാദർ ഡൊമിനിക്ക് ചുറ്റും നോക്കി.

അദ്ദേഹത്തിന്റെ കണ്ണുകൾ മുകളിലത്തെ നിലയിലെ ടെറസിലേക്ക് നീണ്ടു. അവിടെ കിരൺ അവരെ തന്നെ നോക്കിക്കൊണ്ട് നിൽപുണ്ടായിരുന്നു.

സണ്ണി മാത്യുവും കിരണിനെ കണ്ടു.

'അവനാണ് ഞാൻ പറഞ്ഞ കുട്ടി... ' സണ്ണി ഡൊമിനിക്കിനോട് മന്ത്രിച്ചു.

കാറിന്റെ ശബ്ദം കേട്ട് രവിശങ്കറും ജലജയും പുറത്തേക്കിറങ്ങി വന്നു. ഒറ്റനോട്ടത്തിൽ തന്നെ രവിക്ക് ആളുകളെ മനസ്സിലായി.

'അകത്തേക്ക് വരൂ... രവി അവരെ സ്വീകരിച്ച് മുറിയിലേക്ക് കൊണ്ടുപോയി. ഇരുവരും സോഫയിൽ ഇരുന്നു.

'കുടിക്കാൻ എടുക്കട്ടെ.. 'ജലജ ചോദിച്ചു.

'ആയിക്കോട്ടെ' ഫാദർ ഡൊമിനിക് പറഞ്ഞു.

ജലജ അകത്തേക്ക് പോയി.

രവിശങ്കർ അവർക്കെതിരെ ഇരുന്നു.

'നിങ്ങളുടെ സഹോദരനല്ലേ ഹരിശങ്കർ... അയാളെവിടെ..?' സണ്ണി മാത്യു തിരക്കി.

'അവൻ തറവാട് വീട്ടിലുണ്ട്.. അമ്മയുടെ അടുത്ത്.. ഞാൻ വിളിക്കാം... '

രവിശങ്കർ മൊബൈൽ ഫോൺ എടുത്ത് ഹരിയെ വിളിച്ചു. പത്തു മിനിറ്റിനുള്ളിൽ ഹരിശങ്കർ അവരുടെ അടുത്ത് വന്നു.

'ഹരി ഇത് ഡോക്ടർ സണ്ണി മാത്യു. ഇത് ഫാദർ ഡൊമിനിക്....' രവിശങ്കർ ആഗതരെ പരിചയപ്പെടുത്തി.

ഹരിശങ്കർ രവിയുടെ സമീപത്തുള്ള സോഫയിൽ ഇരുന്നു.

'മിസ്റ്റർ രവി... ഇവിടെ ഉണ്ടായിട്ടുള്ള ഓരോ സംഭവവും വിശദമായി എനിക്കറിയണം. ഒന്നും വിട്ടു പോകരുത്..' ഫാദർ ഡൊമിനിക് രവിയെ നോക്കി.

'എല്ലാം പറയാം ഫാദർ...' പിന്നെ അയാൾ പറഞ്ഞു തുടങ്ങി. രണ്ടുമാസം മുമ്പ് ഹരിശങ്കർ നാട്ടിലെത്തിയതും എറോക്കിന്റെ പ്രതിമ കിരണിന് കൊടുത്തതും തുടർന്നുണ്ടായ സംഭവവികാസങ്ങളും പറഞ്ഞു കേൾപ്പിച്ചു.

ഫാദറിന്റെ നെറ്റിയിൽ ചുളിവുകൾ വീഴുന്നത് അവർ കണ്ടു.

'എന്നിട്ട് ആ പ്രതിമ എവിടെ..?' ഡൊമിനിക് തിരക്കി. അപ്പോഴാണ് രവിയും ഹരിയും അതിനെക്കുറിച്ച് ചിന്തിച്ചത്. പ്രതിമ കൊണ്ടുവന്നു കിരണിനു കൊടുത്ത ദിവസം തന്നെ അതിന്റെ തല ഒടിഞ്ഞു പോയി. പിന്നെ ആ പ്രതിമ അവരാരും കണ്ടിട്ടേയില്ല.

'ഞാൻ നോക്കട്ടെ ഫാദർ...' രവി എണീറ്റുപോയി കിരണിന്റെ മുറിയിലും അലമാരയിലും തിരഞ്ഞു. വീടു മുഴുവൻ അരിച്ചുപെറുക്കി. ജലജയും തിരയാൻ കൂടി. ഒടുവിൽ സ്റ്റെയർകേസിന് അടിയിൽ സാധനങ്ങൾ വയ്ക്കുന്ന ചെറിയ അറയ്ക്കുള്ളിൽ നിന്നും തലയും ഉടലും വേർപ്പെട്ട പ്രതിമ രവി കണ്ടെടുത്തു.

രവി പ്രതിമ കൊണ്ടുവന്ന് ഡൊമിനിക്കിന്റെ കൈയിൽ കൊടുത്തു. പെട്ടെന്ന് പുറത്ത് കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങി!

(തുടരും….)