പലതരം പൂക്കൾ വിടർന്നുനിൽക്കുന്ന അതിമനോഹരമായ ഒരു പൂന്തോട്ടം. ആ പൂന്തോട്ടത്തിന് നടുവിലുള്ള കുളത്തിൽ വിടർന്നുനിന്ന താമരപ്പൂവ് പറഞ്ഞു:
''ഞാനാണു പൂക്കൾതൻ
റാണിയെന്നും
ദേശീയ പുഷ്പമായ്
വാഴുന്നു ഞാൻ!''
ദേശീയ പുഷ്പമായ ഞാനാണ് പൂക്കളുടെ റാണി എന്ന് താമര പറഞ്ഞതുകേട്ടപ്പോൾ റോസാപ്പൂവ് വഴക്കിട്ടു
''ചേറിൽ വിടരുന്ന നിന്നെക്കാളും
റാണിയാകാൻ ഞാൻ നല്ലതാണേ!''
റോസാപ്പൂവിന്റെ വാക്കുകൾ കേട്ട ജമന്തി പറഞ്ഞു:
''മഞ്ഞയുമോറഞ്ചുവർണങ്ങളിൽ
മങ്ങാതെ നിൽക്കുന്നൊരെന്നെപ്പോലെ
ഇല്ല സുഗന്ധവും ഭംഗിയുമീ...
തോട്ടത്തിലാർക്കും, അറിഞ്ഞുകൊൾക!''
തനിക്കാണ് നിറവും മണവുമെന്ന് പറഞ്ഞ് മറ്റുപൂക്കളും മത്സരിച്ചു.
ഇതുകേട്ട ചെമ്പരത്തി പൊട്ടിച്ചിരിച്ചു.
''പൂജയ്ക്കെടുക്കുന്ന
പൂവാണു ഞാൻ
ദേവിക്കും ദേവനുമിഷ്ടപുഷ്പം
ചന്തം തികഞ്ഞോരു ചെമ്പരത്തി-
പ്പൂവാകുമെന്നെ മറന്നിടല്ലേ.''
''അതേയതെ, പൂജാപുഷ്പങ്ങൾക്കുതന്നെയാണ് പ്രാധാന്യം'', ചെത്തിയും തുളസിയും ഏറ്റുപാടി. അങ്ങനെ അവരുടെ തർക്കം രാത്രിയാകുംവരെ തുടർന്നു.
സന്ധ്യകഴിഞ്ഞപ്പോൾ, അവിടെങ്ങും സുഗന്ധം പരത്തിക്കൊണ്ട് മുല്ലപ്പൂക്കൾ വിടർന്നു. ഇതുകണ്ട് രണ്ട് പെൺകുട്ടികൾ അവിടെയെത്തി. അവർ തമ്മിൽ പറഞ്ഞു:
''നന്മനിറഞ്ഞ വെളുത്ത പൂവേ...
വെണ്മനിറഞ്ഞ വിശുദ്ധയാം നീ...
എങ്ങും നറുമണം വീശിടുന്നൂ
നീയല്ലോ പൂക്കൾതൻ
റാണിയെന്നും!''
ഇതുകേട്ട മറ്റുപൂക്കൾ നാണിച്ച് തലതാഴ്ത്തി. ഇതെല്ലാം കണ്ട് പൂന്തോട്ടത്തിൽ ഉറങ്ങാതിരുന്ന മൂങ്ങമുത്തശ്ശി പറഞ്ഞു: ''റാണി ആകുന്നതെന്തിനാ? ഓരോ പൂവിനും ഓരോ ഭംഗിയുണ്ടല്ലോ? കാണുന്നവരുടെ മനസ്സിലാണ് സൗന്ദര്യം!'', മുത്തശ്ശി പറഞ്ഞതുകേട്ട് പൂക്കൾക്കും തോന്നി അതുശരിയാണെന്ന്. അവർ ആഹ്ലാദത്തോടെ തലകുലുക്കി സമ്മതിച്ചു.
Content Highlights: Features a conversation and friendly rivalry among various flowers like lotus, rose, and hibiscus.
Published: 20 Nov 2026, 10:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented