വോൾഗാ നദിയും വസൂസാ നദിയും വളരെ കാലമായി അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ ഒരുദിവസം രണ്ടുപേരുംതമ്മിൽ സംസാരിച്ചുസംസാരിച്ച് വലിയ തർക്കമായി. തങ്ങളിൽ ആരാണ് ബുദ്ധിമതി, ആരാണ് ശക്ത, ആരാണ് ആദരണീയ എന്നൊക്കെ പറഞ്ഞാണ് അവർ വഴക്കിട്ടത്. ചെറുതായി തുടങ്ങിയ അടി ക്രമേണ രൂക്ഷമായിത്തീരുകയായിരുന്നു.

To advertise here,

''ഇക്കാര്യത്തിൽ ഒരു സംശയത്തിന്റെ ആവശ്യമേയില്ല. എന്തുവന്നാലും നിങ്ങളെക്കാൾ ഒരുപടി മുന്നിലാണ് എന്റെ സ്ഥാനം! ഏതൊരു കുഞ്ഞുപോലും ഇത് സമ്മതിച്ചുതരും!'', ഒഴുക്കിനിടയിൽ വസൂസ പറഞ്ഞു.

''അങ്ങനെ അവകാശവാദത്തിനൊന്നും ഞാനില്ല. എന്റെ കരുത്തും കഴിവും മറ്റാരെക്കാളും നന്നായി എനിക്കറിയാം. അതിൽ തെല്ലും ആത്മവിശ്വാസക്കുറവും എനിക്കില്ല!'', ശാന്തമായി ഒഴുകിക്കൊണ്ട് വോൾഗ മറുപടി നൽകി.

ഇരുവരും തരിമ്പും വിട്ടുകൊടുക്കാൻ തയ്യാറാവാതെ വന്നപ്പോൾ വസൂസ ഒരു നിർദേശം മുന്നോട്ടുവെച്ചു: ''നമുക്ക് നാവുകൊണ്ട് മികവ് കാട്ടേണ്ട. പ്രവൃത്തിയിലൂടെ അത് തെളിയിക്കാം. അപ്പോൾ തർക്കത്തിന്റെ ആവശ്യവുമില്ല. കണ്ണുകൊണ്ട് കാണുന്നത് വിശ്വസിച്ചാൽ മതിയല്ലോ!''

''അതെങ്ങനെ?'', വോൾഗ ചോദിച്ചു.

''പറയാം. നമ്മളിപ്പോൾ കിടന്നുറങ്ങാൻ പോകുന്നു. ഇപ്പോൾ നന്നായി ഇരുട്ടിക്കഴിഞ്ഞല്ലോ. പുലർച്ചെ ആദ്യമുണർന്ന്, അതിവേഗം ഒഴുകി കാസ്പിയൻ കടലിൽ ആദ്യം ചെന്നുപതിക്കുന്നത് ആരാണോ, അവരാണ് ഏറ്റവും ബുദ്ധിമതിയും ശക്തയും ആദരണീയയും. സമ്മതിച്ചോ?'', വസൂസ വിശദീകരിച്ചു.

''ശരി. അങ്ങനെയാവട്ടെ!'', അതൊരു നല്ല നിർദേശമാണെന്ന് തോന്നിയതിനാൽ വോൾഗ അതിന് സമ്മതിച്ചു.

''എങ്കിൽ ശുഭരാത്രി!'', വസൂസ ആശംസിച്ചു.

''ശുഭരാത്രി!'', വോൾഗയും ഉറങ്ങാൻ കിടന്നു.

ക്ഷീണംമൂലം ഇരുവരും വളരെവേഗം ഉറങ്ങിപ്പോയി. മത്സരത്തിൽ വിജയിക്കുക താനാവും എന്ന് രണ്ടുപേരും ഒരുപോലെ സ്വപ്നംകണ്ടു.

ആദ്യം ഉറക്കമുണർന്നത് വസൂസാ നദിയാണ്. നേരംപുലരാൻ ഇനിയും എത്രയോ സമയം ബാക്കിയുണ്ട്. വോൾഗ കൂർക്കംവലിച്ചുറങ്ങുന്നതുകണ്ടപ്പോൾ വിജയം തന്റെ പക്ഷത്തുതന്നെയെന്നുറപ്പിച്ച് വസൂസാ നദി മുന്നോട്ടൊഴുകാൻ തുടങ്ങി.

പക്ഷേ, സ്ഥിരം വഴിയിലൂടെയല്ല അന്ന് വസൂസ ഒഴുകിയത്. ഏറ്റവും എളുപ്പത്തിൽ കാസ്പിയൻ കടലിൽ എത്തിച്ചേരാൻ പറ്റുന്ന വിധത്തിൽ നേരേ ഒരു പോക്കായിരുന്നു. തടം തകർത്ത്, താഴ്ന്ന പ്രദേശങ്ങളിലൂടെ കുത്തിയൊലിച്ച്, പതഞ്ഞുയർന്ന് വസൂസ ഒഴുകി. സ്ഥിരമുള്ള ഒഴുക്കുപാതകൾ ഉപേക്ഷിച്ച് കടലിലേക്ക് എളുപ്പവഴി കണ്ടെത്തി അത് ഒഴുക്ക് തുടർന്നു. വിജയമെന്ന ഒരേയൊരു ലക്ഷ്യമേ വസൂസയുടെ മനസ്സിലുണ്ടായിരുന്നുള്ളൂ. കുറെനേരം കരുത്തോടെ ഒഴുകിയ വസൂസയ്ക്ക് പക്ഷേ, ചെറിയ ക്ഷീണം അനുഭവപ്പെട്ടു. എങ്കിലും ആത്മവിശ്വാസം കൈവിടാതെ വസൂസ ഒഴുകിക്കൊണ്ടിരുന്നു.

നേരം പരപരാ വെളുത്തപ്പോഴാണ് വോൾഗ ഞെട്ടിയുണർന്നത്. കണ്ണുതുറന്നതും മത്സരത്തെക്കുറിച്ച് വോൾഗയ്ക്ക് ഓർമ വന്നു. അടുത്തെങ്ങും വസൂസയുടെ പൊടിപോലും കാണാതിരുന്നപ്പോൾ വോൾഗയ്ക്ക് നേരിയ ആശങ്കയുണ്ടായി. എങ്കിലും, വോൾഗ നിരാശപ്പെടാതെ ഒഴുകിത്തുടങ്ങി.

വസൂസയുടേതുപോലെ യാതൊരാവേശവും വോൾഗ കാട്ടിയില്ല. തന്റെ സ്വതസ്സിദ്ധമായ പ്രസരിപ്പോടെ ശാന്തമായ ഒഴുക്കായിരുന്നു അത്. നേർവഴിയിലൂടെമാത്രം നദി തെളിഞ്ഞൊഴുകിക്കൊണ്ടിരുന്നു.

സുബ്സോവ് എന്ന പ്രദേശത്ത് എത്തിയതും വോൾഗ വസൂസയെ കണ്ടു. നേരം വെളുക്കുംമുൻപ് ഉറക്കമുണർന്ന് തന്നെ കബളിപ്പിച്ച വസൂസയ്ക്കുനേരേ ഒരു കൂർത്ത നോട്ടമെറിയാൻ വോൾഗ മറന്നില്ല. വോൾഗയുടെ നോട്ടം കണ്ടതും വസൂസ ഭയന്നുപോയി. മുൻപത്തെ ആവേശമെല്ലാം നഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒഴുകിക്കൊണ്ടിരുന്ന വസൂസയെ വോൾഗ അനായാസം മറികടക്കുകയും ചെയ്തു.

ഉടനെ പരാജയം സമ്മതിച്ചുകൊണ്ട് വസൂസ അഭ്യർഥിച്ചു: ''എന്നോട് ക്ഷമിക്കണം. നമ്മളിൽ ബുദ്ധിമതിയും ശക്തയും ആദരണീയയും ആരാണെന്നതിൽ ഇനിയെനിക്ക് സംശയമില്ല. എന്നെ ഒരു കുഞ്ഞനുജത്തിയായി കാണണം. ഇനിയെനിക്ക് കടലോളം ഒഴുകാനുള്ള കരുത്തില്ല. ദയവുചെയ്ത് എന്നെ ആ കൈകളാൽ താങ്ങിയെടുത്ത് കടലിലെത്തിച്ചാലും.''

വോൾഗയ്ക്ക് വസൂസയോട് സഹതാപം തോന്നി. വസൂസയെയും താങ്ങി വോൾഗ ഒഴുകി കടലിൽ ചെന്നുചേർന്നു.

അന്നുമുതൽ വസന്തകാലങ്ങളിൽ വസൂസ വോൾഗയെക്കാൾ മുൻപേ ഉണരുകയും വോൾഗയെ നിദ്രയിൽനിന്ന് വിളിച്ചുണർത്തുകയും പതിവായി.