ഒരിടത്ത് ഒരു തയ്യൽക്കാരനുണ്ടായിരുന്നു. അയാൾക്ക് ഒരു മകനും. തയ്യലിന്റെ ആദ്യപാഠങ്ങൾ മകനെയും പഠിപ്പിക്കണമെന്ന് ഒരിക്കൽ തയ്യൽക്കാരന് തോന്നി. അങ്ങനെ ഒരുദിവസം മകനെയുംകൊണ്ട് അയാൾ കടയിലെത്തി.

To advertise here,

തയ്യൽക്കാരൻ ആദ്യം തുണിയെടുത്തു. എന്നിട്ട് അളവുനോക്കി കത്രികകൊണ്ട് വലിയതുണി വെട്ടി കഷണങ്ങളാക്കി. എന്നിട്ട് തയ്യൽക്കാരൻ കത്രിക തന്റെ കാൽക്കീഴിലിട്ടു. പിന്നീട്, സൂചിയെടുത്ത് നൂലുകോർത്ത് മുറിച്ചുമാറ്റിയ തുണിക്കഷണങ്ങൾ തുന്നിച്ചേർക്കാൻ തുടങ്ങി. തുന്നിയതിനുശേഷം അയാൾ സൂചി തന്റെ തലയിലിരുന്ന തൊപ്പിയിൽ കുത്തിവെച്ചു.

ഇതെല്ലാം മകൻ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വൈകുന്നേരംവരെയും അവനിതെല്ലാം നോക്കിപ്പഠിച്ചു. എല്ലായ്പ്പോഴും തുണി മുറിച്ചശേഷം കത്രിക തന്റെ കാൽക്കീഴിലും തുണി തുന്നിയശേഷം സൂചി തലയിലെ തൊപ്പിയിലും വയ്ക്കും.

എന്താണിതിന് കാരണം? മകന് ആകാംക്ഷയായി. അവൻ പിതാവിനോടുതന്നെ ചോദിച്ചു. അപ്പോൾ തയ്യൽക്കാരൻ ഒന്ന് പുഞ്ചിരിച്ചിട്ട് പറഞ്ഞു: ''അതോരോന്നും ചെയ്യുന്ന പണിക്കനുസരിച്ചാണ്.''

ഒന്നും മനസ്സിലാവാതെ തന്നെ നോക്കിയിരിക്കുന്ന മകനോട് തയ്യൽക്കാരൻ തുടർന്നു: ''അതായത്, ചേർന്നിരുന്ന തുണിയെ വെട്ടി കഷണങ്ങളാക്കുന്ന പണിയാണ് കത്രിക ചെയ്യുന്നത്. അതിനൊരു നശീകരണസ്വഭാവമുണ്ട്. എന്നാൽ, മുറിഞ്ഞുപോയവയെ വീണ്ടും ഒന്നിച്ചുചേർക്കുന്ന പണിയാണ് സൂചിക്കുള്ളത്. സൂചിയുടെ പ്രവൃത്തികൊണ്ട് പുതിയ ഒരെണ്ണം പിറവിയെടുക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ കത്രികയ്ക്ക് കാൽക്കീഴിൽ സ്ഥാനം നൽകിയത്. മാത്രമല്ല, അകന്നുപോയവരെ അടുപ്പിച്ച സൂചിക്ക് ഞാൻ ഉയർന്ന സ്ഥാനവും നൽകി.''

''നമ്മുടെ പ്രവൃത്തികളാണ് നമുക്ക് സമൂഹത്തിലുള്ള സ്ഥാനം നിർണയിക്കുന്നത്. നല്ലത് ചെയ്താൽ, മറ്റുള്ളവരുടെയുള്ളിൽ ഉയർന്ന സ്ഥാനമാവും ഉണ്ടാവുക. മോശം പ്രവൃത്തിയാണെങ്കിൽ, മറ്റുള്ളവരുടെ പരിഗണന കിട്ടണമെന്നുമില്ല!'', തയ്യൽക്കാരൻ പറഞ്ഞുനിർത്തി.