ലില്ലിത്തവളയ്ക്ക് ഒരു പുന്നാരമകനുണ്ട്. ചുങ്കു എന്നാണ് ആ തവളക്കുട്ടന്റെ പേര്. ലില്ലിയും ചുങ്കുവും മറ്റ് തവളകൾക്കൊപ്പം ഒരു പൊട്ടക്കുളത്തിലാണ് താമസം. അങ്ങനെയിരിക്കേ മഴക്കാലം വന്നു. മഴപെയ്ത് മഴപെയ്ത് കുളവും തോടും പുഴയുമെല്ലാം നിറഞ്ഞു കവിഞ്ഞു. ചുങ്കുവും കൂട്ടുകാരും സന്തോഷത്തോടെ കളിച്ചു തിമിർത്തു.

To advertise here,

''ചന്നം പിന്നം മഴവന്നേ

കുളവും തോടും നിറയുന്നേ

മഴവെള്ളത്തിൽ നീന്താൻ വാ

ചാടിച്ചാടി നടക്കാൻ വാ!''

അങ്ങനെ കളിച്ചു നടക്കുമ്പോൾ ചുങ്കു ഒരു കാഴ്ച കണ്ടു. മഴയത്ത് ഒരു കുട്ടിയതാ വർണക്കുടയും പിടിച്ച് നടക്കുന്നു. ചുങ്കുക്കുട്ടന് ആ വർണക്കുട ഒത്തിരി ഇഷ്ടമായി. അവൻ പറഞ്ഞു: ''ഞാനും അമ്മയോട് പറഞ്ഞ് അതുപോലൊരെണ്ണം വാങ്ങും!'' അതുകേട്ട് കൂട്ടുകാർ അവനെ കളിയാക്കി. ''എടാ മണ്ടാ, നമുക്ക് അതൊന്നും എടുത്ത് നടക്കാൻ കഴിയില്ല!''

ചുങ്കു നേരെ അമ്മയുടെ അടുത്തേക്ക് ഓടി. എന്നിട്ട് പറഞ്ഞു:

''ചുങ്കുക്കുട്ടന് കുട വേണം

ചേലേറുന്നൊരു കുടവേണം

മഴനനയാതെ നടക്കാനായ്

ഉഗ്രൻ വർണക്കുട വേണം!''

ചുങ്കുക്കുട്ടന്റെ ആഗ്രഹം കേട്ട് ലില്ലിത്തവള അന്തംവിട്ടു. ''മോനേ, കുടയൊക്കെ മനുഷ്യർ ഉപയോഗിക്കുന്ന സാധനമാ. നമ്മൾ തവളകൾക്ക് അതൊന്നും കിട്ടില്ല!'' ലില്ലിത്തവള ചുങ്കുവിനെ സമാധാനിപ്പിക്കാൻ നോക്കി. പക്ഷേ ചുങ്കുവുണ്ടോ വിടുന്നു. അവൻ വാശിപിടിച്ച് കരയാൻ തുടങ്ങി. ''എനിക്ക് കുട ഇപ്പം കിട്ടണം!'' 'ശെടാ ഇവന്റെ കരച്ചിൽ മാറ്റാൻ എന്താ ഒരുവഴി?' ലില്ലിത്തവള ചിന്തിച്ച് ഇരിപ്പായി.

പെട്ടെന്ന് ലില്ലിക്ക് ഒരു ബുദ്ധി തോന്നി. അവൾ ഓടിച്ചെന്ന് മഴയത്ത് പൊട്ടിമുളച്ച വലിയൊരു കൂൺ പറിച്ചെടുത്തു. എന്നിട്ട് പല നിറത്തിലുള്ള പച്ചിലകളും കായകളുമൊക്ക പറിച്ച് അവയുടെ ചാറ് കൂണിൽ തേച്ചു. ഇപ്പോൾ കൂൺ കണ്ടാൽ നല്ലൊരു വർണക്കുട പോലെയുണ്ട്!, ലില്ലി കൂൺകുടയുമായി ചുങ്കുവിന്റെ അടുത്തെത്തി. ''ചുങ്കുക്കുട്ടാ, മനുഷ്യരുടെ കുട അവർക്കുമാത്രമുള്ളതാണ്. അതുപോലെ നമുക്ക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന കുടയാണിത്!'' ലില്ലിത്തവള കൊണ്ടുവന്ന കുട കണ്ട് ചുങ്കു സന്തോഷംകൊണ്ട് തുള്ളിച്ചാടി. അമ്മത്തവളയ്ക്ക് നല്ലൊരു ഉമ്മയും കൊടുത്ത് കൂൺ കുടയുമായി ചുങ്കു കൂട്ടുകാരുടെ അടുത്തേക്ക് ഓടി. എന്നിട്ട് ഗമയിൽ പാടി:

''ചുങ്കുക്കുട്ടന് കുട കിട്ടീ

ഉഗ്രൻ വർണക്കുട കിട്ടീ

മഴ നനയാതെ നടക്കാനായ്

അടിപൊളി കൂണിൻ കുടകിട്ടീ!''