കൂലിപ്പണിയെടുത്ത് അന്നന്ന് കിട്ടുന്ന കാശിന് കുടുംബം പുലർത്തുന്ന ആളായിരുന്നു രാമു. ഭാര്യയും മക്കളുമായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന രാമുവിന്റെ വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. അതിനായി ദിവസവും അധ്വാനിച്ചുകിട്ടുന്നതിൽനിന്ന് കുറച്ച് കാശ് രാമു മാറ്റിവയ്ക്കും. അങ്ങനെ, ഇരുപതുവർഷത്തെ സമ്പാദ്യംകൊണ്ട് രാമു കുന്നിൻമുകളിൽ സ്ഥലംവാങ്ങി വീടുപണിയാരംഭിച്ചു.

To advertise here,

വീടുപണി കഴിഞ്ഞപ്പോൾ, അവിടേക്ക് കുടുംബവുമായി മാറാനുള്ള തീയതി നിശ്ചയിച്ചു. മഴക്കാലമായതിനാൽ, വലിയ ആർഭാടമൊന്നുമില്ലാതെ വളരെ ലളിതമായിത്തന്നെ വീടുമാറ്റം നടത്തുകയായിരുന്നു ഉദ്ദേശ്യം.

പുതിയ വീട്ടിൽ വരുന്നവർക്ക് കൊടുക്കാനായി ലഡു വാങ്ങാൻ ചടങ്ങിന്റെ തലേദിവസം രാമു അങ്ങാടിയിലേക്ക് പോയി.

ഈ സമയം വലിയൊരപകടം സംഭവിച്ചു. കനത്തമഴമൂലം രാമുവിന്റെ വീട് നിൽക്കുന്ന മലയിൽ ഉരുൾപൊട്ടലുണ്ടായി. മലവെള്ളപ്പാച്ചിലിൽ രാമുവിന്റെ പുതിയ വീട് ഒലിച്ചുപോയി.

തിരികെയെത്തിയ രാമു കണ്ടത് തന്റെ സ്വപ്നവീട് നിന്ന ഭാഗം ശൂന്യമായിക്കിടക്കുന്നതാണ്. ഓടിക്കൂടിയ ജനം രാമുവിനെ സഹതാപത്തോടെ നോക്കി. ചിലർ അയാളെ തോളിൽത്തട്ടി ആശ്വസിപ്പിച്ചു.

ആരോടും ഒന്നും പറയാതെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയുമായി നിന്ന രാമു, തന്റെ കൈയിലിരുന്ന ലഡുവിന്റെ പൊതിയഴിച്ച് അവിടെ കൂടിനിന്നവർക്കായി വിതരണം ചെയ്തു.

രാമുവിന്റെ പ്രവൃത്തി കണ്ട് എല്ലാവർക്കും അദ്ഭുതമായി. ലഡു വാങ്ങുന്നതിനിടെ ഒരാൾ ചോദിച്ചു: ''രാമൂ, നീയെന്താ ഈ ചെയ്യുന്നത്? നിന്റെ ഇത്രയും കാലത്തെ അധ്വാനമല്ലേ, ഒറ്റനിമിഷംകൊണ്ട് ഇല്ലാതായത്? അതിന് നീ ലഡുവിതരണം നടത്തി സന്തോഷിക്കുകയാണോ?''

ഇതുകേട്ട് രാമു പുഞ്ചിരിച്ചു.

''നിങ്ങൾ ഈ സംഭവത്തിന്റെ ദോഷവശംമാത്രം കാണുന്നതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത്. എന്നാൽ, ഇതിന് മറ്റൊരു വശമുണ്ട്. ഈ വീട് ഇന്നുതന്നെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയത് നന്നായെന്നാണ് ഞാൻ പറയുന്നത്. രണ്ടുദിവസം കഴിഞ്ഞ് ഞങ്ങളിവിടെ താമസമാക്കിയതിനുശേഷമാണ് ഇത് സംഭവിച്ചിരുന്നതെങ്കിലോ? ഞാനും എന്റെ കുടുംബവും ഈ ലോകത്തുണ്ടാവില്ല. അപ്പോൾ, ജീവിതം തിരികെക്കിട്ടിയതിൽ സന്തോഷിക്കുകയല്ലേ, വേണ്ടത്? അതിനാണ് ഞാൻ ലഡുവിതരണം ചെയ്തത്.''

നമ്മുടെ ജീവിതത്തിൽ നടക്കുന്ന പല സംഭവങ്ങൾക്കും രണ്ട് വശമുണ്ടാവും. അതിലെ നല്ലവശംമാത്രം ആലോചിച്ചാൽ, പിന്നെ സങ്കടപ്പെടേണ്ടിവരില്ല.