സോഫിയും അമ്മ സ്റ്റിഫാനയും രാവിലെത്തന്നെ ചില ചൂടൻചർച്ചകളിലാണ്. വൈകുന്നേരം ബീച്ചിൽ കൊണ്ടുപോകാമെന്ന് അമ്മ വാക്കുനൽകിയതാണ്. എന്നാൽ, ഇപ്പോൾ കാര്യങ്ങളാകെ തകിടംമറിഞ്ഞു.
ഗ്രിം അമ്മാവന്റെ വീട്ടിൽ ചില സഹായങ്ങൾ ചെയ്യാനായി അമ്മയ്ക്ക് പോകേണ്ടതായുണ്ട്. അമ്മയുടെ ഒരകന്നബന്ധുവാണ് ഗ്രിം അമ്മാവൻ. പ്രായമായതോടെ അമ്മാവന് എല്ലാ കാര്യങ്ങൾക്കും ഒരാളുടെ സഹായം വേണം. കാരി എന്ന് വിളിക്കുന്ന ഒരു കെയർടേക്കർ റോബോട്ടാണ് അമ്മാവനെ സഹായിക്കാൻ കൂടെയുണ്ടായിരുന്നത്.
എന്നാൽ, കാരിക്ക് കഴിഞ്ഞ രണ്ടുദിവസമായി എന്തോ തകരാർ വന്നു. പ്രോഗ്രാമിങ് എന്നുപറയുന്ന എന്തോ ഒന്ന് പുതിയരീതിയിൽ ചെയ്താലേ, കാരിയുടെ അസുഖം മാറുകയുള്ളൂ എന്നാണ് അമ്മയോട് ഗ്രിം അമ്മാവന്റെ മകൻ പറഞ്ഞത്. അതിനായി കാരിയെ അവനെ വാങ്ങിയ കമ്പനിയിലെ ആൾക്കാർക്ക് കൊടുത്തതാണ്.
എന്തായാലും ബീച്ചിലെ മണലിൽ വലിയൊരു രാക്ഷസക്കൊട്ടാരം പണിയാമെന്ന സ്വപ്നമൊക്കെ തിര വന്നുകൊണ്ടുപോയ കണക്ക് തകർന്നടിയുന്നത് അവൾ മനസ്സിൽക്കണ്ടു. കഴിഞ്ഞയാഴ്ച തൊട്ടടുത്തവീട്ടിലെ തെരേസ ഉണ്ടാക്കിയതിനെക്കാൾ വലിയ രാക്ഷസക്കൊട്ടാരം പണിയാനായിരുന്നു സോഫിയുടെ പ്ലാൻ. തെരേസ തന്റെ രാക്ഷസക്കൊട്ടാരത്തിന്റെ പടം അച്ഛന്റെ ഫോണിൽ പകർത്തിയിരുന്നു. അത് കാണിച്ച് അവൾ വല്ലാതെ വീമ്പും പറഞ്ഞു. ഇനിയിപ്പോ ഈയാഴ്ചയും തെരേസയുടെ വീമ്പുകേൾക്കൽതന്നെയാവും പണി. സോഫി മനസ്സില്ലാമനസ്സോടെ ഗ്രിം അമ്മാവന്റെ വീട്ടിലേക്ക് തിരിച്ചു.
പട്ടണത്തിൽനിന്ന് മാറി ഒരു കൊച്ചുമലയടിവാരത്തിലാണ് ഗ്രിം അമ്മാവന്റെ വീട്. നീണ്ടുകിടക്കുന്ന പുൽപ്പരപ്പിനിരുവശവും പൂത്തുനിൽക്കുന്ന ഡെയ്‌സിയും പോപ്പിച്ചെടികളും. മേപ്പിളും ചെറിയും അവയ്ക്കിടയിൽ തലയുയർത്തിനിൽക്കുന്നു. കഴിഞ്ഞദിവസം മാർഗരറ്റ് മാഡം സയൻസ് ക്ലാസിൽ കാണിച്ചുതന്ന ഏതെല്ലാമോ ചിത്രശലഭങ്ങളും അവിടെ പാറിനടക്കുന്നു.
'പാർക്കിനെക്കാളും ബീച്ചിനെക്കാളും വൃത്തിയും ഭംഗിയുമുണ്ടിവിടെ,' സോഫി മനസ്സിൽ പറഞ്ഞു.
വീടിനുള്ളിൽ വീൽചെയറിലിരിക്കുകയായിരുന്നു ഗ്രിം അമ്മാവൻ. സോഫി കുഞ്ഞുനാളിൽ കണ്ടതാണ് അമ്മാവനെ. അമ്മ അവളെ അമ്മാവനടുത്തിരുത്തി അടുക്കളപ്പണികളിലേക്ക് തിരിഞ്ഞു. സോഫി എന്തുചെയ്യണമെന്നറിയാതെ അമ്മാവനെ ചുറ്റിപ്പറ്റിനിന്നു.
''സോഫിക്ക് കഥകളിഷ്ടമാണോ? ആ കാണുന്ന അലമാരയിൽ കുറച്ച് പുസ്തകങ്ങളുണ്ട്. എടുത്തുവായിച്ചോളൂ...'', സോഫിയുടെ മനസ്സ് വായിച്ചപോലെ അമ്മാവൻ പറഞ്ഞു.
സോഫി അലമാരയിൽനിന്ന് ശ്രദ്ധയോടെ പുസ്തകങ്ങളോരോന്നായി എടുത്തു. ക്ലാസിക് കഥകളും ഫെയറിടെയ്‌ലുകളും തുടങ്ങി സോഫിക്കിഷ്ടമുള്ള കുറെ കഥാപുസ്തകങ്ങൾ അവിടെനിന്ന് കിട്ടി. ചിലതൊക്കെ അവൾ വായിച്ചു. മറ്റ് ചിലത് പിന്നെ വായിക്കാനായി മാറ്റിവെച്ചു.
അമ്മ അപ്പോഴേക്കും അമ്മാവനും സോഫിക്കുമുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു. സോഫിയും അമ്മയും അമ്മാവനോടൊത്ത് ഭക്ഷണം കഴിച്ചു. അദ്ദേഹം പതിവിൽക്കൂടുതൽ ഉന്മേഷവാനായിരുന്നു. ഭക്ഷണത്തിനുശേഷം വെയിലാറിയ മരക്കൂട്ടങ്ങൾക്കിടയിലൂടെ പുൽത്തകിടിയിൽ ചവിട്ടിനടക്കാൻ അവൾ തീരുമാനിച്ചു. മുറ്റത്തേക്കിറങ്ങുംമുൻപ് അവൾ ഗ്രിം അമ്മാവന്റെ വീൽചെയറിൽ പിടിത്തമിട്ടുകൊണ്ട് ചോദിച്ചു:
''നമുക്കിവിടെയൊക്കെ ഒന്ന് ചുറ്റിവന്നാലോ?''
അമ്മാവൻ അത് കേൾക്കാൻ കൊതിച്ചപോലെ തലയാട്ടി.
സോഫി ഗ്രിം അമ്മാവനുമൊത്ത് അവിടമാകെ ചുറ്റിനടന്നു. സയൻസ് കളക്ഷൻ ബുക്കിലൊട്ടിക്കാൻ മഞ്ഞയും ഓറഞ്ചും കലർന്ന മേപ്പിളിലകൾ അവൾ പെറുക്കിയെടുത്തു. സോഫിയുടെ കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുന്ന ഇലകൾ കണ്ടെത്തിക്കൊടുത്ത് അമ്മാവനും അവളെ സഹായിച്ചു. കാറ്റിലടർന്നുവീഴുന്ന ഇലകൾ പെറുക്കാൻ സോഫി ഗ്രിം അമ്മാവന്റെ വീൽചെയർ ശ്രദ്ധയോടെ, അല്പം വേഗത്തിൽ അങ്ങോട്ട് പായിച്ചു. എന്തായാലും അമ്മാവന് ആ കളി നന്നേ ബോധിച്ചു. അമ്മാവനും അവളെപ്പോലൊരു കൊച്ചുകുട്ടിയായിമാറി. അവർ ഏറെനേരം അവിടെ ചെലവഴിച്ചു.
വെകുന്നേരം ഗ്രിം അമ്മാവന്റെ വീട്ടിൽനിന്ന് മടങ്ങുമ്പോൾ സോഫി ഏറെ ഉല്ലാസവതിയായിരുന്നു. ബീച്ചിൽ പോയിരുന്നെങ്കിൽ, ഇത്ര രസമുണ്ടാകില്ലായിരുന്നെന്ന് അവൾ അമ്മയുടെ ചെവിയിൽ പറഞ്ഞു. അമ്മാവനും ഏറെനാളുകൾക്കുശേഷം ശരിക്കും സന്തോഷിച്ചു. കാരി ഇടയ്ക്കിടെ പണിമുടക്കണേയെന്ന് ഗ്രിം അമ്മാവനെപ്പോലെ സോഫിയും ഇപ്പോൾ ആഗ്രഹിക്കാറുണ്ടുപോലും.
Content Highlights: Sophie's beach plan gets cancelled due to a visit to Grim Uncle's house.
Published: 24 Sept 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented