അളവറ്റ സമ്പത്തിന്റെ അധിപനാണ് കുബേരൻ. തനിക്കുള്ള സമ്പത്ത് എത്രത്തോളമുണ്ടെന്ന് എല്ലാവരേയും അറിയിക്കാൻ കുബേരൻ തീരുമാനിച്ചു. അങ്ങനെ ഒരുഗ്രൻ സദ്യ ഒരുക്കി.

To advertise here,

കുബേരൻ എല്ലാ ദേവൻമാരേയും ക്ഷണിച്ചു. ഒപ്പം പരമശിവനേയും. കുബേരന്റെ അഹങ്കാരം മനസ്സിലാക്കിയ ശിവൻ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു.

സദ്യയുടെ ദിവസമായി. ആയിരക്കണക്കിനാളുകൾ കുബേരന്റെ വീട്ടിലേക്ക് എത്തിത്തുടങ്ങി. അപ്പോഴുണ്ട് സാക്ഷാൽ ഗണപതിയും സദ്യക്കെത്തിയിരിക്കുന്നു. ''അച്ഛന് വരാൻ പറ്റാത്തത് കൊണ്ട് എന്നെ പറഞ്ഞു വിട്ടതാ!'', ഗണപതി പറഞ്ഞു.

വൈകാതെ ഗണപതി സദ്യ ഉണ്ണാൻ തുടങ്ങി. ഇനീം ഇനീം എന്നു പറയുമ്പോഴെല്ലാം വിഭവങ്ങൾ സേവകർ എത്തിച്ചു കൊണ്ടിരുന്നു. എന്നിട്ടോ?

ആ സദ്യയ്ക്കായി ഉണ്ടാക്കിയതെല്ലാം ഒറ്റയിരിപ്പിനു ഗണപതി കഴിച്ചു തീർത്തു! എന്നിട്ടും തൃപ്തിയാവാതെ, പന്തലിൽകണ്ട പാത്രങ്ങളും സാധനങ്ങളുമെല്ലാം എടുത്ത് വിഴുങ്ങാൻ തുടങ്ങി. ഗണപതിയുടെ വിശപ്പ് മാറിയില്ല. ഗത്യന്തരമില്ലാതെ കുബേരൻ സദ്യ തീർന്നുപോയ വിവരം ഗണപതിയെ അറിയിച്ചു. ''ഹും, വിളിച്ചു വരുത്തിയിട്ട് അപമാനിക്കുന്നോ? ഇത് ഞാൻ അച്ഛനെ അറിയിക്കുന്നുണ്ട്!'' ഗണപതി ദേഷ്യത്തോടെ അവിടെ നിന്നും സ്ഥലം വിട്ടു. ഗണപതിയെ സമാധാനിപ്പിക്കാനായി കുബേരനും പിറകേ ചെന്നു.

കൈലാസത്തിലെത്തിയ ഗണപതി അച്ഛനോട് പറഞ്ഞു: ''ഇതാണോ അച്ഛൻ പറഞ്ഞ വലിയ ധനവാൻ? എനിക്കു മതിയായ ഭക്ഷണം പോലും തരാൻ ഇയാൾക്കു കഴിഞ്ഞില്ല. എനിക്കിപ്പോഴും വിശക്കുന്നു!''

ഇതുകേട്ട് ശിവൻ ഗണപതിയെ സമാധാനിപ്പിച്ചു. എന്നിട്ട് കുബേരനോട് ചോദിച്ചു: ''എന്താ കുബേരാ, എന്റെ മകന് ഒരു നേരം കഴിക്കാനുള്ള ഭക്ഷണം പോലും താങ്കൾ സദ്യക്ക് ഒരുക്കിയില്ലേ?''

ശിവന്റെ പരിഹാസത്തിന്റെ അർത്ഥം കുബേരന് പിടികിട്ടി. അദ്ദേഹം ശിവന്റെ കാൽക്കൽ വീണ് മാപ്പു പറഞ്ഞു.