മാരിമുത്തുവിന്റെ പച്ചക്കറി കടയിൽ രണ്ട് കുട്ടകളുണ്ടായിരുന്നു. ഒരു കുട്ടയിൽ നിറയെ തുടുതുടുത്ത ചുവന്ന തക്കാളിയും മറ്റേ കുട്ടയിൽ വലിയ ഒരു ചേനയുമുണ്ടായിരുന്നു.
ചുവന്ന് തുടുത്ത തക്കാളിസുന്ദരികൾക്ക് വലിയ അഹങ്കാരമായിരുന്നു. തങ്ങളാണ് ലോകത്തിലെ ഏറ്റവും നല്ല സുന്ദരികൾ എന്ന ഭാവമായിരുന്നു തക്കാളികൾക്ക്. കുട്ടയിൽ കിടന്ന് അങ്ങോട്ടുമിങ്ങോട്ടുമുരുണ്ടു കളിച്ച തക്കാളി സുന്ദരികൾക്ക് ചേനച്ചേട്ടനെ ഒട്ടും പിടിച്ചില്ല. അവർ തമ്മിൽ തമ്മിൽ കുശുകുശുത്തു:
''ഛെ, ഈ ചൊറിയൻ ചേനച്ചേട്ടനെ കാണാൻ ഒട്ടും ചന്തമില്ല. ദേഹം നിറയെ മണ്ണുപുരണ്ടിരിക്കുന്നു. ചേനച്ചേട്ടന് അല്പം നീങ്ങിയിരുന്നുകൂടെ?''
ഇതുകേട്ട് ചേനയ്ക്ക് സങ്കടമായി. 'എന്തിനാണ് എന്നെ ഈ തക്കാളി സഹോദരിമാർ വെറുതെ കളിയാക്കുന്നത്?' പക്ഷേ, ചേന ഒന്നും പറയാതെ മിണ്ടാതിരുന്നതേയുള്ളൂ. തക്കാളികൾ തുള്ളിക്കളിച്ച് പാടി.
''ചൊറിയൻ ചേനേ കരിഞ്ചേനേ!
നിന്നെ കാണാൻ രസമില്ലേ
ഞങ്ങളെ ആൾക്കാർ പുഞ്ചിരി തൂകി
മെല്ലെയെടുപ്പതു കണ്ടില്ലേ!''
കടയിൽ ആളുകൾ വന്ന് തക്കാളി വാങ്ങിപ്പോവുന്നതുകണ്ട് തക്കാളിസുന്ദരികൾക്ക് ഉശിര് കൂടി. കുറച്ചുകഴിഞ്ഞപ്പോൾ പച്ചക്കറിക്കടക്കാരൻ മാരിമുത്തു ഒരു വലിയ കുമ്പളങ്ങ കൊണ്ടുവന്ന് തക്കാളിക്കുട്ടയിൽ ചാരിവച്ചു! ''ഹാവൂ, അയ്യോ ഞങ്ങളെ ഈ കുമ്പളങ്ങ ഞെക്കിഞെരിക്കുന്നേ!'' തക്കാളികൾ നിലവിളിച്ചു.
നിലവിളികേട്ട് ചേനച്ചേട്ടൻ നോക്കി. 'ങേ, തക്കാളികൾ അപകടത്തിലാണല്ലോ. അവരെ രക്ഷിക്കണം!' ചേന മെല്ലെ കുമ്പളങ്ങയെ തട്ടിനീക്കി അങ്ങനെ തക്കാളികൾ രക്ഷപ്പെട്ടു. തങ്ങളെ രക്ഷിച്ച ചേനച്ചേട്ടനോട് അവർ നന്ദി പറഞ്ഞു.
''തങ്ങൾ എത്ര കളിയാക്കിയിട്ടും പാവം ചേനച്ചേട്ടൻ നമ്മളെയൊന്നും പറഞ്ഞില്ല!'' ആപത്തിൽ രക്ഷിച്ച ചേനച്ചേട്ടനോട് തക്കാളികൾ ക്ഷമ ചോദിച്ചു. പിന്നീടൊരിക്കലും തക്കാളികൾ ചേനയെ കളിയാക്കിയിട്ടില്ല.
Content Highlights: Engaging Malayalam moral story featuring vegetables like tomatoes and yam
Published: 21 Oct 2026, 04:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented