പുഴക്കരയിലെ അരളിച്ചെടിയിൽ നിറയെ പൂക്കളാണ്. ഒരിക്കൽ കിട്ടനുറുമ്പ് അരളിച്ചെടിയിൽ വലിഞ്ഞു കയറി. എന്നിട്ടൊരു ഇലയിൽ കയറി നിന്ന് അരളിപ്പൂവിന്റെ പൂമ്പൊടി നുണയാൻ തുടങ്ങി.

To advertise here,

''ഹായ്, എന്തൊരു മധുരം!'', അപ്പോഴൊരു കാറ്റടിച്ചു. അതോടെ ഇല ഇളകി, കിട്ടൻ ദേ, താഴേക്ക് ഒറ്റ വീഴ്ച. കിട്ടൻ പേടിച്ച് കണ്ണ് രണ്ടും ഇറുക്കിയടച്ചു പോയി.

''കിട്ടാ പേടിക്കണ്ട. നീ വെള്ളത്തിൽ അല്ല വീണത്!'', അതു കേട്ട് കിട്ടൻ കണ്ണു തുറന്നു. അപ്പോഴാണവന് ശ്വാസം നേരെ വീണത്. പുഴയിൽ മുങ്ങിക്കിടന്ന പിപ്പൻ ഹിപ്പോയുടെ മൂക്കിൻ തുമ്പത്തായിരുന്നു അവൻ അപ്പോൾ. അല്പം പോലും നനയിക്കാതെ പിപ്പൻ കിട്ടനെ കരയിൽ എത്തിച്ചു. അന്നു മുതൽ പിപ്പനും കിട്ടനും നല്ല കൂട്ടുകാരായി.