കാട്ടിൽ പൂരം നടക്കുകയാണ്. കുരങ്ങുണ്ണിയുടെയും കൂട്ടുകാരുടെയും നാടകം കാണാൻ കാട്ടിലെ കൂട്ടരെല്ലാം പൂരപ്പറമ്പിൽ എത്തി. കുഞ്ഞിക്കരടിയെയും ഒക്കത്തിരുത്തി കരടിയമ്മയും വന്നു. ''നാടകം കണ്ടിട്ട് ഒത്തിരി നാളായി. ഇന്നെന്തായാലും ഞാനിത് കാണും!'', കരടിയമ്മ ചിരിച്ചു.

To advertise here,

''കാട്ടിലെ പൂരം പൊടിപൊടിച്ചു

കമ്പവും മേളവും തിന്തകത്തോം

മേമ്പൊടി പോലൊരു നാടകവും

പൂരപ്പറമ്പൊരു കടലുപോലെ!''

നാടകം ആരംഭിച്ചു. രാജാവായി കുരങ്ങുണ്ണി വേഷമിട്ടു. മേരു ഹിപ്പോ രാജ്ഞിയായി. ഭടന്മാരായി ഒരു കൂട്ടം മുയലുകൾ തുള്ളിച്ചാടി വന്നു. പകുതി സമയം കഴിഞ്ഞപ്പോൾ കൂട്ടത്തിൽ നിന്നൊരു കരച്ചിൽ. അമ്മക്കരടിയുടെ ഒക്കത്തിരുന്ന കുഞ്ഞിക്കരടി ഉറക്കെയുറക്കെ കരയുകയാണ്. ''ആശിച്ച് കാണാൻ വന്ന നാടകമാ. പൊന്നുമോൻ കരയാതിരിക്ക്!'' അമ്മക്കരടി പറയുന്നുണ്ട്. പക്ഷേ, കരച്ചിൽ കൂടിക്കൂടി വന്നു.

മറ്റു വഴിയൊന്നുമില്ലാതെ അമ്മക്കരടി കുഞ്ഞിനെയുമെടുത്ത് സങ്കടത്തോടെ പുറത്തേക്ക് നടന്നു. അപ്പോഴതാ വരുന്നു കുറുക്കത്തി. കൈയിൽ ഒരു കുമ്പിളിൽ വറുത്ത കടലയുണ്ട്. ഇലസഞ്ചിയിൽ പഞ്ചാരമിഠായിയുമുണ്ട്. കുറുക്കത്തി ഇല സഞ്ചിയും കുമ്പിളും കുഞ്ഞിക്കരടിക്ക് കൊടുത്തു. അതോടെ കരച്ചിൽ നിർത്തിയ കുഞ്ഞിക്കരടി നിലത്തിരുന്ന് മിടുമിടുക്കനായി കടല വറുത്തതും പഞ്ചാര മിഠായിയും കഴിച്ചു.

''കടലകൊറിച്ചു രസിച്ചു കുഞ്ഞൻ

മിഠായി നൊട്ടി നുണഞ്ഞു കുഞ്ഞൻ

പഞ്ചാരപ്പുഞ്ചിരിയോടെ കുഞ്ഞൻ

അവിടെയിരുന്നു കളി തുടങ്ങി!''

അവന്റെ കരച്ചിലടങ്ങിയതോടെ കരടിയമ്മയ്ക്ക് നാടകം മുഴുവനും കാണാൻ കഴിഞ്ഞു. കുഞ്ഞിക്കരടിയുടെ കരച്ചിൽ നിർത്തി നാടകം കാണാൻ സഹായിച്ചതിന് അമ്മക്കരടി കുറുക്കത്തിക്ക് നന്ദി പറഞ്ഞു.

''ഏതു പ്രശ്നത്തിൽ നിന്നും പുറത്തു കടക്കാൻ ഒരു നൂറായിരം വഴികളുണ്ട്. അതിലൊരു വഴിയെങ്കിലും നമ്മൾ കണ്ടെത്തണമെന്നു മാത്രം!'' കുറുക്കത്തി ചിരിച്ചു.