ചട്ടഞ്ചാൽ : റോഡരികിലുള്ള വീടിന്റെ ഇരുമ്പുഗേറ്റ് പട്ടാപ്പകൽ കവർന്നു. 18 ദിവസം മുൻപ് നടന്ന സംഭവത്തിൽ അല്പമകലെയുള്ള ബന്ധുവീട്ടിലെ സി.സി.ടി.വി. ദൃശ്യം തുമ്പുണ്ടാക്കി. സ്കൂട്ടറിലെത്തി ഗേറ്റ് ഇളക്കിയെടുത്തുകൊണ്ടുപോയ രണ്ടുയുവാക്കളിൽ ഒരാളെ മേൽപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു. കളനാട് കാംട്ടി ഹൗസിലെ കെ.എ. നാസിം (23) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടുകാരനാണ് ഒപ്പമുണ്ടായിരുന്നത്. ചട്ടഞ്ചാൽ അർബൻ സഹകരണ സൊസൈറ്റിയുടെ ചെമ്മനാട് മുണ്ടാങ്കുളം ബ്രാഞ്ചിലെ ജീവനക്കാരനായ വി.കെ. ജയനാരായണന്റെ കൂവത്തൊട്ടിയിലെ 'ശ്രീജനനി'എന്ന വീടിന്റെ ഗേറ്റാണ് ഒക്ടോബർ 27-ന് രാവിലെ 9.20-നും വൈകീട്ട് 5.20-നും ഇടയിൽ മോഷണം പോയിരുന്നത്. ചെറിയ ഇരുമ്പുഗേറ്റാണ് നഷ്ടപ്പെട്ടത്. സംഭവസമയം ജയനാരായണന്റെ വയോധികയായ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യ ഷീനാമോൾ നായന്മാർമൂല ടി.ഐ.എച്ച്.എസ്. സ്കൂൾ അധ്യാപികയാണ്. ജയനാരായണൻ വൈകീട്ട് സൊസൈറ്റിയിൽനിന്നും വീട്ടിലെത്തിയപ്പോഴാണ് ഗെയ്റ്റ് കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. ചെറിയ സംഭവമെന്ന് തോന്നിയതിനാൽ അന്ന് പോലീസിൽ പരാതിപ്പെട്ടില്ല. വീടിന്റെ വിളിപ്പാടകലെയുള്ള ഇളയമ്മ വി.കെ. ബേബിയുടെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ രണ്ടുദിവസം മുൻപ് വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അമ്പത് കിലോയോളം ഭാരമുള്ള ഇരുമ്പുഗേറ്റുമായി 27-ന് വൈകീട്ട് 3.45-ന് രണ്ടുയുവാക്കൾ കണ്ണോത്ത് റോഡിലൂടെ ചന്ദ്രഗിരി സംസ്ഥാനപാതയിലേക്ക് പോകുന്നത് വീടിന്റെ മുകൾനിലയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. മുൻപുണ്ടായ ഒരുകവർച്ചശ്രമത്തെ തുടർന്നാണ് ഈ വീട്ടിൽ സി.സി.ടി.വി. സ്ഥാപിച്ചത്. വെള്ളിയാഴ്ച രാവിലെ ജയനാരായണന്റെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. പഴയ സാമഗ്രികൾ എടുക്കുന്ന മേൽപ്പറമ്പിലെ കടയിൽനിന്ന് ഇരുമ്പുഗേറ്റ് കണ്ടെടുത്തതായി മേൽപ്പറമ്പ് എസ്.ഐ. ടി. അഖിൽ പറഞ്ഞു.
Published: 14 Nov 2026, 04:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented