രണ്ടരവർഷമായിട്ടും രണ്ട് പില്ലറുകൾ മാത്രം
പെരുമ്പടവ് : ചപ്പാരപ്പടവ് പഞ്ചായത്തിലെ മണാട്ടി പുഴയ്ക്ക് കുറുകെ കോടികൾ ചെലവിട്ട് നിർമിക്കുന്ന വിയർ കം ബ്രിഡ്ജിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് പ്രദേശത്തെ ജനങ്ങളെ യാത്രാദുരിതത്തിലാക്കുന്നു.
ജലവിഭവവകുപ്പ് ചെറുകിട ജലസേചനവിഭാഗം അധികൃതരുടെ മേൽനോട്ടത്തിൽ ആറുകോടി രൂപ ചെലവിലാണ് ബ്രിഡ്ജിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. 2024 ഫെബ്രുവരി 24-ന് അന്നത്തെ തളിപ്പറമ്പ് എം.എൽ.എ. എം.വി. ഗോവിന്ദനാണ് പ്രവൃത്തിക്ക് തറക്കല്ലിട്ടത്.
ഏറെവൈകിയാണ് പ്രവൃത്തി ആരംഭിച്ചത്. രണ്ടരവർഷം കഴിഞ്ഞിട്ടും പാലവും അനുബന്ധറോഡും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടുതൂണുകൾ മാത്രമാണ് പൂർത്തിയായത്. മറ്റ് പ്രവൃത്തികൾ എങ്ങും എത്തിയില്ല.
നിരവധിതവണ നാട്ടുകാർ പരാതികൾ പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. പാലത്തിനുവേണ്ടി പതിറ്റാണ്ടുകളായി ജനങ്ങൾ കാത്തിരിക്കുകയാണ്. മലയോരത്തെ ഗ്രാമങ്ങളായ മണാട്ടി, ബാലപുരം, കരിങ്കയം, മീമ്പറ്റി, തടിക്കടവ്, കോട്ടകടവ്, നെല്ലിപ്പാറ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പാലം.
വരൾച്ചബാധിതമേഖലയിൽ കൃഷിക്കുള്ള ജലസേചനസൗകര്യത്തിനും മണാട്ടി-കോട്ടകടവ്-നെല്ലിപ്പാറ റോഡിന് പാലമായും ഉദ്ദേശിച്ചാണ് ഇവിടെ വിയർ കം ബ്രിഡ്ജ് നിർമിക്കുന്നത്. നേരത്തേ ഇവിടെയുണ്ടായിരുന്ന തൂക്കുപാലം കാലപ്പഴക്കത്താൽ തകർച്ചയിലായിരുന്നു. പാലം നിർമാണം ആരംഭിച്ചതോടെ തൂക്കുപാലം ഒഴിവാക്കി. ഇതിനിടയിൽ പാലം നിർമാണം പാതിവഴിയിലായി. ഇതോടെ യാത്ര തടസ്സമായി. മണാട്ടിനിവാസികൾക്ക് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
Published: 14 Nov 2026, 04:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented