​കരിവെള്ളൂർ : നിർമാണം നടക്കുന്ന ദേശീയപാതയിലെ പാലങ്ങൾക്കിടയിലൂടെ ലോറി പുഴയിലേക്ക് മറിഞ്ഞു. പുണെയിൽനിന്ന് മലപ്പുറം തലപ്പാറയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കരിവെള്ളൂർ പാലത്തരയിൽ വ്യാഴാഴ്ച രാത്രി 11 മണിയ്ക്കാണ് സംഭവം. ലോറിയിൽ അശോകൻ, സുധീഷ് എന്നീ രണ്ട് ഡ്രൈവർമാരുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

To advertise here,

പാലത്തര പുഴയ്ക്ക് നിലവിലുള്ള പാലത്തിന്റെ ഇരുഭാഗത്തും രണ്ട് പുതിയ പാലങ്ങൾ നിർമിക്കുന്നുണ്ട്. പഴയ പാലത്തിനും കിഴക്കുഭാഗത്തെ പാലത്തിനും ഇടയിലുള്ള ഭാഗത്ത് നാലുമീറ്ററോളം വിടവുണ്ട്. പയ്യന്നൂർ ഭാഗത്തേക്കുള്ള വീതികൂടിയ റോഡ് ഇവിടെവെച്ച് വീതികുറഞ്ഞ് പാലത്തിൽ പ്രവേശിക്കുകയാണ് ചെയ്യുന്നത്. രണ്ട് പാലങ്ങൾക്കിടയിലുള്ള വിടവിന് ഒരു കോൺക്രീറ്റ് കട്ട മാത്രമേ തടസ്സമായിട്ടുണ്ടായിരുന്നുള്ളൂ. വളരെ അടുത്തെത്തിയാൽ മാത്രമേ ഇത് ശ്രദ്ധയിൽപ്പെടുകയുള്ളൂ. ഈ കട്ട തകർത്താണ് ലോറി 20 മീറ്ററോളം താഴേക്ക് പോയത്. ലോറിയുടെ മുൻഭാഗത്തെ ടയറുകൾ ചെളിയിൽതാഴ്ന്നുപോയതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. നിർമാണം നടക്കുന്ന സ്ഥലമായിട്ടുപോലും സൂചനാബോർഡുകൾ ഈ ഭാഗത്ത് ഉണ്ടായിരുന്നില്ല.