പെരിയ : അപകടങ്ങൾ ഒഴിയാത്ത മൂന്നാം കടവിന് സുരക്ഷിത പാതയൊരുക്കാൻ മൂന്നാംകടവിൽ നാട്ടുകാർ യോഗം ചേർന്നു. മൂന്നാംകടവുമായി അതിർത്തി പങ്കിടുന്ന പുല്ലൂർ-പെരിയയിലെയും ബേഡകത്തെയും ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. ഇനിയൊരു ദുരന്തം ഒഴിവാക്കാൻ റോഡിന്റെ അലൈൻമെൻറ് മാറ്റണമെന്ന് നാട്ടുകാർ ഏകസ്വരത്തിൽആവശ്യപ്പെട്ടു.

To advertise here,

മൂന്നാം കടവിനെ അപകടമുക്തമാക്കാൻ സുരക്ഷാനടപടികൾ വേണം. മൂന്നാംകടവ് ഇറക്കം തുടങ്ങുന്ന മുത്തനടുക്കം പുളിക്കാൽ മുതൽ പാലം വരെ റബ്ബർ ഹമ്പുകൾ സ്ഥാപിക്കണം. അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ വളവുകളിൽ വീതി കൂട്ടാനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന നിർദേശവും ഉയർന്നു. തീരുമാനങ്ങൾ എം.പി., എം.എൽ.എ., ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കു മുന്നിലെത്തിക്കാൻ തീരുമാനിച്ചു.

പുല്ലൂർ പെരിയ, ബേഡകം പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. സി.കെ. സബിത, ഇ. കുഞ്ഞിരാമൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എം.കെ. ബാബുരാജ്, കെ. രാധ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു പദ്‌മനാഭൻ, പഞ്ചായത്തംഗം എ. കാർത്ത്യായനി, കർമസമിതി കൺവീനർ ഫസൽ മൂന്നാംകടവ്, സുനിൽകുമാർ കൂവാര, മണികണ്ഠൻ കോളിക്കാൽ, ഗോപാലൻ കൂടാനം, എ. നാരായണൻ, പ്രവീൺ മിന്നംകുളം എന്നിവർ സംസാരിച്ചു.

പുതിയ അലൈൻമെന്റിനായി പരിശോധന നടത്തി

മൂന്നാംകടവിനെ അപകടരഹിതമാക്കാൻ നടപടികളുമായി ഉദ്യേഗസ്ഥരെത്തി. സുരക്ഷിത പാതയൊരുക്കുന്നതിന്റെ ഭാഗമായി പുതിയ അലൈൻമെന്റിനായി സ്ഥലനിർണയത്തിനുള്ള പ്രാഥമിക നടപടികൾ തുടങ്ങി. വെള്ളിയാഴ്ച ഉച്ചയോടെ പൊതുമരാമത്തുവകുപ്പിലെ അസി. എൻജിനീയർ സി. ബിജുവിന്റെ നേതൃത്വത്തിൽ പുതിയ അലൈൻമെൻറിനായുള്ള പരിശോധന നടത്തി. മൂന്നാംകടവിലെ അപകടഭീഷണിയേക്കുറിച്ച്‌ ‘മാതൃഭൂമി’ തുടർച്ചയായി റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ പരിശോധന.

മൂന്നാംകടവിൽ അപകടങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ എട്ടുമാസം മുമ്പ് പൊതുമരാമത്തുവകുപ്പിന്റെ ഡിസൈൻ കമ്മിറ്റി സ്ഥലം സന്ദർശിച്ച് പുതിയ അലൈൻമെന്റിന്റെ മാതൃക തയ്യാറാക്കിയിരുന്നു. ഇത് അടിസ്ഥാനപ്പെടുത്തിയാണ് വീണ്ടും സ്ഥലനിർണയം നടത്തുന്നത്. ഇതുസംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറഞ്ഞു.

അന്തിമമായി ഡിസൈൻ കമ്മിറ്റി സ്ഥലം സന്ദർശിച്ച്‌ തയ്യാറാക്കുന്ന രൂപരേഖയായിരിക്കും സ്വീകരിക്കുക. അതേസമയം വളവുകളിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിന് റോഡിന്റെ വലതുഭാഗത്ത് താത്‌കാലികമായി സ്ഥലം ലഭിക്കുന്നതിനായി സ്ഥലമുടമകളെ കർമസമിതിയുടെ നേതൃത്വത്തിൽ സമീപിക്കും. 26-ന് കെ. നീലകണ്ഠൻ എം.എൽ.എ. നിയമസഭയിൽ ഉന്നയിക്കുന്ന സബ്മിഷനിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് മൂന്നാംകടവിലെ നാട്ടുകാർ.