തകർന്ന് പുലിക്കുന്ന് ടൗൺ ഹാൾ - തെരുവത്ത് റോഡ്

To advertise here,

തളങ്കര : കാസർകോട് നഗരത്തോടു ചേർന്നുള്ള പുലിക്കുന്ന് ടൗൺ ഹാളിന് മുന്നിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും തകർന്നു. നഗരത്തിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ തളങ്കര, കൊറക്കോട്, തെരുവത്ത് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ കൂടുതലും ഉപയോഗപ്പെടുത്തുന്ന റോഡാണിത്. ഇരു ഭാഗത്തു നിന്നും വാഹനങ്ങൾ ഒരേ സമയത്ത് വന്നാൽ റോഡിലെ കുഴി കാരണം കടന്നു പോകാൻ പ്രയാസമാവുകയും കുഴിയിൽ അകപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

ഇരു ചക്ര വാഹനങ്ങൾക്കാണ് കൂടുതൽ പ്രയാസം അനുഭവപ്പെടുന്നത്. ഒട്ടേറെ സ്കൂൾ വാഹനങ്ങളും ഈ വഴി കടന്നു പോകുന്നുണ്ട്. തെരുവത്ത് സിറാമിക്സ് റോഡും മുഴുവനായും തകർന്ന് കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. നഗരസഭയിലെ നിരവധി വാർഡുകൾ കൂട്ടിമുട്ടുന്ന പ്രദേശമായിട്ടും ഈ പ്രദേശത്തു നിന്നും കൂടുതൽ പ്രതിനിധികൾ കാസർകോട് നഗരസഭയിലായിട്ടും മാസങ്ങളായി തകർന്നനിലയിലുള്ള ഈ റോഡ് നന്നാകാത്തതെന്തേ എന്ന ചോദ്യമാണ് നാട്ടുകാരിൽ നിന്നും ഉയരുന്നത്.

തളങ്കര പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. തെരുവത്ത് വഴി ബാങ്കോട് , ജദീദ് റോഡ്, മാലിക് ദീനാർ പോകുന്നവരും കൊറക്കോട്, പുലിക്കുന്ന് വഴി കാസർകോട് നഗരത്തിലേക്ക് യാത്ര ചെയ്യുന്നവരും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. കൊറക്കോട് ക്ഷേത്രത്തിലേക്കും നിത്യേന നൂറുകണക്കിന് ആളുകൾ ഈ വഴി കടന്നുപോകുന്നുണ്ട്. അധികൃതർ എത്രയും പെട്ടെന്ന് ഈ റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തി പൊതു ജനങ്ങളുടെ ബുദ്ധിമുട്ടിനു അറുതി ഉണ്ടാക്കണമെന്നാണ് ആവശ്യം.