പൊയിനാച്ചി : ദേശീയപാതാ സർവീസ് റോഡിന്റെ പൊയിനാച്ചി ടൗണിലെ അവസാനഘട്ട പ്രവൃത്തികൾ തുടങ്ങി രണ്ടു ദിവസത്തിനകം കരാർ കമ്പനി നിർത്തിവെച്ചു. ഇതോടെ ദുരിതം പേറുകയാണ് യാത്രക്കാരും ബന്തടുക്ക റോഡിലെ വ്യാപാരികളും.
പൊയിനാച്ചി ടൗണിൽനിന്ന് മലയോരത്തേക്കുള്ള ബന്തടുക്ക റോഡിന്റെ പ്രവേശനകവാടം 10 ദിവസം പൂർണമായി അടച്ചിട്ട് നിർമാണം നടത്താനായിരുന്നു കരാർകമ്പനി ശ്രമിച്ചിരുന്നത്. ഇതിനായി വാഹനങ്ങൾ മയിലാട്ടി ദേശീയപാതയിൽനിന്ന് കൂട്ടപ്പുന്ന-കരിച്ചേരി സ്കൂൾ-പറമ്പ് റോഡുവഴി തിരിച്ചുവിടാനാൻ നിർദേശിച്ചിരുന്നു.
എന്നാൽ, പരിശോധന നടത്തിയ കാസർകോട് ആർ.ടി.ഒ. സ്റ്റേജ് ക്യാരേജ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിന് ആർ.ടി.എ. യോഗം ചേർന്നുള്ള ഉത്തരവ് വേണമെന്ന് വ്യക്തമാക്കി.
ഇതോടെ, കഴിഞ്ഞ തിങ്കളാഴ്ച മുതൽ 10 ദിവസം ബന്തടുക്ക റോഡ് അടച്ചിടുന്നത് ഒഴിവാക്കി കരാറുകാർ രാത്രി മാത്രം നിർമാണം നടത്തി. ബന്തടുക്ക റോഡിന്റെ പ്രവേശന ഭാഗം 30 മീറ്റർ നീളത്തിൽ കിളച്ചെടുത്ത് താഴ്ത്തിയിരിക്കുകയാണിപ്പോൾ.
വി.ഒ.പി. താഴെ; റോഡ് ഉയരത്തിൽ
:നിർമാണത്തിലെ അശാസ്ത്രിയതയാണ് പൊയിനാച്ചി ടൗൺ ഇപ്പോൾ അനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയുടെ ആദ്യഘട്ട അലൈൻമെന്റിൽ പൊയിനാച്ചി ടൗണിൽ ലൈറ്റ് വെഹിക്കിൾ അണ്ടർപാസാണ് അനുവദിച്ചിരുന്നത്. ടൗണിൽ ബന്തടുക്ക റോഡിൽനിന്ന് 200 മീറ്റർ വടക്കുമാറിയാണ് അടിപ്പാത അടയാളപ്പെടുത്തിയിരുന്നത്.
സർവീസ് റോഡിലൂടെ അടിപ്പാത കടന്ന് തിരിച്ച് സർവീസ് റോഡിലൂടെ വന്ന് വാഹനങ്ങൾ ബന്തടുക്ക റോഡിൽ പ്രവേശിക്കണമായിരുന്നു. നാട്ടുകാരും മലയോര ജനതയും ഇതിനെതിരേ ഒറ്റക്കെട്ടായി 2022 ഡിസംബർ 26-ന് സമരം തുടങ്ങി. അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം സമരപ്പന്തലിൽ എത്തിയിരുന്നു.
വലിയ പിന്തുണയും സമ്മർദവും വന്നതോടെ 60-ാം ദിവസം ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ അടിപ്പാതയ്ക്കുപകരം വെഹിക്കിൾ ഓവർ പാസ് (വി.ഒ.പി.) അനുവദിച്ചതോടെയാണ് സമരം പിൻവലിച്ചത്.
ബന്തടുക്ക റോഡിന് അഭിമുഖമായി ഇപ്പോൾ നിർമിച്ച വി.ഒ.പി. ബന്തടുക്ക റോഡിൽനിന്ന് താഴ്ന്നാണുള്ളത്. മഴക്കാലത്ത് ബന്തടുക്ക റോഡിൽനിന്ന് മഴവെള്ളം ഒലിച്ചെത്തി വി.ഒ.പി. യിൽ കെട്ടിക്കിടന്ന് ചെളി നിറയുന്നു.
കഴിഞ്ഞ രണ്ട് കാലവർഷത്തിലും നാട്ടുകാർ ഇതിന്റെ ദുരിതം നേരിട്ടറിഞ്ഞവരാണ്.
വി.ഒ.പി.യിൽ നടപ്പാതയില്ല
:കർണാടകയിലെ സുള്ള്യയുമായി ബന്ധിപ്പിക്കുന്ന അന്ത:സംസ്ഥാന പാതയാണ് ബന്തടുക്ക റോഡ്. ഈ പരിഗണന ദേശീയപാതാ അധികൃതർ നിർമാണത്തിന് മുൻപും പിൻപും മുഖവിലക്കെടുത്തില്ല. 80 കോടിയിൽപരം രൂപ ചെലവിൽ കിഫ്ബിയിൽ നവീകരിച്ച റോഡാണിത്. ദേശീയപാതാ തലപ്പാടി-ചെങ്കള റീച്ചിൽ ഹൊസങ്കടി ജങ്ങ്ഷനിലും ബന്തിയോടും ഊരാളുങ്കൽ വി.ഒ.പി. നിർമിച്ചിട്ടുണ്ട്.
നല്ല വീതിയിലും നടപ്പാത ഉൾപ്പെടെയുള്ള സൗകര്യത്തോടെയുമാണിത്. എന്നാൽ, പൊയിനാച്ചി വി.ഒ.പി. യ്ക്ക് കേവലം 12 മീറ്ററിൽ താഴെ വീതിയിലാണുള്ളത്.
കേരളത്തിൽ തന്നെ ഏറ്റവും ചെറിയ വി.ഒ.പി. കളിൽ ഒന്നായിരിക്കും ഇത്. സർവീസ് റോഡ് സുഗമമാക്കി പാലത്തിൽ ട്രാക്ക് വരച്ചാൽ ടൗണിലെത്തുന്ന യാത്രക്കാർ റോഡിൽകൂടി നടന്നുപോകേണ്ടിവരും.
ബന്തടുക്ക റോഡിന്റെ ഭാഗം താഴ്ത്തി പരിഹാരം
:വി.ഒ.പി.യുടെ നിരപ്പിൽ ബന്തടുക്ക റോഡും താഴ്ത്തി പരിഹാരമുണ്ടാക്കാനാണ് കരാറുകാരുടെ ശ്രമം. ഇതിനായി 30 മീറ്റർ നീളത്തിൽ റോഡ് താഴ്ത്തിയെങ്കിലും അറ്റത്ത് മറ്റൊരു കുത്തനെയുള്ള കയറ്റം രൂപപ്പെട്ടിരിക്കുകയാണ്. ഇത് പരിഹരിക്കാതെ പ്രവൃത്തികൊണ്ട് ഫലമുണ്ടാകില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. റോഡ് പൂർണമായി അടച്ചാൽ 10 ദിവസത്തിനകം പണി തീരുമെന്നാണ് കരാറുകാർ പറയുന്നത്. ഇക്കാര്യത്തിൽ തീരുമാനം നീളുന്നതിനാൽ പണി താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഒരു ഭാഗം മാത്രമായി ഗതാഗതം അനുവദിച്ചുള്ള നിർമാണവും ആലോചനയിലുണ്ട്.
റോഡിലെ പൊടിശല്യം മൂന്നുദിവസമായി ടൗണിലെ വ്യാപാരികളെ ബാധിച്ചിരിക്കുകയാണ്. വെള്ളം നനയ്ക്കാൻ പോലും കരാറുകാർ നടപടിയെടുക്കാത്തതിനാൽ കിളച്ചെടുത്ത റോഡിൽ വ്യാപാരികൾതന്നെ വെള്ളം ഒഴിച്ചാണ് പൊടിശല്യം തടയുന്നത്. ടൗണിൽ ദേശീയപാതാ സർവീസ് റോഡിന്റെയും വെഹിക്കിൾ ഓവർ പാസി (വി.ഒ.പി.) ന്റെയും ഉപരിതലം പുതുക്കി ദുരിതത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 14 Sept 2026, 01:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented